പ്രണയ വിലാസം പ്രണയം മാത്രമല്ല, പരിഗണന കിട്ടാതെ, ജീവിതം ഹോമിക്കുന്ന അമ്മമാരുടെ കഥ കൂടിയാണ്
Film News
പ്രണയ വിലാസം പ്രണയം മാത്രമല്ല, പരിഗണന കിട്ടാതെ, ജീവിതം ഹോമിക്കുന്ന അമ്മമാരുടെ കഥ കൂടിയാണ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 27th February 2023, 11:57 pm

എന്‍ഗേജിങ്ങായ കഥക്കൊപ്പം മികച്ച പെര്‍ഫോമന്‍സുകള്‍ കൂടി ചേരുന്നതാണ് പ്രണയ വിലാസം സിനിമ. അനശ്വര രാജന്‍, അര്‍ജുന്‍ അശോകന്‍, ഹക്കിം ഷാ, മനോജ് കെ.യു. എന്നിവര്‍ തങ്ങളുടെ കഥാപാത്രങ്ങളെ ഗംഭീരമാക്കിയിട്ടുണ്ട്. സിനിമ തീരുമ്പോള്‍ ഏറ്റവും മനസില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രം അനുവായിരിക്കും.

സിനിമ തുടങ്ങുമ്പോള്‍ അവരെ അധികം ശ്രദ്ധിക്കാന്‍ സാധ്യതയില്ല. കുറച്ചുകഴിയുമ്പോഴാണ് വീടിനുള്ളില്‍ ആ സ്ത്രീ അനുഭവിക്കുന്ന വേദനകള്‍ പ്രേക്ഷകരും രജിസ്റ്റര്‍ ചെയ്യാന്‍ തുടങ്ങുന്നത്. കേരളത്തിലെ ഒരുപാട് സ്ത്രീകളുടെ പ്രതിനിധിയാണ് അനു. അച്ഛനും മകനും ഇഷ്ടത്തിനനുസരിച്ച് ചായയും കാപ്പിയും ഉണ്ടാക്കികൊടുക്കുകയും എന്നാല്‍ സ്വന്തം ഇഷ്ടത്തേയോ സാന്നിധ്യത്തേയോ പോലും പരിഗണിക്കാന്‍ ആരുമില്ലെന്ന വേദനയോടെയും ജീവിക്കേണ്ടി നിരവധി സ്ത്രീകളുടെ പ്രതിനിധി.

കാലാകലങ്ങളായി സമൂഹം ഒരുക്കിവെച്ചിരിക്കുന്ന കെട്ടുകളില്‍ പെട്ട് കുടുംബത്തിനും മക്കള്‍ക്കും ഭര്‍ത്താവിനും വേണ്ടി ജീവിതം മാറ്റിവെച്ച് സ്വന്തം ഐഡന്റിറ്റി തന്നെ നഷ്ടപ്പെടുന്ന കുറെയേറെ സ്ത്രീകളുടെ പ്രതിരൂപമാണ് അനു. വിവാഹത്തിന് മുമ്പ് അവര്‍ എന്തെക്കെയോ ആയിരുന്നു. അവരുടെ ഡയറി വായിച്ച് താനിത് വരെ കണ്ട അമ്മയല്ല ഇതിലുള്ളത് എന്ന മകന്റെ ഡയലോഗില്‍ പുരുഷാധിപത്യ സമൂഹത്തിലെ വിവാഹ ജീവിതം സ്ത്രീയെ എത്രത്തോളം മാറ്റുന്നുവെന്ന് കാണിക്കുന്നുണ്ട്.

അനു എന്ന കഥാപാത്രം കൂടുതല്‍ ആഴത്തില്‍ പ്രേക്ഷകരെ സ്പര്‍ശിക്കുന്നത് ഇന്റര്‍വെല്ലിനോട് അടുക്കുമ്പോഴാണ്. അനു എന്ന കഥാപാത്രം മൂലം ആ വീട്ടിലെ പൂച്ചയുടെ ആക്ഷന്‍സിലൂടെ പോലും പ്രേക്ഷകരുടെ കണ്ണുകളെ നനയിക്കുന്നുണ്ട്. കഥയുടെ സെക്കന്റ് ഹാഫിലും സിനിമ തീരുമ്പോഴും അനുവായിരിക്കും പ്രേക്ഷകന്റെ മനസില്‍ തങ്ങി നില്‍ക്കുന്നത്.

പ്രണയ വിലാസം പ്രണയം മാത്രമല്ല പറയുന്നത്, ഒരു പരിഗണനയും കിട്ടാതെ, സന്തോഷം അനുഭവിക്കാതെ ജീവിതം ജീവിച്ചു തീര്‍ക്കുന്ന ഭാര്യമാരുടെയും
അമ്മമാരുടെയും കഥ കൂടിയാണ്.

Content Highlight: character portrayal of anu in pranaya vilasam