കിങ് ഓഫ് കൊത്തയില്‍ രഞ്ജിത്ത് ഭായ് രാജുവിനോട് പറയുന്ന ഒരു ഡയലോഗുണ്ട്, പെണ്ണുങ്ങളുടെ ശരീരം മാത്രമേ നമുക്ക് സ്വന്തമാക്കാനാവുകയുള്ളൂ, മനസ് സ്വന്തമാക്കാന്‍ സാധിക്കില്ലെന്ന്. സിനിമയിലും ആ വിധി തന്നെയാണ് രഞ്ജിത്ത് ഭായിയെ കാത്തിരിക്കുന്നതും.
ദുല്‍ഖര്‍ സല്‍മാന്‍, ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ എന്നിങ്ങനെ വലിയ താരനിര എത്തിയ കൊത്തയില്‍ ഏറ്റവും മികച്ച് നിന്ന പ്രകടനങ്ങളിലൊന്നാണ് ചെമ്പന്‍ വിനോദിന്റെ രഞ്ജിത്ത് ഭായ്. കല്ലുകടിയാവുന്ന സംഭാഷണങ്ങളെ തന്റെ പ്രകടനത്തിലൂടെ ചെമ്പന്‍ മറികടന്നിട്ടുണ്ട്.
കൊത്ത എന്ന സാങ്കല്‍പിക ഗ്രാമം അടക്കി ഭരിക്കുന്ന രാജുവിന്റേയും അയാളുടെ രണ്ട് കാലഘട്ടങ്ങളിലായുള്ള ജീവിതത്തിലെ പ്രധാന സംഭവങ്ങളെ പറ്റിയുമാണ് കിങ് ഓഫ് കൊത്ത സംസാരിക്കുന്നത്. ഫസ്റ്റ് ഹാഫില്‍ രാജുവിന്റെ പ്രധാന എതിരാളിയായി വരുന്നത് രഞ്ജിത്ത് ഭായിയാണ്. രാജുവിന് പറ്റിയ ഒരു എതിരാളിയല്ല രഞ്ജിത്ത് ഭായ്. അതിനാല്‍ അയാള്‍ ബുദ്ധി കൊണ്ട് ഒരു കളി കളിക്കുകയാണ്.
വളരെ കുറച്ച് സമയമാണ് ഈ കഥാപാത്രം സ്‌ക്രീനിലെത്തുന്നത്. വന്ന സമയമത്രയും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ രഞ്ജിത്ത് ഭായിക്കായിട്ടുണ്ട്. ആക്ഷന്‍ ചിത്രമായ കൊത്തയില്‍ അത്യാവശം തമാശക്ക് വക നല്‍കുന്നതും രഞ്ജിത്ത് ഭായ് ആണ്.
ഇംഗ്ലീഷും മലയാളവും കലര്‍ന്ന രഞ്ജിത്തിന്റെ സംഭാഷണങ്ങളാണ് ഇതില്‍ ഏറ്റവും രസകരം. പ്രത്യകിച്ചും രാഹുല്‍ മാധവുമായുള്ള സീക്വന്‍സുകള്‍. ഒ.ടി.ടി റിലീസിന് ശേഷം മറ്റ് കഥാപാത്രങ്ങള്‍ക്കെല്ലാം വിമര്‍ശനം നേരിട്ടപ്പോള്‍ അല്‍പം ആശ്വാസം നല്‍കിയ കഥാപാത്രമായാണ് രഞ്ജിത്ത് ഭായിയെ പ്രേക്ഷകര്‍ വിലയിരുത്തിയത്. ചെമ്പന്‍ വിനോദിന് പുറമേ ഷമ്മി തിലകന്‍ അവതരിപ്പിച്ച കൊത്ത രവി എന്ന കഥാപാത്രത്തിനും പ്രകടനത്തിനും പ്രശംസ ലഭിച്ചിരുന്നു.
Content Highlight: Character and performance of Chemban Vinod in King of Kotha