രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ആവേശം. റീ ഇൻട്രൊഡ്യൂസിങ് ഫഫ എന്ന ടാഗ് ലൈനിൽ പുറത്തിറങ്ങിയ ചിത്രം ഒരുതരത്തിൽ ഫഹദ് ഫാസിലിന്റെ അഴിഞ്ഞാട്ടമായിരുന്നു. രംഗൻ എന്ന ഗുണ്ടാ നേതാവായാണ് ഫഹദ് ചിത്രത്തിൽ തകർത്താടിയത്.
തിയേറ്ററിൽ ഗംഭീര മുന്നേറ്റം നടത്തി നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ച ചിത്രം കഴിഞ്ഞ ദിവസം ഒ.ടി.ടിയിൽ റിലീസായിരുന്നു. തിയേറ്ററിൽ നിന്ന് ഒ. ടി. ടിയിൽ എത്തിയപ്പോഴും രംഗണ്ണനും പിള്ളേരും മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.
ചിത്രത്തിലെ ഫഹദിന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് സെലിബ്രേറ്റികളടക്കം നിരവധിപേർ മുന്നോട്ട് വരുന്നുണ്ട്. സിനിമ ഗ്രൂപ്പുകളിലും ആവേശം ചർച്ചയായി മാറുന്നുണ്ട്. മിഥുന്‍ ജയശങ്കര്‍, കൊല്ലംകാരനായ ഹിപ്സ്റ്റര്‍, റോഷന്‍ ഷാനവാസ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷത്തിൽ എത്തിയത്.
അമ്പാനായി എത്തിയ സജിൻ ഗോപുവിന്റെ ഗംഭീര പ്രകടനവും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജിത്തു മാധവന്റെ ആദ്യ സിനിമയായ രോമാഞ്ചത്തിലെ നിരൂപിൽ നിന്ന് വ്യത്യസ്തമായി ഒരു മാസ് പരിവേഷം നൽകിയ കഥാപാത്രമാണ് അമ്പാൻ.
ചിത്രത്തിൽ എടുത്ത് പറയേണ്ട മറ്റൊരു കഥപാത്രമാണ് നഞ്ചപ്പ. അമ്പാൻ രംഗന്റെ വിശ്വസ്തനായ ഗുണ്ടായാണ്. എന്നാൽ അമ്പാനോളമോ അമ്പാനേക്കാളേറേയോ ആ പദവി അവകാശപ്പെടാൻ കഴിയുന്ന ആളാണ് നഞ്ചപ്പ. സംസാരിക്കാൻ കഴിയാത്ത നഞ്ചപ്പയ്ക്ക് പലപ്പോഴും രംഗന്റെ മനസ് നന്നായി മനസിലാക്കാൻ കഴിയുന്നുണ്ട്. ആക്ഷൻ സീനുകൾ കൊണ്ട് ഞെട്ടിക്കാൻ വേണ്ടി മാത്രം ഒരുക്കിയ ഒരു കഥാപാത്ര രൂപീകരണമല്ലായിരുന്നു നഞ്ചപ്പ.
രംഗനെ ഏറ്റവും അറിയുന്ന. അയാളുടെ ബലഹീനതകൾ നന്നായി മനസിലാക്കുന്ന ഒരു ചേട്ടന്റെയോ അച്ഛന്റെയോ സ്ഥാനം നഞ്ചപ്പക്കുണ്ട്. ഒരുപക്ഷെ രംഗൻ ഒരിക്കലും കരയരുതെന്നും എവിടെയും തോൽക്കരുതെന്നും ഏറ്റവും നിർബന്ധമുണ്ടായിരുന്നത് നഞ്ചപ്പനായിരിക്കും. ചിത്രത്തിന്റെ ക്ലൈമാക്സിൽ രംഗൻ കരഞ്ഞിറങ്ങി വരുമ്പോൾ അവന്റെ കണ്ണ് തുടച്ച് കൂളിങ് ഗ്ലാസ് വെച്ച് കൊടുക്കുന്നത് നഞ്ചപ്പയാണ്.
ആവേശത്തിലെ ഏറ്റവും മനോഹരമായ സീനുകളിൽ ഒന്നാണിത്. അമ്പാൻ പോലെ തീർച്ചയായും ചർച്ച ചെയ്യേണ്ട കഥാപാത്രമാണ് നഞ്ചപ്പയും.
അമ്പാനെക്കാൾ സ്ക്രീൻ ടൈം കുറവാണെങ്കിലും പ്രേക്ഷകർക്ക് മറക്കാൻ കഴിയാത്ത കഥാപാത്രമായിരുന്നു അത്. ഒ. ടി. ടി റിലീസിന് പിന്നാലെ ചർച്ചയാവുകയാണ് നഞ്ചപ്പ. ഫിലിം ഗ്രൂപ്പുകളിലും ചർച്ചകളിലും ആവേശം ഇടംനേടുന്നുണ്ട്.
Content Highlight: Character Analysis Of Nanjappa In Aavesham Movie