| Thursday, 4th January 2024, 7:11 pm

എം. ടിയുടെ കയ്യൊപ്പ് പതിഞ്ഞ മമ്മൂട്ടി - ലാൽ ഭാവങ്ങൾ

നവ്‌നീത് എസ്.

രചിക്കപ്പെട്ട ഒരു കാവ്യസങ്കല്പത്തെ ചലച്ചിത്ര ആവിഷ്കാരത്തിലേക്ക് മാറ്റിയെടുക്കുന്നത് വലിയ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. സാഹിത്യത്തിലും സിനിമയിലും ഒരുപോലെ അറിവുള്ള ഒരാൾക്കേ അതിന് കഴിയുള്ളൂ. അവിടെയാണ് എം.ടി വാസുദേവൻ നായർ മറ്റു സാഹിത്യക്കാരിൽ നിന്ന് വേറിട്ട് നിൽക്കുന്നത്. മലയാള സാഹിത്യത്തിന്റെ കാരണവർ ആണദ്ദേഹം.

എം. ടിയുടെ മികച്ച കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുകയെന്നത് ഒട്ടും എളുപ്പമല്ലാത്ത കാര്യമാണ്. എഴുതപെട്ട പല കഥാപാത്രങ്ങളും പിന്നീട് ഇതിഹാസങ്ങളായി മാറിയിട്ടുണ്ട്. ജീവൻ തുടിക്കുന്ന സിനിമകളും എം. ടി മലയാളത്തിന് നൽകി. അത്തരത്തിൽ മലയാളത്തിന്റെ ബിഗ് M’s എന്നറിയപെടുന്ന മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചില എം. ടി കഥാപാത്രങ്ങളുണ്ട്. ഇരുവരുടെയും അഭിനയ ജീവിതത്തിൽ പ്രേക്ഷകർ മറക്കാൻ ഇടയില്ലാത്ത ചില വേഷങ്ങൾ ആണിവ.

ഒരു വടക്കൻ വീരഗാഥ

ചന്തുവിനെ തോല്പിക്കാൻ ആവില്ല മക്കളേ.. ഒരു മലയാളിയും മറക്കാത്ത ഈ സംഭാഷണത്തിന് പിന്നിൽ കരം ചലിപ്പിച്ചത് എം. ടിയായിരുന്നു. പതിനാറാം നൂറ്റാണ്ടിന്റെ വടക്കൻ കേരളത്തെ പശ്ചാത്തലമാക്കിയായിരുന്നു എം. ടി തന്റെ ചന്തുവിന്റെ കഥ പറഞ്ഞത്. ചന്തു ചേകവരുടെ ജീവിതത്തിന്റെ പുനർവാഖ്യാനമായ ഒരു വടക്കൻ വീരഗാഥയെ മലയാളത്തിലെ ക്ലാസിക്കുകളിൽ ഒന്നായിട്ടാണ് പരിഗണിക്കപ്പെടുന്നത്.

എം. ടിയ്‌ക്ക് മികച്ച തിരക്കഥയ്ക്കും മമ്മൂട്ടിയ്ക്ക്‌ മികച്ച നടനുമടക്കം എട്ട് സംസ്ഥാന അവാർഡുകളും നാല് ദേശീയ അവാർഡുകളും ഈ ഹരിഹരൻ ചിത്രം സ്വന്തമാക്കി. ചന്തുവും ആരോമലും ഉണ്ണിയാർച്ചയുമെല്ലാം ചേർന്ന് എം. ടി ഒരുക്കി വെച്ച ക്ലാസിക്കായി മാറൻ ചിത്രത്തിന് സാധിച്ചു.

