| Friday, 25th August 2023, 12:30 pm

ഗോകുലിനെ ഉപയോഗിച്ചോ കൊത്ത?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളി പ്രേക്ഷകരുടെ ആകാംക്ഷ ഏറെ ഉയര്‍ത്തിയ ചിത്രമാണ് കിങ് ഓഫ് കൊത്ത. പഴയ ഹിറ്റ് കോമ്പോ ആയ മമ്മൂട്ടിയുടേയും ജോഷിയുടേയും ഇളം തലമുറ ഒന്നിക്കുന്നു എന്ന കൗതുകം ചിത്രത്തിനുണ്ടായിരുന്നു. ഇതിനൊപ്പം സുരേഷ് ഗോപിയുടെ മകനായ ഗോകുല്‍ സുരേഷുമെത്തിയതോടെ കൊത്തക്കത് ഒന്നുകൂടി ഫേവര്‍ ചെയ്തു.

Spoiler Alert

കൊത്ത ഭരിക്കുന്ന രാജുവിന്റെ കഥ രണ്ട് കാലഘട്ടങ്ങളിലായി പറയുകയാണ് അഭിലാഷ് ജോഷി. രാജുവിന്റെ ഗ്യാങ്ങിലുള്ള അംഗമാണ് ഗോകുല്‍ സുരേഷ് അവതരിപ്പിച്ച ടോണി. ചിത്രത്തിന്റെ തുടക്കത്തില്‍ അയാള്‍ ഒരു പൊലീസുകാരനാണ്. ടൗണില്‍ പുതുതായി ചാര്‍ജെടുക്കുന്ന സി.ഐയോട് അയാളാണ് കൊത്തയുടെ കഥ പറഞ്ഞുകൊടുക്കുന്നത്.

രാജുവിന്റെ ഗ്യാങ്ങിലെ മറ്റ് അംഗങ്ങളെ അപേക്ഷിച്ച് ടോണി എപ്പോഴും ഭയന്നാണ് നില്‍ക്കുന്നത്. രാജുവിന്റെ അടിയും വെല്ലുവിളികളും ആദ്യമായി കാണുന്ന ഭാവമാണ് അയാളുടെ മുഖത്ത്. എന്നാല്‍ ഇത് എന്തുകൊണ്ടാണെന്ന് വ്യക്തമാവുന്നില്ല. ഒന്നുകില്‍ അയാള്‍ക്ക് ഇതിലൊന്നും താല്‍പര്യമുണ്ടാവില്ല, അല്ലെങ്കില്‍ ആദ്യമായാവും കാണുന്നത്. പ്രത്യേകിച്ച് ഒരു കാരണവും പ്രേക്ഷകര്‍ക്ക് വ്യക്തമായി കിട്ടില്ല.

രണ്ടാം ഭാഗത്തില്‍ ടോണി എന്തെങ്കിലുമൊക്കെ ചെയ്യുമെന്ന് പ്രതീക്ഷിച്ചാല്‍ പ്രേക്ഷകര്‍ക്ക് നിരാശയാണ് ഫലം. ട്രെയ് ലറും ടീസറും കണ്ട് ദുല്‍ഖറും ഗോകുലും തമ്മില്‍ ഒരു കോണ്‍ഫ്‌ളിക്ടോ ടെന്‍ഷനോ അതുപോലെ എന്തെങ്കിലും ഡെവലപ്പ്‌മെന്റോ ഉണ്ടാകുമെന്ന് പ്രേക്ഷകര്‍ വിചാരിച്ചാല്‍ തെറ്റ് പറയാനാവില്ല. കഥ നരേറ്റ് ചെയ്യുന്നതിലപ്പുറം ടോണിക്ക് കിങ് ഓഫ് കൊത്തയില്‍ ഒന്നും ചെയ്യാനില്ല.

കഥാഗതിക്ക് ഒരു ഇംപാക്ടും നല്‍കാത്ത കഥാപാത്രമായി ടോണി മാറി. സെക്കന്റ് ഹാഫില്‍ അദ്ദേഹം ഇമോഷണല്‍ ആവുന്നുണ്ടെങ്കിലും ചിത്രത്തിലെ മറ്റ് സെനാരിയോകള്‍ എന്ന പോലെ അതിനും ഒരു ഫീലില്ലാതായി. പ്രകടനത്തിലേക്ക് വരുമ്പോള്‍ കഥാപാത്രം ആവശ്യപ്പെട്ടത് ഗോകുല്‍ നല്‍കിയിട്ടുണ്ട്.

ചിത്രത്തിലെ ഒരു യു.എസ്.പി ആയിരുന്നു ഗോകുല്‍. എന്നാല്‍ അത് ചിത്രം ഒരു തരത്തിലും ഉപയോഗപ്പെടുത്തിയില്ല. മമ്മൂട്ടി- സുരേഷ് ഗോപി കോമ്പോയുമായി ദുല്‍ഖര്‍- ഗോകുല്‍ കോമ്പോക്ക് താരതമ്യം ഉണ്ടാകുമെന്നതുറപ്പാണ്. എന്നാല്‍ അത്തരമൊരു കോമ്പോ കിങ് ഓഫ് കൊത്ത നല്‍കുന്നില്ല.

Content Highlight: Character and performance of Gokul Suresh in King of Kotha

We use cookies to give you the best possible experience. Learn more