| Saturday, 26th November 2022, 6:00 pm

ഡയലോഗ് ഡെലിവറിയിലും പ്രകടനത്തിലും വേറെ ലെവല്‍; ഭയപ്പെടുത്തുന്ന ഡാനി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആര്‍. ബാല്‍കിയടെ സംവിധാനത്തിലെത്തി ചുപിന് ആദ്യദിനം മുതല്‍ തന്നെ മികച്ച പ്രതികരണമാണ്  നേടിയത്‌. ദുല്‍ഖര്‍ സല്‍മാന്റെ പ്രകടനമാണ് പ്രേക്ഷകര്‍ എടുത്ത് പറയുന്നത്. ഫ്‌ളവര്‍ ഷോപ്പ് നടത്തുന്ന, തന്നോട് തന്നെ എപ്പോഴും സംസാരിക്കുന്ന ഡാനിയായിട്ടാണ് ചിത്രത്തിന്റെ തുടക്കത്തില്‍ ദുല്‍ഖര്‍ എത്തുന്നത്.

അയാളുടെ ഉള്ളില്‍ തന്നെ രണ്ടാളുകള്‍ ഉണ്ട്. എന്തിനും ഏതിനും ഉള്ളിലുള്ള ആളിനോടും ഡാനി അഭിപ്രായം ചോദിക്കും. ഉള്ളിലുള്ള ആളെന്ന് പറയാനാവില്ല. ഒരു ശരീരത്തില്‍ ജീവിക്കുന്ന രണ്ട് പേര്‍. അങ്ങനെയാണ് ഡാനി. രണ്ട് ചായ ഒരുമിച്ച കുടിക്കും. കടയില്‍ കയറിയാല്‍ രണ്ട് പ്ലേറ്റ് വട പാവ് മേടിക്കും. തിയേറ്ററില്‍ പോയാല്‍ രണ്ട് ടിക്കറ്റ് ബുക്ക് ചെയ്യും, രണ്ട് പോപ്പ്‌കോണ്‍ വാങ്ങും.

ഒരാളിലെ രണ്ട് വ്യക്തികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളും കലഹങ്ങളും ഉണ്ടാകാറുണ്ട്. ഈ രണ്ട് ഷേഡുകളും മികച്ച രീതിയില്‍ തന്നെ ദുല്‍ഖര്‍ അവതരിപ്പിച്ചിട്ടുണ്ട്. അയാള്‍ സന്തോഷിക്കുന്നതും ദേഷ്യപ്പെടുന്നതും ചിലപ്പോള്‍ ഒരു ഭ്രാന്തനാവുന്നതുമെല്ലാം ദുല്‍ഖറിലൂടെ അനായാസം പ്രേക്ഷകരിലേക്ക് എത്തുന്നു.

ഡയലോഗ് ഡെലിവെറിയിലും താരം മികച്ചുനിന്നു. പ്രാദേശികമായ സ്വഭാവികതയില്‍ തന്നെ അദ്ദേഹം ഹിന്ദി ചിത്രത്തില്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഈ അടുത്ത് സീതാ രാമത്തിലെ പട്ടാളക്കാരനായി പ്രേക്ഷകമനം കവര്‍ന്ന ദുല്‍ഖര്‍ സൈക്കോയായി പ്രേക്ഷകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്.

ചുപ് മികച്ച ഒരു സിനിമ അനുഭവമാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. കഥ പ്രഡിക്റ്റബിളാണെങ്കിലും എന്‍ഗേജിങ്ങായി പറഞ്ഞുപോകാന്‍ ബാല്‍കിക്ക് സാധിച്ചിട്ടുണ്ട്. ത്രില്ലര്‍ സിനിമ ആണെങ്കിലും അതിനിടയിലൂടെ മനോഹരമായി പ്രണയവും ബ്ലെന്‍ഡ് ചെയ്തിട്ടുണ്ട്. ബാക്ക് ഗ്രൗണ്ട് സ്‌കോറുകളും പാട്ടുകളുമാണ് മറ്റൊരു പോസിറ്റീവ് ഘടകം. പഴയ പാട്ടുകളെ ബാക്ക് ഗ്രൗണ്ട് സ്‌കോറായി ഉപയോഗിച്ചത് ചിത്രത്തിന്റെ ആസ്വാദനത്തെ ഉയര്‍ത്തിയിട്ടുണ്ട്.

Content Highlight: characterstics of danny by dulquer salmaan in chup the revenge of the artist

Repost

We use cookies to give you the best possible experience. Learn more