മാരിറ്റല്‍ റേപ്പിന്റെ പേരില്‍ ആദ്യ സിനിമക്ക് വിമര്‍ശനം; രണ്ടാം സിനിമയില്‍ പലിശ സഹിതം വീട്ടി നിസാം ബഷീര്‍
Film News
മാരിറ്റല്‍ റേപ്പിന്റെ പേരില്‍ ആദ്യ സിനിമക്ക് വിമര്‍ശനം; രണ്ടാം സിനിമയില്‍ പലിശ സഹിതം വീട്ടി നിസാം ബഷീര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 15th November 2022, 1:00 pm

2019ലാണ് കെട്ട്യോളാണെന്റെ മാലാഖയിലൂടെ നിസാം ബഷീര്‍ സംവിധായകനായി മലയാള സിനിമയിലേക്ക് എത്തുന്നത്. നവദമ്പതികളായ സ്ലീവാച്ചന്റെയും റിന്‍സിയും കഥ പറഞ്ഞ ചിത്രത്തിന് വന്‍വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്.

എന്നാല്‍ പിന്നാലെ തന്നെ ചിത്രത്തിനെതിരെ വിമര്‍ശനവും ഉയര്‍ന്നു. മാരിറ്റല്‍ റേപ്പിനെ ചിത്രം കൈകാര്യം ചെയ്ത രീതിയാണ് വിമര്‍ശിക്കപ്പെട്ടത്. സ്‌നേഹത്തിന്റെ പുറത്ത് സ്ലീവാച്ചന് പറ്റിയ അബദ്ധമായിട്ടാണ് ചിത്രത്തില്‍ മാരിറ്റല്‍ റേപ്പിനെ ചിത്രീകരിച്ചത്. റേപ്പ് നേരിട്ട റിന്‍സി ഒടുവില്‍ സ്ലീവാച്ചന്റെ സ്‌നേഹം തിരിച്ചറിഞ്ഞ് സ്വീകരിക്കുകയും ചെയ്യുകയാണ്. മാരിറ്റല്‍ റേപ്പിനെ നോര്‍മലൈസ് ചെയ്യാനാണ് സിനിമ ഉപയോഗിക്കപ്പെട്ടതെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്.

എന്നാല്‍ നിസാം ബഷീര്‍ തന്റെ രണ്ടാമത്തെ ചിത്രമായ റോഷാക്കില്‍ ശക്തരായ സ്ത്രീകഥാപാത്രങ്ങളുമായാണ് വന്നത്. മമ്മൂട്ടി അവതരിപ്പിച്ച ലൂക്ക് ആന്റണി എന്ന കഥാപാത്രത്തിനൊപ്പമോ ചില സമയത്ത് അയാള്‍ക്കും മേലെയോ നില്‍ക്കുന്ന സ്ത്രീകഥാപാത്രങ്ങളാണ് റോഷാക്കിലേത്. ഇതില്‍ മുന്‍പന്തിയിലുള്ളത് ബിന്ദു പണിക്കരുടെ സീതയാണ്.

നേരിടുന്ന പ്രതിസന്ധികള്‍ക്കെല്ലാം അവര്‍ക്ക് അവരുടേതായ പരിഹാരങ്ങളും അതിനൊത്ത കാരണങ്ങളുമുണ്ട്. എടുത്തുപറയേണ്ട മറ്റൊരു കഥാപാത്രം ഗ്രേസ് ആന്റണിയുടെ സുജാതയാണ്. തനിക്ക് വന്ന് ചേര്‍ന്ന അവസ്ഥയില്‍ അവരും ഒതുങ്ങുന്നില്ല.

സിനിമയിലൊരിക്കല്‍ പോലും ഈ സ്ത്രീകളെ തല കുനിച്ച് കാണാനാവില്ല. തങ്ങളുടെ പ്രശ്‌നങ്ങളില്‍ ആശങ്കപ്പെട്ടിരിക്കാതെ ധൈര്യത്തോടെ നേരിടുന്ന സ്ത്രീകളാണ് റോഷാക്കിലേത്. തങ്ങള്‍ക്കെതിരെ കൈ ഉയര്‍ത്തുവരോട് അതേ നാണയത്തില്‍ മറുപടി പറയുകയും തിരിച്ചടിക്കുകയും ചെയ്യുന്നവര്‍.

ആദ്യചിത്രത്തിലെ നായികകഥാപാത്രത്തിന്റെ പേരില്‍ നിസാം ബഷീറിന് വിമര്‍ശനം നേരിട്ടെങ്കില്‍ രണ്ടാം ചിത്രത്തില്‍ അദ്ദേഹത്തിന് ഏറ്റവുമധികം കയ്യടി നേടിക്കൊടുക്കുന്നത് സീതയും സുജാതയുമുള്‍പ്പെടെയുള്ള സ്ത്രീ കഥാപാത്രങ്ങളാണ്.

Content Highlight: characterization of women in rorschach