| Friday, 15th July 2022, 10:52 pm

ആര്‍ക്കും ഗുണമില്ലാത്ത 'വെങ്കായം'; ഇലവീഴാപൂഞ്ചിറയിലെ ഒരു പ്രത്യേകതരം ജീവിതം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൗബിന്‍ ഷാഹിര്‍ നായകനായ ഇലവീഴാപൂഞ്ചിറ തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. ഇലവീഴാപൂഞ്ചിറ എന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് ഏതാനും ദിവസം നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തില്‍ കാണിക്കുന്നത്.

സൗബിന്‍ ഷാഹിറിന്റെ മധു, സുധി കോപ്പയുടെ സുധി എന്നിവരാണ് ചിത്രത്തിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കഥ പുരോഗമിക്കുന്നത് മധുവിനേയും സുധിയേയും ചുറ്റിപ്പറ്റിയാണ്. ഇവരെക്കൂടാതെ കഥയിലെത്തുന്ന മറ്റൊരു കഥാപാത്രമാണ് ജൂഡ് ആന്തണി ജോസഫ് അവതരിപ്പിക്കുന്ന പ്രഭു വെങ്കായം.

ഏത് സ്ഥലത്ത് ചെന്നാലും അവിടെ മറ്റുള്ളവര്‍ക്ക് ഒരു ഉപകാരവും ചെയ്യാത്ത സ്വാര്‍ത്ഥനായ ഒരു വ്യക്തി കാണും. ഈ സിനിമയില്‍ അത് ജൂഡ് ആന്തണി ജോസഫ് അവതരിപ്പിച്ച പ്രഭു വെങ്കായം ആണ്. വെങ്കായം എന്നാണ് സഹപ്രവര്‍ത്തകര്‍ അയാളെ കളിയാക്കി വിളിക്കുന്നത്. ബ്രാഹ്മണനായ പ്രഭു വൃത്തിയുടെ കാര്യത്തില്‍ കണിശക്കാരനാണ്.

മധു അലസമായി പ്രഭുവിന്റെ വസ്ത്രങ്ങളുടെ മേലെ ഇട്ട അടിവസ്ത്രം അല്പം അറപ്പോടെ മറ്റൊരു മുണ്ട് ഉപയോഗിച്ച് എടുത്ത് മാറ്റിയിടുമ്പോള്‍ തന്നെ പ്രേക്ഷകര്‍ക്ക് ഏകദേശം ആ കഥാപാത്രത്തെ പിടികിട്ടും. പൊലീസ് സ്റ്റേഷനില്‍ നിന്നും വീട്ടിലേക്ക് പോകുമ്പോഴും അയയില്‍ കിടക്കുന്ന തന്റെ വസ്ത്രങ്ങള്‍ മറ്റുള്ളവരില്‍ നിന്നും മാറ്റി ഒരു മുണ്ട് കൊണ്ട് പുതപ്പിടച്ച് ഇടുന്നുണ്ട് അയാള്‍.

മത്സ്യവും മാംസവും മറ്റുള്ളവരെ കൊണ്ട് പോലും പാകം ചെയ്യിക്കാന്‍ അയാള്‍ സമ്മതിക്കുന്നില്ല. അയാളുടെ പച്ചക്കറി കഴിച്ച് ഒപ്പമുള്ളവര്‍ക്ക് പലപ്പോഴും മടുപ്പ് അനുഭവപ്പെടുന്നുണ്ട്. അതേസമയം സ്വന്തം കാര്യങ്ങള്‍ വളരെ അധികം അടുക്കും ചിട്ടയോടും കൂടിയാണ് പ്രഭു വെങ്കായം നോക്കുന്നത്.

ഈ കഥാപാത്രത്തെ തന്റെ പ്രകടനം കൊണ്ട് ജൂഡ് ആന്തണി മികച്ചതാക്കുന്നുണ്ട്. സാധാരണ തുള്ളികളിച്ചു നടക്കുന്ന, മറ്റുള്ളവര്‍ക്ക് ഉപദ്രവമാകുന്ന ചൊറിയന്‍ കഥാപാത്രങ്ങളാണ് ജൂഡിന് ലഭിക്കാറുള്ളത്. അടിസ്ഥാനപരമായി പ്രഭു വെങ്കായവും അത്തരത്തിലുള്ളതാണെങ്കിലും വളരെ ശാന്തനും നാച്ചുറലും ആണ് ആ കഥാപാത്രം. ആവശ്യമായ അളവില്‍ തന്നെ തന്റെ അവതരണം പ്രഭു വെങ്കായമായി ജൂഡ് നല്‍കിയിട്ടുണ്ട്.

Content Highlight: characterstics of prabhu venkayam ela veezha poonjira

We use cookies to give you the best possible experience. Learn more