അഭിനയിക്കുന്ന ചിത്രങ്ങളിലെല്ലാം തന്റെ റോളുകള്‍ ഗംഭീരമാക്കാനും അത് പ്രേക്ഷകര്‍ ഓര്‍ത്ത് വെക്കാനും മാത്രം പ്രകടനം നടത്താനും സുധി കോപ്പ എന്ന നടന് പ്രത്യക കഴിവുണ്ട്. സാഗര്‍ ഏലിയാസ് ജാക്കി, റോബിന്‍ ഹുഡ്, മമ്മി ആന്‍ഡ് മീ, സീനിയേഴ്‌സ് തുടങ്ങിയ ചിത്രങ്ങളിലെ ചെറിയ വേഷങ്ങളിലൂടെ തുടങ്ങിയ സുധി പിന്നീട് ചുരുങ്ങിയ സമയം കൊണ്ട് പ്രധാന കഥാപാത്രങ്ങളിലേക്കുമെത്തി.
സപ്തമ ശ്രീ തസ്‌കരയിലെ ഗീവര്‍ഗീസും, ആടിലെ കഞ്ചാവ് സോമനും, ജോസഫിലെ സുധി കൈപ്പുഴയും, ലവിലെ സുഹൃത്തും മുതല്‍ അടുത്തിടെ ഇറങ്ങിയ പ്രിയന്‍ ഓട്ടത്തിലാണ് എന്ന ചിത്രത്തിലെ ഷമീറും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന സുധിയുടെ പ്രകടനങ്ങളാണ്. ഈ കൂട്ടത്തിലേക്കാണ് ഇലവീഴാപൂഞ്ചിറയിലെ സുധിയും കടന്നുവരുന്നത്.
സൗബിന്‍ ഷാഹിര്‍ നായകനായ ഇലവീഴാപൂഞ്ചിറ ഒറ്റപ്പെട്ട സ്ഥലത്തെ പൊലീസുകാരുടെ കഥയാണ് പറയുന്നത്. സമുദ്രനിരപ്പില്‍ നിന്നും 3500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന, മനുഷ്യര്‍ക്ക് അത്ര എളുപ്പത്തില്‍ കടന്നു ചെല്ലാന്‍ സാധിക്കാത്ത പ്രദേശമാണ് ഈ സിനിമയിലെ ഇലവീഴാപൂഞ്ചിറ. മാത്രവുമല്ല എത്തിപ്പെടുന്നവര്‍ക്ക് മുമ്പില്‍ നിരവധി അപകടങ്ങളും പതിഞ്ഞിരിപ്പുണ്ട്.
ചിരിയില്‍ പോലും വിഷാദമുള്ള നിരാശനായ മനുഷ്യനാണ് സൗബിന്‍ അവതരിപ്പിച്ച മധു. എന്നാല്‍ ഇതിന് നേരെ വിപരീതമാണ് സുധി കോപ്പയുടെ സുധി. ഇലവീഴാപൂഞ്ചിറയിലെ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഇരുവരും.
ഒഴിവുസമയങ്ങളെ പാട്ടും ഡാന്‍സും കളിച്ച്, ചീട്ട് കളിച്ച് അയാള്‍ ഉല്ലാസകരമാക്കുന്നുണ്ട്. എപ്പോഴും മുഖത്ത് ചിരിയുള്ള, ജോളിയായി സംസാരിക്കുന്ന, സ്ത്രീകളോട് കമ്പമുള്ള കഥാപാത്രമാണ് സുധി. ഒരു കേസ് അന്വേഷണവുമായി അവിടെ എത്തുന്ന പൊലീസ് സംഘത്തിലെ സ്ത്രീയോട് സുധി വളരെ താല്‍പര്യത്തോടെയാണ് സംസാരിക്കുന്നത്.
ഇലവീഴാപൂഞ്ചിറ കാണാനെത്തുന്ന കമിതാക്കളുടെ സ്വകാര്യ നിമിഷങ്ങള്‍ ബൈനോക്കുലറിലൂടെ നോക്കി രസിക്കുമ്പോള്‍ അയാളുടെ മുഖത്തെ കാമം സുധി അനായാസം പ്രതിഫലിപ്പിക്കുന്നുണ്ട്. പരിചയപ്പെടുന്നവരുമായി പെട്ടെന്ന് അടുക്കുന്ന, ആര്‍ക്കും ഇഷ്ടപ്പെടുന്ന സുധി എന്ന കഥാപാത്രവും പിന്നീട് ആ കഥാപാത്രത്തിന് വരുന്ന ട്രാന്‍സ്ഫര്‍മേഷനുകളും മനോഹരമായാണ് സുധി ഇലവീഴാപൂഞ്ചിറയില്‍ അവതരിപ്പിച്ചത്.
Content Highlight: characterstics of sudhi in ela veezha poonjira