| Monday, 5th December 2022, 10:51 pm

വേട്ടക്കാര്‍ക്കൊപ്പം ചേരുന്ന നായകന്‍, ടീച്ചറിലെ സുജിത്തായി ഹക്കിം ഷാ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അതിരനുശേഷം വിവേക് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ടീച്ചര്‍. അമല പോള്‍ നായികയാകുന്ന ചിത്രം ഡിസംബര്‍ രണ്ടിനാണ് തിയേറ്ററുകളില്‍ എത്തിയത്. ഹക്കിം ഷാ, മഞ്ജുപിള്ള, ചെമ്പന്‍ വിനോദ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എല്ലാകാലത്തും പ്രസക്തമായ വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നത്.

ചിത്രത്തില്‍ നായികയായി എത്തുന്ന അമല പോളിന്റെ ദേവിക എന്ന കഥാപാത്രത്തിന്റെ ഭര്‍ത്താവാണ് ഹക്കിം ഷാ അവതരിപ്പിക്കുന്ന സുജിത്. സിനിമയില്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും അധികം റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കഥാപാത്രവും അതുതന്നെയാണ്. സുജിത്ത് പലപ്പോഴും ദേവികയോട് ചോദിക്കുന്ന ചോദ്യങ്ങള്‍, നമ്മുടെ സമൂഹത്തെ പ്രതിനിധീകരിക്കുന്നതാണ്. അതുകൊണ്ടുതന്നെ സിനിമയില്‍ സമൂഹത്തിന്റെ പ്രതിനിധിയായി നമുക്ക് ഹക്കിം ഷായുടെ കഥപാത്രത്തെ കാണാന്‍ സാധിക്കും.

ഇരയെ കുറ്റപ്പെടുത്തുക (victim blamming) എല്ലാകാലത്തും നമ്മുടെ സമൂഹത്തിന്റെ സ്വഭാവമാണ്. ക്രൂരമായ പീഡനത്തിന് ഇരയായി ഗര്‍ഭിണിയായ തന്റെ ഭാര്യയോട്, മറ്റൊരുത്തന്റെയും കുഞ്ഞിനെ എന്റെ തലയില്‍ കെട്ടിവയ്‌ക്കേണ്ട എന്നു പറയുന്നുണ്ട് സുജിത്്്്. പരമ്പരാഗതമായ ആണ്‍ ബോധത്തെ തുറന്നുകാട്ടുന്ന ഡയലോഗാണത്. അതേസമയം തന്റെ പങ്കാളിയുടെ വേദന തിരിച്ചറിയാനോ, അവളെ ചേര്‍ത്തു പിടിക്കാനോ അയാള്‍ ശ്രമിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.

എന്നാല്‍ തൊട്ടടുത്ത് വരുന്ന സീനുകളില്‍ എന്തുകൊണ്ടാണ് അയാള്‍ ഇങ്ങനെയൊക്കെ പറയുന്നത് എന്നതിന്റെ ഉത്തരം പ്രേക്ഷകന് ലഭിക്കുന്നു. അതിന്റെ കാരണം സമൂഹമാണ് എന്ന് നമുക്ക് മനസിലാക്കാം. സമൂഹത്തില്‍ നിന്നും ഉയര്‍ന്നു വരാന്‍ സാധ്യതയുള്ള ചോദ്യങ്ങളെ ഭയന്നാണ് ആ കഥാപാത്രം ജീവിക്കുന്നത്.

വിക്ടിം ബ്ലെയിമിങ്ങിനെ കുറിച്ച് പറയുമ്പോള്‍ പലപ്പോഴും നമ്മള്‍ ചര്‍ച്ച ചെയ്യാതെ പോകുന്ന ഒരു കാര്യമാണ് ഇരകളുടെ കുടുംബം അനുഭവിക്കുന്ന വേദന, അവര്‍ അനുഭവിക്കുന്ന സാമൂഹിക സംഘര്‍ഷങ്ങള്‍. പിന്നീട് സിനിമയില്‍ സുഹൃത്തുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും സുജിത്ത് കളിയാക്കലുകള്‍ വാങ്ങിക്കൂട്ടുന്ന സീനുമുണ്ട്. ഒരുപക്ഷേ അവയൊക്കെ പേടിച്ചിട്ടായിരിക്കണം അയാള്‍ ഇത്തരത്തിലൊക്കെ പ്രതികരിക്കുന്നത്.

