| Sunday, 13th November 2022, 9:33 am

ദിലീപും ഞാന്‍ തന്നെ, അനിലും ഞാന്‍ തന്നെ; കൊടൂര വില്ലത്തി; ലൂക്കിനൊത്ത എതിരാളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

Spoiler Alert

റോഷാക്ക് കണ്ടവര്‍ക്കൊക്കെ ഏറ്റവും മികച്ച കഥാപാത്ര സൃഷ്ടിയില്‍ രണ്ടഭിപ്രായമുണ്ടാകാനുള്ള സാധ്യതയുണ്ട്. പല കഥാപാത്രങ്ങളും പലരുടെയും ഫേവറീറ്റുകളായപ്പോള്‍ ഭൂരിഭാഗത്തിന്റെയും ഇഷ്ടം പിടിച്ചുപറ്റിയത് ലൂക്കും സീതയുമാണ്.

ബിന്ദു പണിക്കരുടെ കരിയറിലെ തന്നെ ഒരു പാത്ത്‌ബ്രേക്കറാണ് സീത. ആ കഥാപാത്രത്തിന്റെ ഡെവലപ്‌മെന്റ് ഒരു അമ്പരപ്പോടെ മാത്രമേ കാണാനാവൂ. മക്കളെ ജീവന് തുല്യം സ്‌നേഹിക്കുന്ന, തന്റെ അഭിമാനത്തിന് ഭംഗം വന്നാല്‍ അത് എങ്ങനെയും സംരക്ഷിക്കുന്ന അമ്മയാണ് അവര്‍. തുടക്കത്തില്‍ ഒരു സാധാരണ കഥാപാത്രമായി വരികയും കഥ പോകെ പോകെ കൂടുതല്‍ ലെയറുകളിലേക്ക് നീങ്ങുകയും ചെയ്യുന്ന ഒരു കഥാപാത്രമാണിത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ പ്രതികാരം മൂത്ത് ഭ്രാന്തായി പോയ ലൂക്കിനൊത്ത എതിരാളി.

കുടുംബത്തിന്റെ മാനം ഒരിക്കല്‍ പോയാല്‍ എല്ലാവരും കൂടി ചത്ത് കളഞ്ഞേക്കണം എന്ന് അഷ്‌റഫാണ് പറയുന്നതെങ്കിലും അത് സീതയുടെ ആപ്തവാക്യം തന്നെയാണ്.

അഷ്‌റഫില്‍ നിന്നും മകനൊരു കൊലയാളിയാണെന്ന് മനസിലാക്കുമ്പോള്‍ തന്റെ നിസഹായവസ്ഥ അവര്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ അതിലും അഷ്‌റഫ് വഴങ്ങില്ലെന്ന് മനസിലാക്കുന്നതോടെ അയാളെ കൊല്ലാന്‍ സീത തീരുമാനിക്കുകയാണ്. ശീതളപാനീയത്തില്‍ അഷ്‌റഫിന് വിഷം കൊടുത്ത് കൊല്ലുമ്പോഴും തന്റെ നിസഹായവസ്ഥയാണ് അവര്‍ വിവരിക്കുന്നത്. അപ്പോഴും സീത കരയുകയായിരുന്നു. അഷ്‌റഫ് ജീവന് വേണ്ടി പിടയുമ്പോഴും സീതയുടെ കണ്ണുകളില്‍ കണ്ണുനീര്‍ നിറഞ്ഞിരുന്നു. അത് കുടുംബത്തിന്റെ മാനം പോകുമെന്ന ചിന്തയാലാണോ അതോ അത് രക്ഷിക്കാനായി ഒരാളെ കൊല്ലേണ്ടി വന്നതുകൊണ്ടാണോ എന്ന് പ്രേക്ഷകര്‍ക്ക് പല തരത്തില്‍ വ്യാഖ്യാനിക്കാം.

കൊലപാതകത്തിന് ശേഷം അവര്‍ക്കുണ്ടാകുന്ന ഒരു ധൈര്യമുണ്ട്. മരുമകനായ ശശാങ്കന്‍ ആധി പിടിക്കുമ്പോഴും സീതക്ക് ചെയ്യേണ്ട കാര്യങ്ങളെ പറ്റി വ്യക്തതയുണ്ട്. കണ്ണുനീര്‍ തുടച്ച് അനിലേ എന്ന വിളിയില്‍ തന്നെ എന്താണ് ചെയ്യേണ്ടതെന്ന് മകന് അറിയാം.

ലൂക്കിനെ കാണാന്‍ പോകുമ്പോഴും സീത കാണിക്കുന്ന ഒരു അപ്രമാദിത്യമുണ്ട്. ലൂക്കിന്റെ നേര്‍ക്ക് നേര്‍ ഇരുന്ന് ‘ദിലീപും ഞാന്‍ തന്നെ അനിലും ഞാന്‍ തന്നെ, എന്റെ മക്കടെ നന്മയും തിന്മയും ഞാന്‍ തന്നെ,’ എന്ന് സീത പറയുമ്പോള്‍ ലൂക്കിന്റെ കാര്യത്തിലും തീരുമാനമായി എന്ന് ചില പ്രേക്ഷകരെങ്കിലും വിചാരിച്ചു കാണും.

എന്നാല്‍ പ്രതികാരം മൂത്ത് ഭ്രാന്തായ ലൂക്കിന് മുന്നില്‍ സീത പരാജയപ്പെട്ടു. ശശാങ്കന്റെ വെളിപ്പെടുത്തലില്‍ അറസ്റ്റിലായ സീത കുടുംബത്തിന്റെ മാനവും പേരും നഷ്ടപ്പെട്ടതില്‍ ആത്മഹത്യയില്‍ വിലയം പ്രാപിക്കുന്നു. തലതെറിച്ച ആണ്‍മക്കളുണ്ടായാല്‍ എല്ലാ അമ്മമാരുടെയും സ്ഥിതി ഇതാണ് എന്ന ആശയത്തെ തലതിരിച്ചിടുകയാണ് റോഷാക്കിലെ സീത.

Content Highlight: character development of sita in rorschach

We use cookies to give you the best possible experience. Learn more