|

ദിസ് ഈസ് റാങ്; അഭിമുഖത്തില്‍ നിന്നും ഷെഫീക്കിന്റെ സന്തോഷത്തിലേക്ക് ലാന്‍ഡ് ചെയ്ത ബാല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

Spoiler Alert

തന്റെ കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും നല്ലത് വരണമെന്ന് ആഗ്രഹിക്കുന്ന, സ്വന്തം സന്തോഷത്തിനായി മറ്റുള്ളവര്‍ക്ക് നന്മകള്‍ ചെയ്യുന്ന ഒരു ചെറുപ്പക്കാരന്റെ കഥ, അതാണ് ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമ പറയുന്നത്. അനൂപ് പന്തളം സംവിധാനം ചെയ്ത ചിത്രത്തില്‍ ഷെഫീക്കെന്ന കേന്ദ്രകഥാപാത്രമായെത്തിയിരിക്കുന്നത് ഉണ്ണി മുകുന്ദനാണ്. ചിത്രത്തില്‍ ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു ബാല അവതരിപ്പിച്ച അമീര്‍.

അടുത്ത് കാലത്ത് നല്‍കിയ അഭിമുഖങ്ങളിലെ ബാലയോട് സമാനമായിരുന്നു ചിത്രത്തിലെ അമീര്‍. ദിസ് ഈസ് റാങ്, കൊഞ്ചം ലോജിക്കലാ തിങ്ക് പണ്ണുങ്കോ എന്നിങ്ങനെ അഭിമുഖങ്ങള്‍ക്കിടയില്‍ ബാല പറഞ്ഞ് വൈറലായ ഡയലോഗുകള്‍ ചിത്രത്തില്‍ പലയിടത്തും അമീര്‍ എന്ന കഥാപാത്രം പറയുന്നുണ്ട്. സമീപകാലത്തെ അഭിമുഖങ്ങള്‍ ബാലയുടെ കാസ്റ്റിങ്ങില് നിര്‍ണായക സ്ഥാനം ചെലുത്തിയിട്ടുണ്ടെന്നത് തീര്‍ച്ച.

ചിത്രത്തിലെ ഏറ്റവും രസകരമായ കഥാപാത്രങ്ങളിലൊന്നുകൂടിയാണ് ബാലയുടെ അമീര്‍. ഇതുവരെ സീരിയസായതോ വില്ലന്‍ വേഷങ്ങളോ ഒക്കെയാണ് ബാല കൂടുതലായും ചെയ്തിട്ടുള്ളത്. ഇതില്‍ നിന്നും വ്യത്യസ്തമായി ഒരു തമാശ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ബാല അവതരിപ്പിച്ചത്. സ്വന്തം ശബ്ദത്തിലാണ് ബാല ഡബ് ചെയ്തിരിക്കുന്നത്. തമിഴ് സ്ലാങ് കടന്നു വരുന്നത് കൊണ്ടു തന്നെ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ വന്ന് ജീവിക്കുന്നതായാണ് അമീറിനെ ചിത്രത്തില്‍ കാണിക്കുന്നത്.

ചിത്രത്തിലെ അമീറിന്റെ കോമഡികളൊക്കെ രസകരമായിരുന്നു. ഷെഫീക്കിന്റെ അടുത്ത സുഹൃത്താണ് അമീര്‍. രണ്ടാം പകുതിയില്‍ ചിത്രത്തില്‍ ട്വിസ്റ്റ് കൊണ്ടുവരുന്നതും ബാലയുടെ കഥാപാത്രമാണ്. ഈ കഥാപാത്രം കൂടുതല്‍ ചര്‍ച്ചയിലേക്ക് വന്നാല്‍ ഇനിയും ഇതുപോലെയുള്ള കോമഡി കഥാപാത്രങ്ങള്‍ ബാലയെ തേടിവരും.

ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ പ്രകടനവും ശ്രദ്ധ നേടുന്നതാണ്. വളരെ ഇമോഷ്ണലായ നന്മയുള്ള കഥാപാത്രമാണ് ഷെഫീക്ക്. മേപ്പടിയാനിലെ നായകകഥാപാത്രത്തോട് ചില സാമ്യതകള്‍ തോന്നുന്നതാണ് ഷെഫീക്ക്. മനോജ് കെ. ജയന്‍ അവതരിപ്പിച്ച ആയുര്‍വേദ ഡോക്ടറും നല്ല ഹാസ്യ നിമിഷങ്ങള്‍ സമ്മാനിക്കുന്നതായിരുന്നു.

Content Highlight: characterstics of bala’s ameer in shefeekkinte santhosham