മലയാള സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ലൂസിഫര്‍ എന്ന ബ്ലോക്ക്ബസ്റ്ററിന്റെ രണ്ടാം ഭാഗമാണ്.
കഴിഞ്ഞ കുറച്ച് ദിവസമായി എമ്പുരാന്റെ കഥാപാത്രങ്ങളെ ഓരോന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടുകൊണ്ടിരുന്നു. ഇപ്പോഴിതാ കഥയിലെ രാജാവിന്റെ, ഖുറേഷി അബ്രാമിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. മോഹന്‍ലാലിന്റെ പോസ്റ്റര്‍ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയി.
എമ്പുരാനെ കുറിച്ചും ഖുറേഷി അബ്രാം എന്ന കഥാപാത്രത്തെ കുറിച്ചും മോഹന്‍ലാല്‍ പറയുന്നത്
‘ലൂസിഫര്‍ എന്ന സിനിമയില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രം, ആ സിനിമയുടെ അവസാന ഭാഗത്ത് അയാള്‍ക്ക് മറ്റൊരു പേരുണ്ടെന്നും അയാള്‍ ഭരിക്കുന്ന മറ്റൊരു ലോകമുണ്ടെന്നും നിങ്ങളെ അറിയിച്ചു. രണ്ടാം ഭാഗത്തേക്ക് വരുമ്പോള്‍ ഖുറേഷി അബ്രാം എന്ന കഥാപാത്രവും അയാളുടെ ലോകത്തേയുമാണ് നിങ്ങള്‍ പരിചയപ്പെടാന്‍ പോകുന്നത്.
എങ്ങനെയാണ് ഖുറേഷി അബ്രാം അയാളുടെ ലോകത്തിലെ പ്രശ്‌നങ്ങളും കേരളം അഭിമുഖീകരിക്കുന്ന ഇപ്പോഴത്തെ പുതിയ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കുന്നു എന്നതിനെ കുറിച്ചാണ് ഈ സിനിമ.
സ്റ്റീഫന്‍ നെടുമ്പള്ളി അഥവാ ഖുറേഷി അബ്രാമിന്റെ മുഴുവന്‍ കഥ നിങ്ങള്‍ക്ക് അറിയണമെങ്കില്‍ നിങ്ങള്‍ ഒരുപക്ഷെ മൂന്ന് ഭാഗങ്ങളായി പറയുന്ന ഈ ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗവും കാണേണ്ടി വരും. അതുകൊണ്ടുതന്നെ രണ്ടാം ഭാഗത്തിന്റെ അവസാനം മൂന്നാം ഭാഗത്തേക്കുള്ള ലീഡ് കൂടെ ഉണ്ടാകും.
എന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ സിനിമയായാണ് ഞാന്‍ എമ്പുരാനെ കാണുന്നത്. അതിന്റെ രണ്ടാം ഭാഗത്തെ വളരെ ശ്രദ്ധയോടും വലുപ്പത്തോടും ചിത്രീകരിക്കുവാന്‍ ഞങ്ങള്‍ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്. അതിലെ അഭിനേതാക്കളെയും ലൊക്കേഷനെയുമെല്ലാം അത്രയും ശ്രദ്ധയോടെയാണ് പൃഥ്വിരാജ് എന്ന സംവിധായകന്‍ തെരഞ്ഞെടുത്തിരിക്കുന്നത്.
പൃഥ്വിരാജ് എന്ന സംവിധായകന്റെ വളരെ ശ്രദ്ധേയമായ സിനിമയായിരിക്കും ഇത്. എമ്പുരാന് വേണ്ടി നമുക്ക് കാത്തിരിക്കാം. ഖുറേഷി അബ്രാം ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്. ഒന്നാം ഭാഗത്ത് സ്റ്റീഫന്‍ പറഞ്ഞപോലെ ചെകുത്താന്റെ സ്വന്തം നാട്ടിലേക്ക് എങ്ങനെ തിരിച്ച് വരുന്നു എന്നുള്ളതാണ് ഈ സിനിമ. ആ വരവിനായി ഞാനും കാത്തിരിക്കുകയാണ്,’ മോഹന്‍ലാല്‍ പറയുന്നു.
Content highlight: Character poster of Mohanlal from Empuraan movie is out