ഇത് കൊടൂര വില്ലൻ, ഈ മനുഷ്യൻ തന്നെയാണോ നജീബായത്; പൃഥ്വി വീണ്ടും ബോളിവുഡിൽ, ക്യാരക്ടർ പോസ്റ്റർ പുറത്ത്
Entertainment
ഇത് കൊടൂര വില്ലൻ, ഈ മനുഷ്യൻ തന്നെയാണോ നജീബായത്; പൃഥ്വി വീണ്ടും ബോളിവുഡിൽ, ക്യാരക്ടർ പോസ്റ്റർ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 30th March 2024, 12:20 pm

ഇതുവരെ കാണാത്ത റോളിൽ പൃഥ്വിരാജ് സുകുമാരനെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ബഡേ മിയാൻ ചോട്ടെ മിയാൻ’. വില്ലൻ വേഷത്തിലാണ് പൃഥ്വി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

റിലീസായ ട്രെയിലറിലും ഇപ്പോൾ റിലീസായ പോസ്റ്ററും നിഗൂഢത ഒളിപ്പിച്ചു കൊണ്ടാണ് പുറത്തിറങ്ങിയത്. പ്രേക്ഷകർക്കായി തീർത്തും സസ്പെൻസും ആക്ഷനുമെല്ലാം കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. വൈവിധ്യമാർന്ന കഥാപാത്രങ്ങൾക്കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന പൃഥ്വിരാജ് സുകുമാരൻ, സ്‌ക്രീനിലെ തൻ്റെ കഥാപാത്രത്തിലൂടെ കാഴ്ചക്കാരെ ആകർഷിക്കുമെന്ന് ഉറപ്പാണ്.

അക്ഷയ് കുമാർ, ടൈ​ഗർ ഷ്റോഫ് എന്നിവർ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിൽ കബീർ എന്ന വില്ലൻ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. താരത്തിന്റെ മലയാളം ആമുഖത്തോടെയാണ് മുൻപ് ഇറങ്ങിയ ടീസർ ആരംഭിക്കുന്നത്. ഇത് ആദ്യമായാണ് അക്ഷയും ടൈഗറും ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷൻ സിനിമയിൽ ഒരുമിച്ച് അഭിനയിക്കുന്നത്. ഷാഹിദ് കപൂർ നായകനായ ബ്ലഡി ഡാഡി എന്ന ചിത്രത്തിന് ശേഷം അലി അബ്ബാസ് സഫർ ഒരുക്കുന്ന ചിത്രമാണിത്. മുടി നീട്ടി വളർത്തി ഒരു മാസ്ക് കൊണ്ട് മുഖം മറച്ച രീതിയിലാണ് പൃഥ്വിരാജിനെ അവതരിപ്പിക്കുന്നത്.

അയ്യ, ഔറം​ഗസേബ്, നാം ഷബാന എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണ് ബഡേ മിയാൻ ഛോട്ടേ മിയാൻ. ഈ പാൻ-ഇന്ത്യൻ സിനിമയിൽ സോനാക്ഷി സിൻഹ, മാനുഷി ചില്ലർ, അലയ എഫ് എന്നിവരാണ് നായികമാർ. രോണിത്ത് റോയ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വഷു ഭഗ്നാനിയും പൂജ എന്റർടൈൻമെന്റും ചേർന്ന് അലി അബ്ബാസ് സഫർ ഫിലിംസുമായി സഹകരിച്ചാണ് ചിത്രത്തിൻ്റെ നിർമാണം.

വഷു ഭഗ്നാനി, ദീപ്ഷിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി, ഹിമാൻഷു കിഷൻ മെഹ്റ, അലി അബ്ബാസ് സഫർ എന്നിവരാണ് നിർമാതാക്കൾ. അലി അബ്ബാസ് സഫറും ആദിത്യ ബസുവും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആക്ഷൻ ത്രില്ലർ എൻ്റർടൈനർ ഗണത്തിലുള്ള ചിത്രം ഏപ്രിൽ 10ന് ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ തിയേറ്ററുകളിലെത്തും. വാർത്ത പ്രചാരണം: പി.ശിവപ്രസാദ്

Content Highlight: Character Poster Of Prithviraj In Bade Miyan And Chote Miyan