അച്ഛനേയും തിരുത്തിയ കൗമാരക്കാരി; മാറുന്ന നായിക സങ്കല്‍പത്തില്‍ മുന്നേ നടന്ന നായിക
Film News
അച്ഛനേയും തിരുത്തിയ കൗമാരക്കാരി; മാറുന്ന നായിക സങ്കല്‍പത്തില്‍ മുന്നേ നടന്ന നായിക
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 11th July 2023, 9:10 pm

മാറ്റത്തിനൊപ്പം മുന്നേ നടക്കുന്ന സ്ത്രീകളെയാണ് ആദ്യ ചിത്രം മുതല്‍ തന്നെ തന്റെ കഥാപാത്രങ്ങളായി സംവിധായകന്‍ അരുണ്‍ ഡി. ജോസ് ഉള്‍പ്പെടുത്തിയിരുന്നത്. വീടിനകത്തുതന്നെയുള്ള വിവേചനങ്ങളേയും പരിമിതമായ സ്വാതന്ത്ര്യത്തേയും ജോ ആന്‍ഡ് ജോയിലെ ജോമോള്‍ ചോദ്യം ചെയ്തിരുന്നു. രണ്ടാമത്തെ ചിത്രമായ 18 പ്ലസിലും സ്ത്രീ കഥാപാത്രങ്ങളില്‍ ആ പുരോഗമനവും മാറ്റവും അരുണ്‍ ഉറപ്പുവരുത്തുന്നുണ്ട്.

Spoiler Alert

സാധാരണ ഒരു സിനിമയില്‍ മലയാളി പ്രേക്ഷകന്‍ നായികയില്‍ നിന്നും പ്രതീക്ഷിക്കുന്ന ചില രീതികളുണ്ട്. സമീപകാലത്ത് മലയാള സിനിമ അതില്‍ നിന്നെല്ലാം മാറിനടക്കുന്നുണ്ട്. 18 പ്ലസിലും സ്ഥിതി വിപരീതമല്ല. നായകനല്ല, നായികയായ ആതിരയാണ് ചിത്രത്തില്‍ ഇഷ്ടം ആദ്യമായി തുറന്നുപറയുന്നത്.

വല്യമ്മ മരിച്ചുവെന്നറിയുമ്പോഴും നായകനും കൂട്ടുകാരും പ്രതീക്ഷിച്ച പ്രതികരണമല്ല ആതിരയില്‍ നിന്നും വരുന്നത്. നിര്‍ണായക ഘട്ടത്തില്‍ പതറി നില്‍ക്കുന്ന നായകന്റെ കൈ പിടിച്ച് ആതിര മുന്നില്‍ നടക്കുമ്പോഴും മലയാള സിനിമ മാറുന്നല്ലോ എന്ന ഉള്‍പ്പുളകം പ്രേക്ഷകനുണ്ടാവും.

ഒടുക്കം വരെ എന്റര്‍ടെയ്ന്‍മെന്റ് ലൈന്‍ പിടിച്ച് പോകുന്ന 18 പ്ലസ് ഗൗരവസ്വഭാവം കൈവരിക്കുന്നത് ക്ലൈമാക്‌സിലാണ്. വീട്ടുകാര്‍ തലമുറകളായി കൈമാറി വന്ന ജാതിചിന്തയെ പറ്റിയുള്ള ക്രൂരമായ വാക്കുകള്‍ കേള്‍ക്കുമ്പോഴാണ് ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ തീരുമാനത്തില്‍ തന്നെ നില്‍ക്കണമെന്ന് ആതിര ഉറപ്പിക്കുന്നത്.

ജാതിയിലെ പ്രത്യേകതകള്‍ ഡി.എന്‍.എയിലുള്ളതാണെന്ന് വിശ്വസിക്കുന്ന മുതിര്‍ന്ന തലമുറയെ അത് അങ്ങനെയല്ല എന്ന ഉറച്ച വാക്കില്‍ തിരുത്തുന്നതും ഈ കൗമാരക്കാരിയാണ് എന്നത് ചിത്രം പങ്കുവെക്കുന്ന പ്രതീക്ഷയാണ്.

ആതിരയെ അവതരിപ്പിച്ച പുതുമുഖമായ മീനാക്ഷിയുടെ പ്രകടനവും പ്രശംസയര്‍ഹിക്കുന്നതാണ്. പ്രത്യേകിച്ചും ക്ലൈമാക്‌സില്‍ കോര്‍ട്ട് റൂമില്‍ നില്‍ക്കുമ്പോഴുള്ള കൗമാരക്കാരിയുടെ പരിഭ്രമവും പരിചയമില്ലായ്മയും മീനാക്ഷി നന്നായി അഭിനയിച്ചുഫലിപ്പിച്ചിട്ടുണ്ട്.

Content Highlight: characteristics of heroine in 18 plus movie