| Sunday, 5th January 2025, 1:48 pm

പ്രൊഫസര്‍ ലൂണയാവാന്‍ മലയാളത്തിന്റെ അമ്പിളി വീണ്ടുമെത്തുന്നു; പിറന്നാള്‍ ദിനത്തില്‍ വരവറിയിച്ച് ജഗതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമാ മേഖലയിലെ എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളാണ് ജഗതി ശ്രീകുമാര്‍. ഹാസ്യ തരമായും സ്വഭാവനടനായും വില്ലന്‍ കഥാപാത്രങ്ങളിലൂടെയും അദ്ദേഹം പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്.

സിനിമ ലോകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു നടന്‍ ജഗതി ശ്രീകുമാറിന് ഉണ്ടായ വാഹനാപകടം. തിരുവമ്പാടി തമ്പാന് എന്ന സിനിയുടെ സെറ്റില്‍ നിന്ന് മടങ്ങവെയായിരുന്നു 2012ല്‍ താരത്തിന് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ ജഗതി പിന്നീട് സിനിമയില്‍ അഭിനയിച്ചിട്ടില്ല. പത്ത് വര്‍ഷത്തോളം നീണ്ട ഇടവേളക്ക് ശേഷം 2022ല്‍ സിബിഐ:5 ദ ബ്രെയിന്‍ എന്ന ചിത്രത്തില്‍ ഏതാനും മിനിറ്റുകള്‍ അദ്ദേഹം എത്തിയിരുന്നു.

ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമാകാന്‍ തയ്യാറെടുക്കുകയാണ് ജഗതി ശ്രീകുമാര്‍. ഗഗനചാരി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അരുണ്‍ ചന്തു സംവിധാനം ചെയ്യുന്ന വല (VALA) എന്ന ചിത്രത്തിലൂടെയാണ് നടന്‍ തിരിച്ചുവരവിന് ഒരുങ്ങുന്നത്. ജഗതി അവതരിപ്പിക്കുന്ന പ്രൊഫസര്‍ അമ്പിളി AKA അങ്കിള്‍ ലൂണ.ആര്‍ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ജഗതിയുടെ ജന്മദിനമായ ഇന്ന് (ജനുവരി അഞ്ച്) വലയുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി.

സയന്‍സ് ഫിക്ഷന്‍-ഫാന്റസി-സോബി ഴോണറില്‍ ഒരുങ്ങുന്ന വലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ക്രിസ്തുമസ് ദിനത്തില്‍ പുറത്ത് വന്നിരുന്നു. അണ്ടര്‍ഗോസ് എന്റെര്‍റ്റൈന്മെന്റ്സാണ് ചിത്രം നിര്‍മിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഏറ്റവും മികച്ച പരീക്ഷണ ചിത്രമെന്ന വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ഗഗനചാരി. അരുണ്‍ ചന്തു സംവിധാനം ചെയ്ത ചിത്രത്തില്‍ ഗണേഷ് കുമാര്‍, ഗോകുല്‍ സുരേഷ്, അനാര്‍ക്കലി മരിക്കാര്‍, അജു വര്‍ഗീസ് എന്നിവരായിരുന്നു പ്രധാന താരങ്ങള്‍.

2040കളില്‍ അന്യഗ്രഹജീവികള്‍ കടന്നുവന്ന ഡിസ്റ്റോപിയന്‍ കേരളത്തിന്റെ കഥയാണ് സിനിമ പറയുന്നത്. സാജന്‍ ബേക്കറി, സായാഹ്ന വാര്‍ത്തകള്‍ എന്നീ സിനിമകള്‍ക്ക് ശേഷം അരുണ്‍ ചന്തു സംവിധാനം ചെയ്ത സിനിമയാണ് ഗഗനചാരി. വല എന്ന ചിത്രം ഗഗനചാരിയുടെ രണ്ടാം ഭാഗമായാണ് ഒരുങ്ങുന്നതെന്നും സൂചനകളുണ്ട്.

Content Highlight: Character Poster Of Jagathy Sreekumar From VALA Movie Is out

We use cookies to give you the best possible experience. Learn more