ശേഷം മൈക്കിൽ ഫാത്തിമ കണ്ടിറങ്ങുന്ന ഏതൊരു പ്രേക്ഷകരുടെയും മനസിൽ ഫാത്തിമ നില നിൽക്കാൻ പോവുന്നത് അവളുടെ വ്യത്യസ്തമായ ആഗ്രഹം കൊണ്ടായിരിക്കും. ചെറുപ്പം മുതൽ ഇക്കയോടൊപ്പം ഫുട്ബോൾ കളി കണ്ടും കളിച്ചും അറിയുന്ന ഫാത്തിമ വളരുന്നതും ആ ഒരു ചുറ്റുപാടിലാണ്.
ഇക്കാക്ക വിസിൽ അടിക്കുന്നത് കണ്ടിട്ട് ഫാത്തിമയ്ക്കും അത് പഠിക്കണമെന്ന് പൂതി തോന്നുകയാണ്. ഫാത്തിമ വായിൽ വിരൽ വെച്ചൊന്ന് ഊതി നോക്കും. കാറ്റ് മാത്രമേയുള്ളൂ. ഇക്കയോട് അത് പഠിപ്പിച്ചു തരാൻ പറയുമ്പോൾ അയാൾ അവളെ കളിയാക്കുകയാണ് ചെയ്യുന്നത്.
പക്ഷെ വിട്ടു കൊടുക്കാൻ പാത്തു തയ്യാറല്ലായിരുന്നു. അവൾ കുത്തിയിരുന്ന് ശ്രമിച്ചു കൊണ്ടേയിരുന്നു. അവളുടെ വിസിലടി പഠിക്കാനുള്ള ശ്രമം കാരണം അടുത്ത വീട്ടിലേക്ക് വന്ന ഒരാൾ അയാളെ ശൂ ശൂ ന്ന് വിളിച്ചതാണെന്ന് വരെ തെറ്റിദ്ധരിക്കുന്നുണ്ട്.
അത് കണ്ട് വരുന്ന ഫാത്തിമയുടെ ഉമ്മ, ‘ഇയ്യ് എന്തിനാ ഓനെ ശൂ ശൂ ന്ന് വിളിച്ചത്, നാട്ടുകാരെ കൊണ്ട് പറയിപ്പിക്കല്ലേ’എന്നൊക്കെ പറഞ്ഞ് അവളോട് ദേഷ്യപ്പെടും.
അയാളെ വിളിച്ചതല്ല വിസിൽ അടിക്കാൻ നോക്കിയതാണ് എന്ന് ഫാത്തിമ പറയുമ്പോഴും ഉമ്മ ഓരോന്ന് പറയുന്നുണ്ട്.
ശേഷം, അകത്ത് കിടന്നുറങ്ങുന്ന ഭർത്താവിന്റെ അടുത്ത് ചെന്ന് ഉമ്മ പറയും, പുറത്ത് പറമ്പിൽ ഒരു തേങ്ങ വീണിട്ടുണ്ട്. ഇങ്ങൾ അതൊന്ന് പോയി നോക്കെന്ന്. പക്ഷെ ഭർത്താവ് അത് കേട്ടിട്ടും ചുരുണ്ട് മൂടി അവിടെ കിടപ്പ് തന്നെയാണ്. അവര് വിടാൻ ഉദ്ദേശമില്ലായിരുന്നു
ഫാത്തിമയുടെ ഉമ്മ ഒന്നുകൂടി അത് ഓർമിപ്പിച്ചു. ഒടുവിൽ നിവൃത്തിയില്ലാതെ അയാൾ അവിടെ നിന്ന് എഴുന്നേറ്റ് വീടിന്റെ പുറത്തേക്ക് ഇറങ്ങി. ഭർത്താവ് വീടിന് പുറത്തിറങ്ങിയോ എന്നത് അവർ ഒന്നുകൂടെ ജനലിലൂടെ നോക്കി ഉറപ്പ് വരുത്തിയ ശേഷം വേഗം അടുക്കളയിലുള്ള ഫാത്തിമയുടെ അടുത്തേക്ക് പോവുകയാണ്.
എന്നിട്ട് ഫാത്തിമയോട് പറയും, ഇയ്യ് ഉപ്പ പോയോ എന്നൊന്ന് നോക്കെന്ന്. പാത്തു നോക്കിയിട്ട് പോയെന്ന് പറയുമ്പോൾ ഉമ്മ ആ അടുക്കള വാതിൽ അടച്ചിട്ട് ഫാത്തിമയ്ക്ക് ആ വിദ്യ കാണിച്ചു കൊടുക്കും.