നീ എന്റെ ഒപ്പം നില്‍ക്കണം നമുക്ക് കേസ് കൊടുക്കാം എന്ന് പങ്കാളി പറയുമ്പോള്‍ ‘കാലു പിടിക്കാം നീ കേസ് കൊടുക്കരുത്’ എന്ന് പറയുന്ന സുജിത്തിന്റെ നിസ്സഹായവസ്ഥ, ഒരുപക്ഷേ ഈ സമൂഹത്തിന്റെ ഉല്‍പ്പന്നമാണ്. എന്നാല്‍ ഒരു തരത്തിലും ആ നിലപാട് ന്യായീകരിക്കാന്‍ കഴിയുന്നതല്ല.

പൊലീസ് സ്റ്റേഷനിലും കോടതിയിലും കേള്‍ക്കേണ്ടിവരുന്ന ചോദ്യങ്ങളെ കുറിച്ചും, നേരിടേണ്ടിവരുന്ന അപമാനങ്ങളെക്കുറിച്ചും അയാള്‍ തന്റെ ഭാര്യയെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. കുറ്റക്കാരി ദേവിക അല്ല എന്ന് അയാള്‍ക്ക് അപ്പോഴും തിരിച്ചറിയാന്‍ പറ്റിയിട്ടില്ല. ഒരു സീനില്‍ ‘അവള്‍ അവിടെ പോയിട്ടല്ലേ’ എന്നു പോലും അയാള്‍ ചോദിക്കുന്നുണ്ട്.

‘നിന്റെ അനിയത്തിയുടെ കല്യാണം എങ്ങനെ നടക്കും’ എന്ന് ദേവികയോട് സുജിത്ത് ചോദിക്കുന്നുണ്ട്. പീഡനത്തിനിരയായ ഏതൊരു പെണ്‍കുട്ടിയും സ്ത്രീയും എപ്പോഴും കേള്‍ക്കേണ്ടിവരുന്ന ചില ചോദ്യങ്ങളാണിവ. സിനിമയില്‍ സുജിത്ത് നിരന്തരം ദേവികയോട് ഇതേ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട്.

ആ കഥാപാത്രത്തെ വളരെ കണ്‍വീന്‍സിങ്ങായി തന്നെയാണ് ഹക്കിം അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഏറ്റവും മികച്ച പ്രകടനം എന്നു പറയാവുന്നതല്ല. ചില ഇമോഷണല്‍ സീനുകളൊന്നും പ്രേക്ഷകരില്‍ ഒരു ചലനവും സൃഷ്ടിക്കുന്നില്ല. സിനിമയുടെ അവസാനം സുജിത്തിനുണ്ടാകുന്ന മാനസാന്തരം ഒരുതരത്തിലും പ്രേക്ഷകന് റിലേറ്റ് ചെയ്യാന്‍ പറ്റുന്നില്ല. സുജിത്തിന്റെ അമ്മയായ ബാറ്റണ്‍ കല്യാണിയുടെ കയ്യില്‍ നിന്നും മുഖത്തിന് ഒരു അടി കിട്ടിയപ്പോള്‍ എങ്ങനെയാണ് അയാളിലെ ആണ്‍ ബോധത്തിന്, പൊതുബോധത്തിന് മാറ്റം വന്നതെന്ന് പ്രേക്ഷകര്‍ ചിന്തിച്ചു പോകുന്നു.

content highlight: charactersticts of sujith in teacher movie

We use cookies to give you the best possible experience. Learn more