70കള്‍ക്ക് ശേഷവും ഒരു മനുഷ്യന് സ്വന്തം കരിയറില്‍ എങ്ങനെ ഇതുപോലെ അത്ഭുതപ്പെടുത്താന്‍ സാധിക്കുന്നു എന്നാണ് ഇപ്പോള്‍ ഓരോ മമ്മൂട്ടി ചിത്രങ്ങള്‍ ഇറങ്ങുമ്പോഴും മലയാളി പ്രേക്ഷകര്‍ ചിന്തിക്കുന്നത്. കണ്ണൂര്‍ സ്‌ക്വാഡ് കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ക്ക് അത്രയേറെ സംതൃപ്തിയാണ് ചിത്രം നല്‍കുന്നത്.
നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്‌ക്വാഡില്‍ മമ്മൂട്ടിക്ക് പുറമേ, അസീസ് നെടുമങ്ങാട്, റോണി ഡേവിഡ്, ശബരീഷ് വര്‍മ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്.
യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ചിത്രം പൂര്‍ണമായും റിയലിസ്റ്റിക് അപ്രോച്ചല്ല സ്വീകരിക്കുന്നത്. പ്രേക്ഷകരെ പിടിച്ചിരുത്താന്‍ പാകത്തിന് സിനിമാറ്റിക് എലമെന്റും ചിത്രത്തിനുണ്ട്. അതിനാല്‍ തന്നെ മമ്മൂട്ടി ആരാധകരെ തൃപ്തിപ്പെടുത്താനും രോമാഞ്ചം കൊള്ളിക്കാനുമുള്ളതെല്ലാം കണ്ണൂര്‍ സ്‌ക്വാഡിലുണ്ട്. എന്നാല്‍ കഥാപാത്രം നോക്കിയാല്‍ താരശരീരത്തെക്കാളും പ്രാധാന്യം കഥാപാത്രത്തിന് തന്നെ.
കണ്ണൂര്‍ സ്‌ക്വാഡിലെ ജോര്‍ജ് മാര്‍ട്ടിന്‍ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനല്ല. മേലുദ്യോഗസ്ഥരുടെ വഴക്കും പരിഹാസങ്ങളും അയാള്‍ക്കേല്‍ക്കേണ്ടി വരുന്നുണ്ട് പലപ്പോഴും. വില്ലന്മാര്‍ക്ക് ഇടി കൊടുക്കുക മാത്രമല്ല കൊള്ളുന്നുമുണ്ട്, പരിശ്രമങ്ങള്‍ക്കിടയില്‍ പിന്തിരിഞ്ഞോടേണ്ടി വരുന്നുണ്ട് ജോര്‍ജിനും സ്‌ക്വാഡിനും. പൊലീസ് സംവിധാനത്തില്‍ നിന്നും വേണ്ടതുപോലെ പിന്തുണയില്ലാത്തതിനാല്‍ വേഗത്തിലോടുന്ന പ്രതികള്‍ക്ക് പിന്നില്‍ അയാള്‍ക്ക് വേഗം കുറയുന്നുണ്ട്.
സിനിമാറ്റിക് എലമെന്റുകള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ മമ്മൂട്ടി എന്ന താരത്തെയല്ല, ജോര്‍ജ് എന്ന, ബലഹീനതകളുള്ള, മുന്നില്‍ ഒരുപാട് തടസങ്ങളുള്ള, സംവിധാനങ്ങളുടെ പിന്തുണയില്ലാത്ത സാധാരണ പൊലീസുകാരനെയാണ് കാണുന്നത്. ആ സാധാരണത്വമാണ് ജോര്‍ജിനൊപ്പം ഓടാന്‍ പ്രേക്ഷകരേയും പ്രേരിപ്പിക്കുന്നത്. ആ പടത്തലവനെ നാം നെഞ്ചേറ്റുന്നു. അയാളെ നമ്മളിലൊരാളായി നമുക്ക് തോന്നുന്നു, അല്ലെങ്കില്‍ നാം ആ സ്‌ക്വാഡിലൊരാളായി മാറുന്നു.
പ്രകടനം കൊണ്ട് എഴുത്തുകാര്‍ ആവശ്യപ്പെട്ടതിലുമധികം മമ്മൂട്ടി നല്‍കിയിട്ടുണ്ടാവും. തന്നെക്കാളും എത്രയോ പ്രായം കുറഞ്ഞ ചെറുപ്പക്കാര്‍ക്കൊപ്പമാണ് അദ്ദേഹം ഇത്രയും പ്രസരിപ്പോടെയും ഊര്‍ജത്തോടെയും നില്‍ക്കുന്നത്. നല്ല സിനിമകളേയും പുതിയ സംവിധായകരേയും എഴുത്തുകാരേയും കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും മമ്മൂട്ടി കാണിക്കുന്ന ഉത്സാഹം മലയാള സിനിമയെ മുന്നോട്ട് നയിക്കുകയാണ്.
Content Highlight: Characterisation of George Martin by Mammootty in Kannur Squad