| Monday, 13th February 2023, 11:41 pm

നായകനില്ലെങ്കിലെന്താ, രണ്ട് പേര്‍ക്ക് ട്വിസ്റ്റ് ഇരിക്കട്ടെ; ട്രാന്‍സ്ഫര്‍മേഷന്‍, അതില്ലാതെ പറ്റില്ല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വേഷം മാറി അന്യനാട്ടില്‍ പോകുന്ന നായകന്‍ അല്ലെങ്കില്‍ യഥാര്‍ത്ഥ ഐഡന്റിറ്റി മറച്ചുവെക്കേണ്ട നായകന്‍ ഉദയകൃഷ്ണ സ്‌ക്രിപ്റ്റുകളിലെ ഒരു പ്രത്യേകതയാണ്. സിബി കെ. തോമസിനൊപ്പമുള്ള കൂട്ടുകെട്ടില്‍ ഒരുക്കിയ ചിത്രങ്ങള്‍ തൊട്ടേ ഈ പ്രത്യേകത കാണാം. മാട്ടുപ്പെട്ടി മച്ചാന്‍, ഉദയപുരം സുല്‍ത്താന്‍, റണ്‍വേ, ട്വന്റി ട്വന്റി, കൊച്ചി രാജാവ്, രാജാധിരാജ എന്നീ ചിത്രങ്ങളിലെല്ലാം നായകന്‍ വേഷം മാറി വരുന്നവരോ സ്വന്തം ഐഡന്റിറ്റി മറച്ചുവെക്കേണ്ടി വന്നവരോ ആണ്.

സിബി കെ. തോമസില്‍ നിന്നും മാറി ഒറ്റയ്ക്ക് ഉദയകൃഷ്ണ തിരക്കഥ എഴുതാന്‍ ആരംഭിച്ചപ്പോഴും ഈ ശീലം മാറിയില്ല. മാസ്റ്റര്‍ പീസില്‍ പ്രൊഫസര്‍ എഡ്വേഡ് ലിവിങ്സ്റ്റണ്‍ ഡി.ഐ.ജി. ആന്റോ ആന്റണി ഐ.പി.എസ് ആവുന്നതും ആറാട്ടില്‍ നെയ്യാറ്റിന്‍കര ഗോപന്‍ ഏജന്റ് എക്സ് ആവുന്നതും മോണ്‍സ്റ്ററില്‍ ലക്കി സിങ് ശിവദേവ് സുബ്രഹ്‌മണ്യന്‍ ഐ.പി.എസ് ആവുന്നതും വായും പൊളിച്ച് കണ്ടുനിന്നവരാണ് പ്രേക്ഷകര്‍.

മാസ്റ്റര്‍ പീസിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ സ്ഥിരം രീതികള്‍ക്ക് ചെറിയ മാറ്റം വന്നിരുന്നു. ക്യൂട്ടല്ലാത്ത ഡബിള്‍ മീനിങ് ജോക്ക്‌സ് അടിക്കാത്ത മാരക ട്രാന്‍സ്ഫര്‍മേഷന്‍ സംഭവിക്കാത്ത നായകന്‍ അടുത്തിടെ വന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നു.

എന്നാല്‍ ക്രിസ്റ്റഫറിലേക്ക് എത്തുമ്പോള്‍ നായകന്‍ തുടക്കം മുതല്‍ ഒടുക്കം വരെ ഐ.പി.എസ് ഓഫീസറായ ക്രിസ്റ്റഫര്‍ തന്നെയാണ്. ട്രാന്‍സ്ഫര്‍മേഷന്‍ സീന്‍ ഒഴിവാക്കാന്‍ പറ്റാത്തതുകൊണ്ടാവും നായകനില്ലെങ്കിലും മറ്റ് രണ്ട് പൊലീസ് കഥാപാത്രങ്ങള്‍ക്ക് ഒരു മാരക ട്രാന്‍സ്ഫര്‍മേഷന്‍ ക്രിസ്റ്റഫറില്‍ ഉദയ്കൃഷ്ണ നല്‍കിയിട്ടുണ്ട്.

രണ്ട് കഥാപാത്രങ്ങളാണ് തങ്ങളെ പറ്റി മറ്റുള്ളവര്‍ അറിയാതെ മറച്ചുവെച്ച സത്യം ഒരു ഘട്ടത്തില്‍ പുറത്ത് പറയുന്നത്. ഇതില്‍ ആദ്യം വരുന്നത് പ്രെഡിക്ടബിള്‍ ആയിരുന്നു. രണ്ടാമത്തെ ക്യാരക്ടര്‍ ട്രാന്‍സ്ഫര്‍മേഷന്‍ കാണുമ്പോള്‍, അവസാനം ചെയ്തത് ക്രിസ്റ്റഫറിന് ആദ്യം തന്നെ ചെയ്യാന്‍ മേലായിരുന്നോ എന്ന് പ്രേക്ഷകര്‍ക്ക് തോന്നിയാല്‍ തെറ്റ് പറയാനാവില്ല.

Content Highlight: character twist in udayakrishna movies

We use cookies to give you the best possible experience. Learn more