അമൃതം ഗമയ

എം.ടി എഴുതി ഹരിഹരന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമായിരുന്നു അമൃതം ഗമയ. ചെയ്ത്പോയ തെറ്റിനെ ഓർത്ത് കുറ്റബോധം പേറി നടക്കുന്നവനാണ് ചിത്രത്തിലെ നായകൻ. വിദ്യാർത്ഥിയായിരുന്നപ്പോൾ ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യാൻ ശ്രമിക്കുന്ന ഡോക്ടർ കഥാപാത്രം മോഹൻലാലിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്നാണ്.

പലപ്പോഴും മോഹൻലാലിന്റെ മികച്ച കഥാപാത്രങ്ങളിൽ പരാമർശിക്കപെടാതെ പോവുന്ന വേഷമായി മാറിയിട്ടുണ്ട് ഡോ. ഹരിദാസ്. എം. ടി യുടെ ഒരു ബെസ്റ്റ് വർക്ക്‌ ആയി തന്നെ അമൃതം ഗമയയെ വിലയിരുത്താം. പാർവതി, തിലകൻ, വിനീത് തുടങ്ങിയവരും പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തിയിരുന്നു.

കേരളവർമ്മ പഴശ്ശിരാജ

പതിനെട്ടാം നൂറ്റാണ്ടിൽ ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ പോരാടിയ പഴശ്ശിയുടെ വീരചരിതത്തിനായി എം. ടി തൂലിക ചലിപ്പിച്ചപ്പോൾ പിറന്നത് മമ്മൂട്ടിയെന്ന നടന്റെ മറ്റൊരു നാഴിക കല്ലായിരുന്നു. ഹരിഹരനോടൊപ്പം മറ്റൊരു ചരിത്ര സിനിമ കൂടി അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചു. പഴശ്ശിയുടെ യുദ്ധം കേരളക്കര കണ്ടത് എം. ടിയിലൂടെയായിരുന്നു.

മറ്റൊരാളെ സങ്കപ്പിക്കാൻ കഴിയാത്ത വിധം മമ്മൂട്ടി പഴശ്ശിയായി നിറഞ്ഞാടുകയായിരുന്നു. പഴശ്ശിയുടെ ജീവിതം ആസ്‌പദമാക്കിയായിരുന്നു എം. ടി ചിത്രത്തിനായി കഥ ഒരുക്കിയത്. അന്ന് വരെ മലയാളത്തിൽ ഇറങ്ങിയതിൽ ഏറ്റവും വലിയ സാമ്പത്തിക വിജയമാവാനും ഈ ചരിത്ര സിനിമയ്ക്കായി.

താഴ്വാരം

‘അവനെന്നെ കൊല്ലാൻ ശ്രമിക്കും, ചാകാതിരിക്കാൻ ഞാനും, താഴ്വാരം എന്ന മോഹൻലാൽ ചിത്രത്തിലെ ഡയലോഗ് ആണിത്. ഭരതൻ ടച്ച് പതിഞ്ഞ മറ്റൊരു എം. ടി ചിത്രമായിരുന്നു 1990ൽ ഇറങ്ങിയ താഴ്വാരം. സുഹൃത്തുക്കളായ ബാലന്റെയും രാജുവിന്റെയും പ്രതികാരമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചെയ്യാത്ത കുറ്റത്തിന് ജയിലിലടയ്ക്കപെടുന്ന നായകൻ അതിന് കാരണമായ തന്റെ സുഹൃത്തിനെ തേടി വരുകയാണ്.

പിന്നീട് അവർ തമ്മിലുള്ള ഏറ്റുമുട്ടലുകളുമായി സിനിമ മുന്നോട്ട് പോവുകയാണ്. വളരെ കുറഞ്ഞ കഥാപാത്രങ്ങൾ മാത്രമുള്ള ചിത്രം ഇന്നും ചർച്ച ചെയ്യപ്പെടുന്നത് എം. ടിയുടെയും ഭരതന്റെയും കയ്യൊപ്പ് കൊണ്ട് തന്നെയാണ്. ഒപ്പം മോഹൻലാൽ അടക്കമുള്ള താരങ്ങളുടെ ഗംഭീര പ്രകടനവും ചേർന്നപ്പോൾ മികച്ചൊരു ചലച്ചിത്രാവിഷ്ക്കാരമാവാൻ താഴ്വാരത്തിന് കഴിയുന്നുണ്ട്.

