| Thursday, 23rd March 2023, 5:24 pm

നായകനെ സൈഡാക്കിയ വില്ലന്‍; പത്താനിലൂടെ തിരിച്ചുവരവ് നടത്തിയത് ഷാരൂഖ് മാത്രമല്ല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷാരൂഖ് ഖാന്‍ നായകനായ പത്താന്‍ തിയേറ്റര്‍ റിലീസില്‍ തന്നെ മികച്ച പ്രതികരണങ്ങളാണ്  നേടിയിരുന്നത്. ഒ.ടി.ടിയില്‍ റിലീസായതോടെ പത്താന്‍ വീണ്ടും ചര്‍ച്ചകളിലേക്ക് ഉയരുകയാണ്.

സ്‌പൈ ആക്ഷന്‍ ഴോണറിലെത്തിയ ചിത്രം മുമ്പ് വന്ന ബോളിവുഡ് ആക്ഷന്‍ ചിത്രങ്ങളുടെ ചേരുവകള്‍ ഉപയോഗിച്ച് തന്നെയാണ് നിര്‍മിക്കപ്പെട്ടത്. എങ്കില്‍ പോലും ചിത്രത്തിന് പ്രേക്ഷകനെ പിടിച്ചിരുത്താനും എന്‍ഗേജിങ്ങാക്കാനും കഴിയുന്നുണ്ട്.

ഇതിനൊരു പ്രധാന ഘടകം ഷാരൂഖ് ഖാന്‍ എന്ന സ്റ്റാര്‍ മെറ്റീരിയല്‍ തന്നെയാണ്. തുടര്‍ച്ചയായുള്ള ഫ്‌ളോപ്പുകള്‍ക്കും നാല് വര്‍ഷത്തെ ഇടവേളക്കും ശേഷം ഇതുപോലൊരു തിരിച്ചുവരവ് തന്നെയാണ് ആരാധകരും ആഗ്രഹിച്ചത്. എന്നാല്‍ ഷാരൂഖിന്റെ നായകനെക്കാളുപരി കഥയെ നയിക്കുന്നത് വില്ലനായ ജിമ്മാണ്.

ഒരു ആക്ഷന്‍ ചിത്രം മികച്ചതാക്കുന്നതില്‍ വില്ലനുള്ള പങ്ക് ചെറുതല്ല. വില്ലന്‍ ശക്തനാകും തോറും കഥ കൂടുതല്‍ ആവേശകരമാവും. നായകന് വെല്ലുവിളിയൊന്നുമില്ലെങ്കില്‍ പിന്നെ ചിത്രം വിരസമാവും. എന്നാല്‍ വില്ലനായ ജിം നായകനായ പത്താനെക്കാള്‍ ഒരുപടി മുന്നിലാണ്. കഥയില്‍ നിര്‍ണായക ഗതികള്‍ കൊണ്ടുവരുന്നത് ജിമ്മാണ്.

വെറുമൊരു ക്രൂരനായ വില്ലനാക്കാതെ നല്ലൊരു ബാക്ക് സ്റ്റോറിയും വില്ലന് കൊടുക്കുന്നുണ്ട്. രാജ്യത്തിന് വേണ്ടി പോരാടിയതുകൊണ്ട് സ്വന്തം കുടുംബത്തെ പോലും ജിമ്മിന് നഷ്ടമായി. അതും സ്വന്തം കണ്‍മുന്നില്‍ വെച്ച് അതിക്രൂരമായാണ് അയാള്‍ക്ക് ആ നഷ്ടമുണ്ടാവുന്നത്. അത് ജിമ്മിനെ പ്രതികാര ദാഹിയാക്കുകയാണ്. കാശിന് വേണ്ടിയാണ് ഞാന്‍ ഇതെല്ലാം ചെയ്യുന്നതെന്നാണോ നിന്റെ വിചാരമെന്ന ജിമ്മിന്റെ ചോദ്യത്തില്‍ എല്ലാം വ്യക്തമാകുന്നുണ്ട്.

ഇങ്ങനെയൊരു ബാക്ക് സ്റ്റോറി ഉണ്ടെങ്കിലും അത് പറഞ്ഞൊരു ഇമോഷണല്‍ ഡ്രാമയിലേക്കൊന്നും ജിം പോകുന്നില്ല. തന്റെ ജീവിതത്തില്‍ സംഭവിച്ച ദുരന്തത്തിന് ശേഷം അയാള്‍ പൂര്‍ണമായും പൈശാചികമായ മാനസികാവസ്ഥയിലേക്ക് മാറുന്നുണ്ട്. രാജ്യത്തിനെതിരായ ജിമ്മിന്റെ ഓരോ പ്ലാനുകളേയും നേരിടുക മാത്രമാണ് പത്താന്‍ ചെയ്യുന്നത്. ജിമ്മിന് മുമ്പില്‍ എപ്പോഴും തോറ്റുപോകുന്ന പത്താന്‍ ഒടുവില്‍ മാത്രമാണ് വിജയം കാണുന്നത്.

ചിത്രത്തില്‍ മികച്ച പ്രകടനമാണ് ജോണ്‍ എബ്രഹാം നടത്തിയിരിക്കുന്നത്. പത്താനിലൂടെ തിരിച്ചുവരവ് നടത്തിയത് ഷാരൂഖ് മാത്രമല്ല, ശക്തമായ മാസ് വില്ലനിലൂടെ ജോണ്‍ എബ്രഹാം കൂടിയാണ്. അദ്ദേഹത്തിന്റെ കരിയറിലെ മികച്ച കഥാപാത്രമാണ് ജിം. വളരെ വ്യക്തമായ കഥാപാത്രസൃഷ്ടിയാണ് ജിമ്മിന്റേത്. കഥാപാത്രത്തോട് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്ന ഡയലോഗുകളാണ് ജോണ്‍ എബ്രഹാമിന് നല്‍കിയിരിക്കുന്നതും.

Content Highlight: character arc of john abraham’s jim in pathaan

We use cookies to give you the best possible experience. Learn more