പൃഥ്വിരാജ് ഷാജി കൈലാസ് കൂട്ടുകെട്ടിലൊരുങ്ങിയ കാപ്പ ഡിസംബര്‍ 22നാണ് റിലീസ് ചെയ്തിരിക്കുകയാണ്. കടുവക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ചിത്രത്തെ കണ്ടത്. ഒപ്പം ഇന്ദു ഗോപന്റെ തിരക്കഥയും പ്രതീക്ഷകള്‍ക്ക് ചൂടേറ്റി. തിരുവനന്തപുരത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഗുണ്ടാ സംഘങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ഇന്ദുഗോപന്റെ തന്നെ ശംഖുമുഖി എന്ന നോവലാണ് സിനിമാ രൂപത്തിലേക്ക് മാറ്റിയത്.
ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രമായ, നായകനായ കൊട്ട മധുവിന്റെ ഭാര്യയായ പ്രമീളയെയാണ് അപര്‍ണ അവതരിപ്പിച്ചത്. ചിത്രത്തിന്റെ തുടക്കം മുതല്‍ തന്നെ ശക്തമായ ഒരു കഥാപാത്രമായി തന്നെയാണ് പ്രമീളയെ അവതരിപ്പിക്കുന്നത്. കൊട്ട മധു ശക്തനായി നില്‍ക്കുന്നതിന്റെ ഒരു പ്രധാന കാരണം പ്രമീളയാണ്. അവരുടെ മേല്‍ അപകടത്തിന്റെ ഒരു നിഴല്‍ വീണാല്‍ പോലും മധു ജാഗരൂഗനാകും. മധു കൊട്ട മധുവാകുന്നതിന് പ്രധാന കാരണം തന്നെ പ്രമീളയാണ്.
എന്നാല്‍ ഇത്രയും ശക്തയായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അപര്‍ണക്കായോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചോദിക്കുന്നത്. ഇന്‍ട്രോയിലെ മാസ് നടത്തത്തിലും ഡയലോഗിലും അപര്‍ണക്ക് ഈ റോള്‍ പെര്‍ഫെക്ഷനിലേക്ക് ഉയര്‍ത്താനാവുന്നില്ലെന്ന അഭിപ്രായങ്ങളുയര്‍ന്നിരുന്നു. ആറ്റിറ്റിയൂഡും ഡയലോഗ് ഡെലിവറിയും കഥാപാത്രം ആവശ്യപ്പെടുന്ന മീറ്ററിലേക്ക് എത്തിക്കാന്‍ താരത്തിനായില്ലെന്നും ചില കമന്റുകളുണ്ട്.
അതേസമയം അപര്‍ണയുടെ പെര്‍ഫോമന്‍സിനെ പുകഴ്ത്തിയും പ്രേക്ഷകര്‍ രംഗത്തെത്തിയിട്ടുണ്ട്. അപര്‍ണയുടെ മാസ് പരിവേഷം തൃപ്തിപ്പെടുത്തിയെന്നും ചില പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.