സുകൃതം

ബ്ലഡ്‌ കാൻസറിന് ഇരയായ രവി ശങ്കർ എന്ന പത്രപ്രവർത്തകനായിരുന്നു സുകൃതത്തിൽ എം. ടിയുടെ നായകൻ. മരണത്തെ കുറിച്ചുള്ള ഉത്തമ ബോധ്യം ജീവിതത്തിലെ എല്ലാ പ്രതീക്ഷയും നഷ്ടമാക്കി നിരാശനായി ജീവിക്കുന്നവനാണ് രവി. മരണശേഷം തനിക്ക് വേണ്ടപ്പെട്ടവർ ഒറ്റപ്പെടുന്നതെല്ലാം പേടിക്കുന്ന രവിയുടെ വേഷം അവതരിപ്പിച്ചത് മമ്മൂട്ടിയായിരുന്നു.

എം. ടിയുടെ കഥയിൽ ഹരി കുമാർ സംവിധാനം ചെയ്ത ചിത്രം നിരൂപക പ്രശംസയോടൊപ്പം രണ്ട് ദേശീയ അവാർഡുകളും നേടിയിരുന്നു. മമ്മൂട്ടിയോടൊപ്പം മനോജ്‌.കെ. ജയൻ ഗൗതമി, ശാന്തി കൃഷ്ണ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തിയ ചിത്രം പ്രകടനം കൊണ്ട് വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.

പഞ്ചാഗ്നി

നക്സൽ പ്രവർത്തക ഇന്ദിരയുടെ രണ്ടാഴ്ച്ചത്തെ പരോൾ കാലാവധിയിൽ നടക്കുന്ന സംഭവങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു പഞ്ചാഗ്നി. ഹരിഹരൻ സംവിധാനത്തിൽ എം.ടി രചന നിർവഹിച്ച ചിത്രത്തിൽ നക്സൽ പ്രവർത്തകയുടെ വേഷം അവതരിപ്പിച്ചത് നടി ഗീതയായിരുന്നു.

റഷീദ് എന്ന മറ്റൊരു പ്രധാന വേഷത്തിൽ മോഹൻലാലും സിനിമയിൽ അഭിനയിക്കുന്നുണ്ട്. നദിയ മൊയ്തു, തിലകൻ, നെടുമുടി വേണു തുടങ്ങിയ വമ്പൻ താരനിര അണിനിരന്ന ചിത്രം കൂടിയായിരുന്നു പഞ്ചാഗ്നി.

ഉത്തരം

ഇംഗ്ലീഷ് എഴുത്തുക്കാരൻ ഡാഫ്‌നെ ഡു മൗറിയറുടെ ‘നോ മോട്ടീവ്’ എന്ന ചെറുകഥയെ ആസ്പദമാക്കി എം. ടി ഒരുക്കിയ കഥയിൽ പിറന്ന ക്രൈം ത്രില്ലർ ചിത്രമായിരുന്നു ഉത്തരം. മമ്മൂട്ടി നായകനായ ചിത്രം സംവിധാനം ചെയ്തത് വി. കെ പവിത്രൻ ആയിരുന്നു. പതിവ് എം. ടി ചിത്രങ്ങളിൽ നിന്ന് മാറി സഞ്ചരിച്ച ചിത്രം കൂടെയായിരുന്നു ഉത്തരം.

ബാലു എന്ന പ്രധാന കഥാപാത്രമായി മമ്മൂട്ടിയെത്തിയപ്പോൾ സുപർണ, സുകുമാരൻ, പാർവതി തുടങ്ങിയവർ മറ്റു പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തിയിരിക്കുന്നു. മലയാളത്തിലെ മികച്ച ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ സിനിമകളിൽ ഒന്നായാണ് ഉത്തരത്തെ കണക്കാക്കുന്നത്.

