|

രണ്ട് റൊമാന്റിക് നായകന്മാരുടെ കൊടൂര വില്ലത്തരം; ട്രാക്ക് മാറ്റുന്ന അരവിന്ദ് സ്വാമിയും കുഞ്ചാക്കോ ബോബനും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു കാലത്ത് മലയാളത്തിലെയും തമിഴിലെയും പ്രണയ നായകന്മാരായ കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും വേറിട്ട ഗെറ്റപ്പിലെത്തിയ ചിത്രമാണ് ഒറ്റ്.  തൊണ്ണൂറുകളുടെ  ഒടുക്കത്തിലും രണ്ടായിരങ്ങളുടെ തുടക്കത്തിലും അരവിന്ദ് സ്വാമിയും കുഞ്ചാക്കോ ബോബനും യുവഹൃദയങ്ങളെ ഹരം കൊള്ളിച്ച ഹിറ്റ് പ്രണയ സിനിമകളിലെ ചോക്ലേറ്റ് നായകന്മാരായിരുന്നു.

സമീപകാലത്ത് ഇരുവരും റൂട്ട് മാറ്റത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. തിരിച്ചുവരവില്‍ വ്യത്യസ്ത സിനിമ സെലക്ഷനിലൂടെ കുഞ്ചാക്കോ ബോബന്‍ താന്‍ വഴിമാറി സഞ്ചരിക്കുകയാണെന്നത് വ്യക്തമാക്കിയിരുന്നു. അഞ്ചാം പാതിര, ഭീമന്റെ വഴി, ന്നാ താന്‍ കേസ് കൊട് എന്നീ വിജയ ചിത്രങ്ങളിലൂടെ തന്റെ വഴി ശരിയാണെന്ന് താരം ഉറപ്പിക്കുകയും ചെയ്തു.

ബോഗന്‍ എന്ന തമിഴ് ചിത്രത്തിലൂടെ നെഗറ്റീവ് വേഷത്തില്‍ അരവിന്ദും പരീക്ഷണം നടത്തിയിരുന്നു. ഒറ്റിലൂടെ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രങ്ങളെയാണ് അരവിന്ദും കുഞ്ചാക്കോ ബോബനും അവതരിപ്പിച്ചത്.

കഥാപാത്രങ്ങളും കഥാഗതിയും മാറിമറിയുന്ന ചിത്രത്തില്‍ കിച്ചുവായും ഡേവിഡായുമാണ് ഫസ്റ്റ് ഹാഫില്‍ കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും എത്തുന്നത്. ഇതില്‍ രസകരമായൊരു കാര്യം ഫസ്റ്റ് ഹാഫില്‍ ഇവര്‍ മുമ്പ് അവതരിപ്പിച്ച കഥാപാത്രങ്ങളുടെ അതേ ഭാവത്തോടെയാണ് വരുന്നത്.

ഫണ്ണി ആന്‍ഡ് എനര്‍ജെറ്റിക് ആയ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രമാണ് ഫസ്റ്റ് ഹാഫിലെ കിച്ചു. ഈ പേര് തന്നെ ഒരു ക്ലീഷേയാണ്. അരവിന്ദിന്റെ ഡേവിഡാകട്ടെ ഒരു പഞ്ച പാവവും. ഇയാള്‍ തന്നെയാണോ അസൈനാരെന്ന ഗ്യാങ്‌സ്റ്ററിന്റെ വലംകയ്യായി നടന്നത് എന്നൊക്കെയുള്ള സംശയം വരാം.

സെക്കന്റ് ഹാഫിലാണ് ഇരു കഥാപാത്രങ്ങളുടെയും ഗിയര്‍ മാറുന്നത്. ആ ട്രാന്‍സ്ഫര്‍മേഷന്‍ സിനിമയിലൂടെ തന്നെ കാണേണ്ടതാണ്. അധോലോക നായകനായുള്ള അരവിന്ദ് സ്വാമിയുടെ സ്വാഗാണ് ഏറ്റവും ശ്രദ്ധേയം. ഫൈറ്റ് സീനില്‍ അരുള്‍ രാജിന്റെ മ്യൂസികിനൊപ്പം അരവിന്ദിന്റെ മാസ് ഷൂട്ടിങ് സീനൊക്കെ ഗംഭീരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഏറ്റവും ഒടുവിലത്തെ ഫൈറ്റില്‍ കുഞ്ചാക്കോ ബോബനും തകര്‍ത്തിട്ടുണ്ട്.

Content Highlight: characterstics of kichu and david in ottu movie