| Saturday, 29th April 2023, 12:16 pm

കാര്‍ത്തി-ജയറാം കോമ്പോ, തീ പിടിക്കുന്ന കഥയിലും ചിരിപ്പിക്കുന്ന എലമെന്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കല്‍ക്കിയുടെ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന കൃതിയെ അടിസ്ഥാനമാക്കി മണിരത്നം സംവിധാനം ചെയ്ത ചിത്രം പൊന്നിയിന്‍ സെല്‍വന്റെ രണ്ടാം ഭാഗം ഇപ്പോള്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ചോള രാജവംശത്തിന്റെ വീരകഥകള്‍ പറഞ്ഞ സിനിമ 2022ലെ വലിയ ഹിറ്റുകളിലൊന്നായിരുന്നു. ആദ്യ ഭാഗത്തിന്റെ മികവ് കൊണ്ട് തന്നെ രണ്ടാം ഭാഗത്തിന് വേണ്ടി വലിയ ആകാംഷയോടെയാണ് ഓരോ സിനിമാ പ്രേക്ഷകരും കാത്തിരുന്നത്.

എ.ആര്‍ റഹ്മാന്റെ സംഗീതവും രവിവര്‍മന്റെ ക്യാമറയും സിനിമയുടെ മികവിനെ ഉയര്‍ത്തുമ്പോള്‍ അതിനൊപ്പം തന്നെ എടുത്ത് പറയേണ്ട ഒന്നാണ് ഓരോ താരങ്ങളുടെയും പ്രകടനവും. എല്ലാവരും അവരവര്‍ക്ക് കിട്ടിയ ഓരോ കഥാപാത്രത്തെയും ഏറ്റവും മികച്ച രീതിയില്‍ തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

വിക്രം, ഐശ്വര്യ റായ്, തൃഷ, കാര്‍ത്തി, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, റഹ്മാന്‍ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ഒറ്റയാള്‍ പ്രകടനങ്ങളേക്കാള്‍ കൂടുതല്‍ പല താരങ്ങളുടെയും കോമ്പോ സീനുകളാണ് മികച്ചതായി അനുഭവപ്പെട്ടത്. കൂട്ടത്തില്‍ എടുത്ത് പറയേണ്ടത് കാര്‍ത്തി, ജയറാം കോമ്പോയെ കുറിച്ചാണ്. ഇരുവരും സ്‌ക്രീനില്‍ വരുന്ന നിമിഷങ്ങളെല്ലാം തന്നെ രസകരമായിരുന്നു.

ഇരുവരുടെയും കെമിസ്ട്രി സിനിമയുടെ തടസമില്ലാത്ത ഒഴുക്കിന് സഹായകമായിരുന്നു എന്ന് തന്നെ പറയാം. ചരിത്ര സിനിമകള്‍ പൊതുവെ ഗൗരവ സ്വഭാവത്തിലാണ് സഞ്ചരിക്കാറ്, പൊന്നിയിന്‍ സെല്‍വനിലേക്ക് വരുമ്പോള്‍ ആ ഗൗരവത്തിന്റെ അളവ് അല്പം കുറക്കുന്നത് തന്നെ ഇരുവരുടെയും പ്രകടനമാണ്.

ജയറാം എന്ന നടന്റെ മികച്ച പ്രകടനങ്ങളിലൊന്നാണ് ഇതെന്ന് പറയാന്‍ സാധിക്കും. നടപ്പിലും ഇരുപ്പിലും സംഭാഷണത്തിലുമെല്ലാം അയാള്‍ കഥാപാത്രമായി മാറുന്ന കാഴ്ചയാണ് പൊന്നിയിന്‍ സെല്‍വന്‍ എന്ന സിനിമ ഓരോ പ്രേക്ഷകനും സമ്മാനിക്കുന്നത്.

content highlight: characters of karthi and jayaram in ponniyin selvan movie

We use cookies to give you the best possible experience. Learn more