സ്വയം പരാതി എഴുതി വാങ്ങി സസ്‌പെന്‍ഷനിലാവുക, നായകനെ തല്ലിയിട്ട് അവന്റെ തന്നെ കല്യാണത്തിന് പോവുക; എന്തൊരു തങ്കപ്പെട്ട വില്ലന്‍ | D Movies
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

 

തിയേറ്ററുകളില്‍ വലിയ തരംഗം തീര്‍ത്ത തല്ലുമാല ഒ.ടി.ടിയിലും റിലീസ് ചെയ്തിരിക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സില്‍ സെപ്റ്റംബര്‍ 11ന് റിലീസ് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായിരിക്കുകയാണ്. ചിത്രത്തിലെ തല്ലിനെ കുറിച്ചും കഥാപാത്രങ്ങളെ പറ്റിയും നിരവധി ചര്‍ച്ചകളാണ് നടക്കുന്നത്.

ഒ.ടി.ടിയിലെത്തിയപ്പോള്‍ പ്രേക്ഷകരെ ആകര്‍ഷിച്ച താരമായിരിക്കുന്നത് ഷൈന്‍ ടോം ചാക്കോയാണ്. ഇത് എന്തൊരു തങ്കപ്പെട്ട വില്ലനാണെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. നല്ല തല്ലുകൊള്ളിത്തരം കയ്യിലുള്ള പൊലീസുകാരാണ് ഷൈന്‍ അവതരിപ്പിച്ച റെജി. എന്നാല്‍ മുട്ടന്‍ പണി കിട്ടയപ്പോള്‍ പെട്ടെന്നങ്ങ് നന്നാവുകയും ചെയ്തു.

മാല പൊട്ടിച്ച കേസില്‍ പ്രതിയെന്ന് തെറ്റിദ്ധരിച്ച് പരാതിക്കാരിയുടെ ഭര്‍ത്താവിനെ തല്ലുന്ന റെജി തെറ്റ് മനസിലാക്കുമ്പോള്‍ അയാളെ കൊണ്ട് തന്നെ തനിക്കെതിരെ പരാതി എഴുതി വാങ്ങി സസ്‌പെന്‍ഷനിലാവുന്നുണ്ട്. പണി കിട്ടുമെന്നറിഞ്ഞിട്ടും ഇതുപോലെ ന്യായത്തിന്റെ ഭാഗത്ത് നിന്ന മറ്റൊരു പൊലീസുകാരന്‍ മലയാള സിനിമയുടെ ചരിത്രത്തിലുണ്ടാവുമെന്ന് തോന്നുന്നില്ല.

ഒരു കയ്യബദ്ധത്തിലൂടെയാണ് നായകനായ വസീമുമായി റെജിക്ക് ഏറ്റുമുട്ടേണ്ടി വന്നത്. എന്നാല്‍ തന്റെ തെറ്റ് തിരുത്തി നായകനോട് തന്നെ ക്ഷമ ചോദിക്കാനും റെജി തയാറാവുന്നുണ്ട്. എല്ലാം മറന്നു നായകന്റെ കല്യാണം കൂടാനും ഈ പാവം വില്ലന്‍ തയാറാവുന്നുണ്ട്.

കല്യാണത്തിന് പോകുന്ന വഴിക്ക് കാറില്‍ വെച്ച് തന്റെ കൂട്ടുകാരും നായകന്റെ കൂട്ടുകാരും തമ്മില്‍ അടിയുണ്ടാകുമ്പോഴും അത് നിര്‍ത്താനാണ് റെജി ശ്രമിക്കുന്നത്. അടി നടന്നത് പുറത്താരും അറിയാതെ കല്യാണ ചെക്കനെ കറക്റ്റായിട്ട് പന്തലില്‍ എത്തിക്കുന്നുമുണ്ട് റെജി.

കല്യാണ പന്തലില്‍ അടി നടക്കുമ്പോഴും ആദ്യം അതിന് തടയിടാനാണ് റെജി നോക്കുന്നത്. ക്ഷമ നശിക്കുമ്പോഴാണ് റെജിയും അടി തുടങ്ങുന്നത്. അവിടുത്തെ അടിയും അതിന് പ്രതികാരമായിട്ടുള്ള അടിയും കഴിഞ്ഞ് പിന്നെയും നായകനെ സഹായിക്കാന്‍ അങ്ങ് ദുബായിലേക്കും പോകുന്നുണ്ട് നമ്മുടെ വില്ലന്‍.

ദുബായിലെത്തി ഒമേഗ ബാബുവിനെ കാണുന്ന സമയത്ത് വാഹിദ്, ഇസ്‌നെയ്‌നി, സലാസ, അര്‍ബ, ഹംസ, സിത്ത എന്നിങ്ങനെ ചെമ്പന്‍ വിനോദ് തല്ലേണ്ട ആളുകളെ എണ്ണുമ്പോഴും ഏഹേ.. റെജി, കൂള്‍ ഗൈ എന്ന് തിരുത്തി കൈ ഉയര്‍ത്തി ഒരു സലാം പറഞ്ഞ് ആ സീന്‍ മുഴുവനും അടിച്ചുമാറ്റുന്നുണ്ട് ഷൈന്‍.

ഏത് റോളും തന്റെ കയ്യില്‍ ഭദ്രമാണെന്ന് ഓരോവട്ടവും ഷൈന്‍ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ക്യാമറയ്ക്ക് മുന്നില്‍ വന്നാല്‍ നായകനെ വെല്ലുന്ന വേറൊരു ലെവല്‍ വൈബ് ആണ് ഷൈന്‍ സൃഷ്ടിക്കുന്നത്. വളരെ എഫേര്‍ട്ട്‌ലെസായി കറക്റ്റ് ആറ്റിറ്റിയൂഡ് ഇട്ട് പ്രേക്ഷകന് മുന്നില്‍ നല്ല ഒരു എന്റര്‍ടെയ്‌നാറാവുന്നതില്‍ അസാധാരണ പാടവമാണ് ഷൈന്‍ കാണിക്കുന്നത്.

Content Highlight: characterstics of shine tom chacko’s reji mathew in thallumaala video story