| Saturday, 10th June 2023, 9:01 pm

ബേബിയുടെ ധൈര്യമാകുന്ന പങ്കാളിയും കൗമാരക്കാരന്റെ ആകുലതയില്ലാത്ത അമ്മയും; ഒ. ബേബിയിലെ സെന്‍സുള്ള സുജ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുതലാളി- തൊഴിലാളി ബന്ധം, കൗമാരപ്രണയം, തുടര്‍ന്നു വരുന്ന ദുരഭിമാന ചിന്ത ഒറ്റ നോട്ടത്തില്‍ ഇതാണ് രഞ്ജന്‍ പ്രമോദിന്റെ ഒ.ബേബി. ആദ്യാവസാനം ആസ്വദിക്കാന്‍ പറ്റുന്ന പ്രണയവും സൗഹൃദവും ഉദ്വേഗഭരിതമാര്‍ന്ന മുഹൂര്‍ത്തങ്ങളുമാണ് സിനിമയുടെ രസക്കൂട്ട്.

Spoiler Alert

ദിലീഷ് പോത്തന്റെ ഒതയോത്ത് ബേബി ആണ് പ്രധാന കഥാപാത്രമായി വരുന്നതെങ്കിലും സിനിമയില്‍ വരുന്ന മുഴുവന്‍ കഥാപാത്രങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ചെറിയ കുട്ടികള്‍ മുതല്‍ മുത്തശ്ശിമാരടക്കമുള്ള കഥാപാത്രങ്ങളിലൂടെ വിവിധ തലമുറകളിലെ പ്രാധിനിത്യവും സിനിമ ഉറപ്പുവരുത്തുന്നു.

ഇവരെല്ലാവരും അവരവരുടെ പ്രായത്തിനും അവര്‍ ജീവിച്ചു പോകുന്ന കാലഘട്ടത്തിനോടും നീതി പുലര്‍ത്തുന്നുമുണ്ട്.

ബേബിയുടെ പങ്കാളിയുടെ കഥാപാത്രമായെത്തുന്ന സുജയിലൂടെ സ്വാഭാവികാഭിനയത്തില്‍ ദിലീഷ് പോത്തനൊപ്പം മത്സരിക്കുകയാണ് ഷിനു ശ്യാമളന്‍. ആദ്യം മുതലേ ഈ സ്ത്രീ കഥാപാത്രം പ്രേക്ഷകരില്‍ ഒരു മതിപ്പ് സൃഷ്ടിക്കുന്നുണ്ട്. ഓരോ വ്യക്തികളോടും എങ്ങനെ പെരുമാറുന്നുവെന്നത് തന്നെയാണ് ആ കഥാപാത്രത്തിന്റെ മാറ്റുരക്കുന്നത്.

ഇരുവരുടെയും മകനായ ബേസിലിന് ഒരു പ്രണയമുണ്ടെന്ന തോന്നലില്‍ ബേബി വളരെ ആകുലനാകുന്നുണ്ട്. എന്നാല്‍ അത് മകനോട് നേരെ ചോദിച്ചാല്‍ തീരാവുന്ന പ്രശ്‌നമല്ലേയുള്ളൂവെന്ന ലാഘവത്തോടെയുള്ള സ്വാഭാവിക പ്രതികരണമാണ് ഈ അമ്മ നല്‍കുന്നത്.

എന്തുണ്ടെങ്കിലും മക്കളോട് നേരിട്ട് ചെന്ന് ചോദിക്കാമെന്ന സന്ദേശവും, പ്രണയം ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമാണെന്ന ചിന്തയും സുജ നല്‍കുന്നു. സിനിമയിലെവിടെയും പ്രണയത്തിലകപ്പെട്ട മകനെ കുറിച്ച് ആ അമ്മയ്ക്ക് ആകുലതയില്ല. അതിന്റെ ആവശ്യവുമില്ലെന്ന് ഈ കഥാപാത്രം പറഞ്ഞു വെക്കുകയാണ്.

തോട്ടം തൊഴിലാളികളായ സ്ത്രീകളോട് സുജ കാണിക്കുന്ന മമത വളരെ പ്രധാനപ്പെട്ടതാണ്. അവരോട് വീട്ടിലെ കാര്യങ്ങളും അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും ചോദിച്ച് മനസിലാക്കാന്‍ സുജയ്ക്ക് സാധിക്കുന്നുണ്ട്. സുജ അവിടെയൊരു ആശ്വാസഘടകമായി പ്രവര്‍ത്തിക്കുകയാണ്.

ദിലീഷ് പോത്തനും ഷിനുവും തമ്മിലുള്ള കെമിസ്ട്രി സിനിമയിലെ പല രസമുഹൂര്‍ത്തങ്ങളും കൊണ്ടുവരുന്നുണ്ട്. അമ്മയും മക്കളും അടങ്ങുന്ന കുറച്ചധികം പേരുള്ള വീട്ടില്‍ നിന്ന് പലപ്പോഴും അവര്‍ക്ക് പ്രണയമുഹൂര്‍ത്തങ്ങള്‍ പങ്കിടാന്‍ സാധിക്കാതെ പോകുന്നു. എങ്കിലും അതിനിടയിലെ പല സന്ദര്‍ഭങ്ങളിലുമുള്ള പരസ്പരം താങ്ങും തണലായുമുളള സ്‌നേഹ ബന്ധം പ്രേക്ഷകര്‍ക്ക് നല്‍കുന്നത് നവ്യാനുഭവം തന്നെയാണ്.

പല പ്രതിസന്ധികള്‍ വരുമ്പോഴും ശക്തയായ സ്ത്രീ കഥാപാത്രമായി സുജ മുന്നോട്ട് പോകുന്നു. തളരാത്ത സുജയെ അതിശക്തമാക്കാന്‍ ഷിനുവിനും സാധിച്ചു.

CONTENT HIGHLIGHTS: CHARACTERISATION OF SHINU SHYAMALAN IN O. BABY

We use cookies to give you the best possible experience. Learn more