ഫാത്തിമ ഏറെ ആഗ്രഹിച്ച, പഠിക്കണമെന്ന് മോഹിച്ച വിസിൽ അടിക്കുന്ന വിദ്യ അവളുടെ ഉമ്മ നല്ല അസ്സല്ലായി അവൾക്ക് കാണിച്ച് കൊടുത്തു. ഫാത്തിമ അത് കണ്ട് അത്ഭുതപ്പെടുകയാണ്. അവൾ ഉമ്മയെ മുറുക്കെ കെട്ടിപ്പിടിക്കും. കവിളിൽ ഉമ്മ കൊടുക്കും. അവർ രണ്ട് പേരും നിർത്താതെ ഉറക്കെ വിസിൽ അടിക്കുമ്പോൾ വീടിനപ്പറം നിൽക്കുന്ന ഫാത്തിമയുടെ ഉപ്പ അത് കേട്ടൊന്ന് കാതോർക്കുന്നതും കാണാം.
ശേഷം മൈക്കിൽ ഫാത്തിമയിലെ ഏറ്റവും മനോഹരമായ ഒരു സീനാണിത്. മനസ് കൊണ്ട് ഫാത്തിമയുടെ ഏത് ആഗ്രഹത്തിനും എന്നും കൂടെ നിൽക്കുന്ന ആളാണ് അവളുടെ ഉമ്മ. പക്ഷെ പരുക്കനായ അവരുടെ ഭർത്താവിന് മുന്നിൽ അവർ മറ്റൊരു സ്ത്രീയാണ്. അവിടെ അയാൾ പറയുന്നതെല്ലാം ശരി വെക്കുന്ന തരത്തിലാണ് അവർ പെരുമാറുക.
ഫാത്തിമ എന്താണെന്നും ഫാത്തിമയുടെ ഇഷ്ടമെന്താണെന്നും അറിയുന്ന ഉമ്മ പലപ്പോഴും പ്രതിനിധാനം ചെയ്യുന്നത് ഫാത്തിമയുടെ ആഗ്രഹങ്ങളെ തന്നെയാണ്. പലപ്പോഴായി നാലു ചുവരുകൾക്കുള്ളിൽ മൂടിവെക്കപ്പെട്ട മോഹങ്ങളെല്ലാം പുറത്തേക്ക് വലപൊട്ടിച്ചെത്തിയ നേരമായിരുന്നു അത്. ഭർത്താവുള്ളപ്പോൾ ഫാത്തിമയെ വഴക്ക് പറയുകയും അയാളുടെ അഭാവത്തിൽ പാത്തുവിന്റെ ആഗ്രഹങ്ങളെല്ലാം നിറവേറ്റാനും ശ്രമിക്കുന്ന ഉമ്മ ഒരുപാട് സ്ത്രീകളുടെ ഒരു തനി പകർപ്പാണ്.
പെണ്ണുകാണാൻ വന്ന ചെക്കൻ ഫാത്തിമയുടെ ചില ചോദ്യങ്ങൾ കാരണം തിരിച്ച് പോകുമ്പോഴും അവിടെയും ഒരു പുഞ്ചിരിയുമായി ഉമ്മ ഫാത്തിമയോടൊപ്പമുണ്ട്. പെണ്ണ് കാണാൻ വരുന്നതിന് മുൻപ് സംസാര പ്രിയയായ ഫാത്തിമയോട് ഉമ്മ പറയുന്നത് ചെക്കനോട് ഒന്നും ചോദിക്കണ്ട എന്നാണ്. അവർ പോയതിന് ശേഷം ആ ഉമ്മ തന്നെയാണ് നീ എന്തൊക്കെയാണ് അവനോട് ചോദിച്ചതെന്ന് ചിരിച്ചുകൊണ്ട് അവളോട് ചോദിക്കുന്നത്.
ഉപ്പയ്ക്കും മകൾക്കും ഇടയിൽ പലപ്പോഴും ഒരു പാലമായി പ്രവർത്തിക്കുന്നത് ഉമ്മയുടെ കഥാപാത്രമാണ്. മുൻപ് ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഉമ്മച്ചിയായി എത്തിയ നടി പ്രിയ ശ്രീജിത്തിന്റെ പ്രകടനം പലപ്പോഴും പ്രേക്ഷകരെയും പിടിച്ചിരുത്തുന്നുണ്ട്.
ഉപ്പയുടെയും മകളുടെയും പല ഇഷ്ടാനിഷ്ടങ്ങളെയും ബാലൻസ് ചെയ്ത് കൊണ്ട് പോവാനും കഴിവുള്ള സ്ത്രീയായി സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുമ്പോഴും ഒരുപാട് ലൗഡാവാതെ നിശബ്ദതമായൊരു വിപ്ലവം ആ കഥാപാത്രത്തിലൂടെ സൃഷ്ടിക്കാൻ സംവിധായകൻ മനു.സി. കുമാറും ശ്രമിക്കുന്നുണ്ട്. അവിടെയെല്ലാമാണ് സിനിമയുടെ പ്രമേയം പോലെ ഈയൊരു കഥാപാത്രവും വ്യത്യസ്തമാവുന്നത്.
Content Highlight: Character Analysis Of Mother Character In Shesham Maikil Fathima Movie