Advertisement
Film News
ഭീഷ്മ വര്‍ധനല്ല, 'മിഖായേല്‍'; സണ്‍ഗ്ലാസ് വെച്ച് സ്‌റ്റൈലന്‍ ലുക്കില്‍ മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Dec 31, 01:14 pm
Friday, 31st December 2021, 6:44 pm

2022 ല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രം ഭീഷ്മപര്‍വത്തിലെ മമ്മൂട്ടിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. മിഖായേലെന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഭീഷ്മയില്‍ അവതരിപ്പിക്കുന്നത്. സണ്‍ഗ്ലാസിട്ട് സ്‌റ്റൈലന്‍ ലുക്കില്‍ കാറിന്റെ ഡോര്‍ തുറക്കുന്ന നിലയിലാണ് മമ്മൂട്ടിയുടെ പോസ്റ്റര്‍.

തുടര്‍ച്ചയായ ദിവസങ്ങളില്‍ ചിത്രത്തിലെ ഓരോ ക്യാരക്ടര്‍ പോസ്റ്ററുകളും അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടപ്പോഴും മമ്മൂട്ടിയുടെ ക്യാരക്ടര്‍ പോസ്റ്ററിന് വേണ്ടിയായിരുന്നു ആരാധകര്‍ കാത്തിരുന്നത്.

സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് ഭീഷ്മ വര്‍ധന്‍ എന്നായിരുന്നു ആദ്യം മുതല്‍ കേട്ടിരുന്നത്. എന്നാല്‍ പുതിയ പോസ്റ്ററില്‍ മൈക്കിള്‍ എന്നാണ് മമ്മൂട്ടിയുടെ ക്യാരക്ടറിന് നല്‍കിയിരിക്കുന്ന പേര്.

മമ്മൂട്ടിയും അമല്‍ നീരദും വീണ്ടും ഒന്നിക്കുന്ന ഭീഷ്മ പര്‍വം 2022 ല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. പഴയകാല ഡോണ്‍ ആയിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത്.

ഡോണായിരുന്ന നായകന്‍ ചില കാരണങ്ങളാല്‍ തന്റെ ഗ്യാംങ്സ്റ്റര്‍ ജീവിതം അവസാനിപ്പിച്ച് ബിസിനസുകാരനാവുകയും, തുടര്‍ന്ന് വരുന്ന സംഭവവികാസങ്ങള്‍ കാരണം വീണ്ടും ഭൂതകാലത്തിലേക്ക് പോകുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് നേരത്തെ പ്രഖ്യാപിച്ചിരുന്ന ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാല്‍’ കഴിഞ്ഞ വര്‍ഷം ചിത്രീകരണം നടക്കേണ്ട ചിത്രമായിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ കാരണം മാറ്റിവെക്കേണ്ടിവരികയായിരുന്നു.

ലോക്ക്ഡൗണ്‍ കാലത്ത് വൈറലായ മമ്മൂട്ടിയുടെ മുടി നീട്ടിവളര്‍ത്തിയ ലുക്ക് ഭീഷ്മ പര്‍വത്തിന് വേണ്ടിയുള്ളതായിരുന്നു. തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നാദിയ മൊയ്തു, മാല പാര്‍വതി തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

ആനന്ദ് സി ചന്ദ്രനാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാമിന്റേതാണ് സംഗീതം. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ദേവദത്ത് ഷാജി, രവി ശങ്കര്‍, ആര്‍.ജെ. മുരുകന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. അമല്‍ നീരദ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: character look poster of mammootty in bheeshmaparvam