സദയം

വധശിക്ഷയും കാത്ത് തന്റെ അന്ത്യനാളുകൾ എണ്ണി കാത്തിരിക്കുകയാണ് സത്യനാഥൻ. അയാൾക്ക് പശ്ചാത്താപമില്ല കുറ്റബോധമില്ല. അയാൾ സന്തോഷവാനാണ്. ജീവിത സാഹചര്യം കാരണം വേശ്യാവൃത്തിയിലേക്ക് എത്തിപ്പെടാൻ സാധ്യതയുള്ള രണ്ട് പെൺകുട്ടികളെ കൊന്നതാണ് അയാൾ ചെയ്ത തെറ്റ്. എം. ടിയുടെ കഥാപാത്രങ്ങളിൽ മലയാളികൾ മറക്കാത്ത മറ്റൊരു വേഷമാണ് സദയത്തിലെ ഈ മോഹൻലാൽ കഥാപാത്രം.

സിബി മലയിലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് വീണ്ടും എം. ടി കരസ്ഥമാക്കി. വിവിധ ഷേഡുകൾ ഉള്ള ഒരു എം. ടി കഥാപാത്രമാണ് സത്യനാഥൻ. മോഹൻലാൽ എന്ന നടന്റെ അസാധ്യ പ്രകടനമാണ് ചിത്രത്തിൽ പ്രേക്ഷകർ കണ്ടത്. സിനിമ കഴിഞ്ഞ ശേഷവും മനസിനെ വേട്ടയാടുന്ന വിധം എം. ടി പൂർണമായി സത്യനെ എഴുതിവെച്ചിട്ടുണ്ട്.

അങ്ങനെ എത്രയെത്ര ജീവനുള്ള കഥാപാത്രങ്ങൾ. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചില എം. ടി കഥാപാത്രങ്ങൾ മാത്രമാണ് ഇപ്പോൾ പറഞ്ഞത്. ഇരുതാരങ്ങളും ഒന്നിച്ചെത്തിയ എം. ടി സിനിമകൾ വേറെയുമുണ്ട്. ഇടനിലങ്ങൾ, അനുബന്ധം , അടിയൊഴുക്കുകൾ, ആൾക്കൂട്ടത്തിൽ തനിയെ മമ്മൂട്ടിയുടെ തൃഷ്ണ, മോഹൻലാലിന്റെ ഉയരങ്ങളിൽ തുടങ്ങി ഇരുവരെയും മലയാള സിനിമയുടെ ഉയരങ്ങളിൽ എത്തിക്കാൻ എം.ടിയുടെ കഥാപാത്രങ്ങൾ വലിയ പങ്കു വഹിച്ചിട്ടുണ്ട്.

രണ്ടാമൂഴമടക്കമുള്ള എം. ടിയുടെ രചനകൾക്ക്‌ ഭാവിയിൽ ഒരു ചലച്ചിത്രാവിഷ്ക്കാരമുണ്ടായാൽ ആ എഴുത്തിനോട്‌ നീതി പുലർത്തുന്ന വിധം ചെയ്ത് ഫലിപ്പിക്കാൻ നിലവിൽ ആരാണ് ഉള്ളതെന്നാണ് ചോദ്യം. അഭിനയ ശേഷി ഇനിയും വറ്റിയിട്ടില്ലാത്ത രണ്ട് മഹാ നടൻമാർ ഇനിയും ഒരു എം. ടി ചിത്രത്തിൽ ഒന്നിക്കുമെന്ന് പ്രതീക്ഷിക്കാം

Content Highlight: Characters Of Mammootty And Mohanlal Written By  M.T. Vasudhevan Nair

നവ്‌നീത് എസ്.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more