| Tuesday, 17th January 2023, 2:44 pm

പഴയ സുരാജിനെ മിസ് ചെയ്യുന്നുണ്ടോ? മുകുന്ദന്‍ ഉണ്ണിക്കൊപ്പം വേണു വക്കീലും എത്തിക്കഴിഞ്ഞു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്‍ നായകനായ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് തിയേറ്റര്‍ റിലീസിന്റെ സമയത്ത് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും നേടിയത്. ഒ.ടി.ടി റിലീസിന് ശേഷവും ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി സിനിമ ചര്‍ച്ചയാവുകയാണ്.

അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ചിത്രം ഡാര്‍ക്ക് കോമഡി ഴോണറിലാണ് ഒരുങ്ങിയത്. ഈ ഴോണറിലുള്ള ചിത്രങ്ങള്‍ അധികം വരാത്ത മലയാളം ഇന്‍ഡസ്ട്രിയില്‍ പ്രേക്ഷകര്‍ക്ക് ഇതൊരു പുത്തന്‍ അനുഭവം തന്നെയായിരുന്നു. ടൈറ്റില്‍ കഥാപാത്രമായ മുകുന്ദന്‍ ഉണ്ണിയെ ആണ് വിനീത് ശ്രീനിവാസന്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്.

പരാമ്പരാഗത മലയാള നായകന്മാരില്‍ നിന്നും മാറി സഞ്ചരിച്ച മുകുന്ദന്‍ ഉണ്ണി മനുഷ്യത്വം തൊട്ടുതീണ്ടാത്ത കഥാപാത്രമാണ്. മുകുന്ദന്‍ ഉണ്ണിയായുള്ള വിനീതിന്റെ പ്രകടനവും പ്രേക്ഷകര്‍ പുകഴ്ത്തിയിരുന്നു. ഇതോടൊപ്പം തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച വേണു വക്കീല്‍.

വളരെ ക്രൂക്കഡായ, തന്റെ ലക്ഷ്യം കാണാന്‍ വേണ്ടി ഏത് മാര്‍ഗവും സ്വീകരിക്കുന്ന വക്കീലന്മാരാണ് മുകുന്ദന്‍ ഉണ്ണിയും വേണുവും. ഇരുവരും തമ്മിലുള്ള മത്സരത്തിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. മത്സരം ആരംഭിക്കുമ്പോള്‍ വേണു വക്കീലാണ് മുമ്പില്‍. വേണു വക്കീലിനെ മറികടന്ന് മുകുന്ദന്‍ ഉണ്ണി കേറുമോ, അയാള്‍ക്ക് വിജയിക്കാനാവുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് ചിത്രം ഉത്തരം നല്‍കുന്നത്.

നീണ്ട കാലത്തെ ഇടവേളക്ക് ശേഷമാണ് സുരാജിനെ ഒരു കോമഡി റോളില്‍ കാണുന്നത്. അടുത്ത കാലത്ത് തുടര്‍ച്ചയായി അദ്ദേഹം ഗൗരവമേറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രേക്ഷകര്‍ക്കും അദ്ദേഹത്തിനും തന്നെ പഴയ കോമഡി കഥാപാത്രങ്ങളെ മിസ് ചെയ്യുന്ന സമയത്താണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സിലെ വേണു വക്കീല്‍ എത്തുന്നത്.

ലൗഡ് ആയ കോമഡി കഥാപാത്രമല്ല വേണു വക്കീല്‍. ഇയാള്‍ സീരിയസായി പറയുന്നതും കാണിക്കുന്നതും പ്രേക്ഷകര്‍ക്ക് കോമഡിയായി തോന്നുകയാണ്. ‘തന്റെ പിത്തക്കവിളില്‍ കത്തി കുത്തിയിറക്കി നാക്കരിഞ്ഞ് പട്ടിക്കിട്ട് കൊടുക്കും ഞാന്‍,’ എന്ന് മുകുന്ദന്‍ ഉണ്ണി ഭീഷണിപ്പെടുത്തുമ്പോഴുള്ള വേണു വക്കീലിന്റെ എക്‌സ്പ്രഷനും മൂളലും സുരാജിന്റെ പഴയ കോമഡി കഥാപാത്രങ്ങളെ ഓര്‍മിപ്പിക്കുന്നതായിരുന്നു.

കോമഡി റോളുകളിലേക്ക് സുരാജ് വെഞ്ഞാറമൂട് വരട്ടെയെന്ന് പ്രേക്ഷകന് വീണ്ടും ആഗ്രഹം തോന്നിപ്പിക്കുന്ന കഥാപാത്രമാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സിലെ വേണു വക്കീല്‍.

Content Highlight: characteristics of adv. vaenu by suraj venjaramood in mukundan unni associates

We use cookies to give you the best possible experience. Learn more