പല ലെയറുകളുള്ള പല തരത്തില്‍ വ്യാഖ്യാനിക്കാന്‍ പറ്റുന്ന മലയാള സിനിമാചരിത്രത്തില്‍ തന്നെ ഒരു ഗംഭീര സൃഷ്ടിയാണ് റോഷാക്ക്. മമ്മൂട്ടി നായകനായ ചിത്രം വേറിട്ട പ്രതികാര പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. ഗ്രേ ഷേഡിലാണ് ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളേയും അവതരിപ്പിച്ചിട്ടുള്ളത്.
അവര്‍ ചെയ്യുന്നതിനും പറയുന്നതിനും പല തരത്തിലുള്ള അര്‍ത്ഥങ്ങള്‍ വ്യാഖ്യാനിച്ച് എടുക്കാം. ചിത്രത്തിലെ ഏറ്റവും ടെററായ കഥാപാത്രം ലൂക്ക് തന്നെയാണ്. ഒരു നാടിനെ മുഴുവനുമാണ് അയാള്‍ തന്റെ പ്രതികാരത്തിനായി ഉപയോഗിച്ചത്. അങ്ങനെയുള്ള ലൂക്കിനെ പറഞ്ഞ് പറ്റിച്ച ഒരു കഥാപാത്രം റോഷാക്കിലുണ്ട്. സുജാതയുടെ അമ്മ.
വിധവയായ മകളെയും തളര്‍ന്നു കിടക്കുന്ന ഭര്‍ത്താവിനേയും ഓര്‍ത്തു ദുഖിക്കുന്ന അമ്മയാണ് ഇവര്‍. തളര്‍ന്നുകിടക്കുന്നതിന് മുമ്പുള്ള ഭര്‍ത്താവിന്റെ ഉപദ്രവങ്ങള്‍ ലൂക്കിനോട് വിവരിക്കുന്ന സുജാതയുടെ അമ്മയെ ചിത്രത്തില്‍ കാണാം. ഡിവോഴ്‌സിന് നോക്കാന്‍ മേലായിരുന്നോ എന്നാണ് ലൂക്ക് അവരോട് ചോദിക്കുമ്പോള്‍ അതൊക്കെ കാശുള്ള വീട്ടിലല്ലേ നടക്കൂ എന്നാണ് അവര്‍ പറയുന്നത്.
സുജാതയുടെ അമ്മ പറയുന്നത് പെണ്ണെന്നാല്‍ ബാധ്യതയാണെന്നാണ്, ആരായാലും അത് ഇറക്കിവെക്കാനേ നോക്കൂ. കെട്ടിക്കഴിഞ്ഞാല്‍ ഭര്‍ത്താവിന്റെ കാല്‍ക്കീഴിലാണ് പെണ്ണിന്റെ സ്വര്‍ഗവും നരഗവുമെല്ലാം. അവിടെ ജീവിച്ചു തീര്‍ത്തോണം ബാക്കി, സുജാതയുടെ അമ്മയുടെ ഈ വാക്കുകള്‍ കേട്ടാണ് സുജാതയെ കല്യാണം കഴിച്ച് ഉപദ്രവിച്ച് ദിലീപിനെ വേദനിപ്പിക്കാം എന്ന ഐഡിയ ലൂക്കിന് വരുന്നത്.
ഉടന്‍ തന്നെ അയാള്‍ സുജാതയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിക്കുന്നു. മകള്‍ക്ക് വന്ന സൗഭാഗ്യം തിരിച്ചറിയുന്ന അമ്മ അവളെ വിവാഹത്തിന് പ്രേരിപ്പിക്കുകയാണ്. എന്നാല്‍ സുജാത വഴങ്ങില്ലെന്ന് മനസിലായതോടെ ലൂക്ക് തന്ത്രപൂര്‍വം സീതയെ അവിടേക്ക് പറഞ്ഞ് പിരി കേറ്റി വിടുന്നു. അവിടെ ലൂക്കിന്റെ തന്ത്രം ഫലിക്കുന്നു. സീതയോടുള്ള വാശിക്ക് സുജാത വിവാഹത്തിന് സമ്മതിക്കുന്നു.
എന്നാല്‍ ലൂക്കിന്റെ തനിനിറം മനസിലാക്കുന്ന സുജാത പിന്നീട് അയാളെ ഉപേക്ഷിക്കുകയാണ്. മകളുടെ ദുരനുഭവങ്ങള്‍ അറിഞ്ഞ അമ്മ അവളോടൊപ്പം നില്‍ക്കാന്‍ തീരുമാനിക്കുന്നു. സുജാതയെ തിരികെ വിളിക്കാന്‍ ലൂക്ക് വരുമ്പോള്‍ അവള്‍ക്ക് ഈ ബന്ധത്തില്‍ താല്‍പര്യമില്ലെന്ന് അമ്മ തുറന്ന് പറയുന്നു. ഇവിടെ ഡിവോഴ്‌സില്ലെന്ന് അമ്മയല്ലേ പറഞ്ഞത് എന്ന് ലൂക്ക് ചോദിക്കുമ്പോള്‍ അങ്ങനെ പറഞ്ഞാല്‍ ഇപ്പോഴത്തെ പിള്ളേര്‍ മടല് വെട്ടി അടിക്കുമെന്നാണ് അവരുടെ മറുപടി.
ഭര്‍ത്താവിന്റെ കാല്‍ക്കീഴിലായിരിക്കും പെണ്ണിന്റെ സ്വര്‍ഗവും നരഗവും എന്ന സുജാതയുടെ അമ്മയുടെ വാക്കുകള്‍ വിശ്വസിച്ച ലൂക്ക് ഇളിഭ്യനാവുന്നു. ഗള്‍ഫില്‍ കൊണ്ടുപോകാമെന്ന ഐഡിയ ലൂക്ക് മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും സതീശനില്‍ നിന്നും ലൂക്കിന്റെയും ദിലീപിന്റെയും കഥകളെല്ലാം അറിയുന്ന സുജാത ഇനി വരില്ലെന്ന സത്യം അയാള്‍ തന്നെ മനസിലാക്കുന്നു. വാസ്തവത്തില്‍ ചിത്രത്തിലെ നിഷ്‌കളങ്കയായ ഏക കഥാപാത്രം സുജാതയുടെ അമ്മയാണ്. എന്നാല്‍ അവരുടെ വാക്ക് കേട്ട് ചെയ്ത ഒരു നീക്കം ലൂക്കിന് തെറ്റിപ്പോവുന്നുണ്ട്.
ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ശ്രീജ രവിയാണ് സുജാതയുടെ അമ്മയെ ചിത്രത്തില്‍ അവതരിപ്പിച്ചത്. വളരെ രസകരമായ ഒരു കഥാപാത്രനിര്‍മിതിയായിരുന്നു ഇവരുടേത്. അത് അവര്‍ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. മരുമോന്‍ സാറേ എന്നുള്ള വിളിയും ഗള്‍ഫിലെ ദുബായിയാണോ എന്നുള്ള ചോദ്യവുമൊക്കെ കേള്‍ക്കാന്‍ രസകരമായിരുന്നു.
Content Highlight: characterstics of sujatha’s mother in rorschach