| Sunday, 5th May 2024, 7:59 pm

'പെണ്ണേ നിന്നേ പാട്ടിലാക്കാമെടി'; ഒരു പാട്ടിലൂടെ മാത്രം തിരികെ പോകേണ്ടി വന്ന കൃഷ്ണ

വി. ജസ്‌ന

2017ല്‍ തിയേറ്ററിലെത്തിയ ഉദാഹരണം സുജാത എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്കെത്തിയ താരമാണ് അനശ്വര രാജന്‍. കുറഞ്ഞ വര്‍ഷം കൊണ്ട് മലയാളത്തിലെ മികച്ച നായികമാരില്‍ ഒരാളാവാന്‍ അനശ്വരക്ക് സാധിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം അവസാനം റിലീസായ ജീത്തു ജോസഫ് – മോഹന്‍ലാല്‍ ചിത്രമായ നേരിലെ സാറ എന്ന കഥാപാത്രം താരത്തിന് ഏറെ പ്രശംസകള്‍ നേടി കൊടുത്തിരുന്നു. അതിന് ശേഷം ഈ വര്‍ഷമാദ്യം മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ എത്തിയ ജയറാം നായകനായ അബ്രഹാം ഓസ്‌ലറിലെ അനശ്വരയുടെ സുജ എന്ന കഥാപാത്രത്തിന്റെ പ്രകടനവും ഏറെ ശ്രദ്ധേയമായിരുന്നു.

ഇപ്പോള്‍ അനശ്വര രാജന്‍ എത്തുന്ന സിനിമകളും ആ കഥാപാത്രങ്ങളും ഏറെ മികച്ചതാണെന്ന അഭിപ്രായമുയര്‍ന്നിരുന്നു. ഒപ്പം താരത്തിന്റെ തെരഞ്ഞെടുപ്പുകളും ചര്‍ച്ചയായിരുന്നു. അനശ്വര രാജന്റേതായി ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ.

ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രത്തില്‍ നിവിന്‍ പോളിയായിരുന്നു നായകനായി എത്തിയത്. ക്വീന്‍, ജനഗണമന എന്നീ സിനിമകള്‍ക്ക് ശേഷം ഷാരിസ് മുഹമ്മദിനൊപ്പം തുടര്‍ച്ചയായി ഡിജോ മൂന്നാമതും ഒരു സിനിമക്കായി ഒന്നിച്ചു എന്ന പ്രത്യേകതയും മലയാളി ഫ്രം ഇന്ത്യക്കുണ്ടായിരുന്നു.

മലയാളി ഫ്രം ഇന്ത്യയുടേതായി പുറത്തിറങ്ങിയ പ്രോമോ മുതല്‍ക്ക് തന്നെ അനശ്വരയുടെ കൃഷ്ണ എന്ന കഥാപാത്രം ചര്‍ച്ചയായിരുന്നു. പിന്നീട് ചിത്രത്തിലെ കൃഷ്ണ സോങ് കൂടെ പുറത്ത് വന്നതോടെ ചര്‍ച്ചകള്‍ വര്‍ധിച്ചു. ആ പാട്ടില്‍ അനശ്വരയുടെ കൃഷ്ണ എന്ന കഥാപാത്രത്തിന് പിന്നാലെ നടക്കുന്ന നിവിന്റെയും ധ്യാനിന്റെയും കഥാപാത്രങ്ങളെയാണ് പ്രേക്ഷകര്‍ കണ്ടത്.

അവിടം മുതല്‍ അനശ്വരയുടെ കഥാപാത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് കനം വെച്ചു. പാട്ടില്‍ നിവിന്റെ ആല്‍പറമ്പില്‍ ഗോപിയെന്ന കഥാപാത്രം ഇഷ്ടം പറഞ്ഞ് കൃഷ്ണയുടെ പിന്നാലെ നടക്കുന്നത് സ്റ്റോക്കിങ്ങാണെന്ന രീതിയിലുള്ള സംസാരത്തിലേക്ക് പോലും വഴിവെച്ചിരുന്നു.

എന്നാല്‍ മലയാളി ഫ്രം ഇന്ത്യ എന്ന സിനിമ പുറത്ത് വന്നതോടെ അനശ്വരയുടെ മികച്ച കഥാപാത്രത്തെ കാണാന്‍ കാത്തിരുന്ന പ്രേക്ഷകര്‍ക്ക് അത് വലിയ നിരാശയായിരുന്നു നല്‍കിയത്. ചിത്രത്തില്‍ കൃഷ്ണ സോങ് മാറ്റി നിര്‍ത്തിയാല്‍ അനശ്വരക്ക് അഭിനയിക്കാന്‍ ഉള്ള സീനുകള്‍ കയ്യിലെണ്ണാവുന്നത് മാത്രമായിരുന്നു.

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മാത്രം ആ പാട്ടിലേക്ക് വന്ന കഥാപാത്രമായി കൃഷ്ണ ചുരുങ്ങിയത് പോലെ പ്രേക്ഷകര്‍ക്ക് അനുഭവപെട്ടു. എന്തിനായിരുന്നു അനശ്വരയുടെ ആ കഥാപാത്രമെന്ന് ചിന്തിപ്പിക്കും വിധമായിരുന്നു ഈ സിനിമ.

ചുരുക്കത്തില്‍ മലയാളി ഫ്രം ഇന്ത്യയില്‍ കൃഷ്ണ എന്ന് സോങ്ങിന് അപ്പുറത്തേക്ക് ഒന്നും ചെയ്യാന്‍ ഇല്ലാതെ മടങ്ങി പോകേണ്ടി വന്ന കഥാപാത്രമായിരുന്നു അനശ്വരയുടേത്.

Content Highlight: Character Of Anaswara Rajan In Malayali From India

വി. ജസ്‌ന

ഡ്യൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more