| Saturday, 4th July 2020, 7:56 pm

ഇവിടെ ഒരു കുളത്തെ കൊല്ലുകയാണ്; ചാറാചിറ കുളം നവീകരിക്കുന്നത് സംരക്ഷിക്കാനോ ഇല്ലാതാക്കാനോ?

കവിത രേണുക

തിരുവനന്തപുരം ജില്ലയിലെ ചാറാചിറ കുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകരും സമീപവാസികളും. മൂന്ന് ഏക്കറുള്ള കുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ കുളത്തിന്റെ സ്വാഭാവിക ജൈവവൈവിധ്യത്തെ സാരമായി ബാധിക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.

ചാറാചിറ കുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നഗരസഭയുടെ കീഴിലാണ് ആരംഭിച്ചിരിക്കുന്നത്. വലിയ രീതിയിലുള്ള നവീകരണ പ്രവര്‍ത്തനമാണ് നഗരസഭയ്ക്ക് കീഴില്‍ നടക്കാന്‍ പോകുന്നത്. കുളത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച കോര്‍പറേഷന്‍ സെക്രട്ടറിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ്  പരിസ്ഥിതി പ്രവര്‍ത്തകരും കുളത്തിന് സമീപത്തെ അധ്യാപകരും.

മൂന്ന് കോടി ചിലവിട്ടാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അതേസമയം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിയെ ബാധിക്കില്ലെന്നാണ് നഗരസഭാ അധികൃതരുടെ വാദം. കുളത്തിന്റെ സൗന്ദര്യവത്കരണം, നടപ്പാത നിര്‍മിക്കല്‍, മീന്‍ പിടിക്കാനുള്ള സ്ഥലം തുടങ്ങിയവയാണ് നഗരസഭയുടെ നിര്‍മാണ പ്രവര്‍ത്തനത്തിന്റെ പ്രാഥമിക ലക്ഷ്യമായി കണക്കാക്കുന്നത്.

കുളത്തിന്റെ മൂന്നു ഭാഗവും നിലവില്‍ മതില്‍ കെട്ടിയിട്ടുണ്ട്. ഒരു ഭാഗം ചളിയും കുളവാഴയും നിറഞ്ഞിരിക്കുകയാണ്. കുളത്തിനിരുവശവുമായി നടപ്പാത നിര്‍മിച്ചിരിക്കുന്നു. ഓവ് ചാല്‍ നിര്‍മാണവും നടന്നുകൊണ്ടിരിക്കുകയാണ്.

എന്നാല്‍ ഈ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അശാസ്ത്രീയമാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്.

ചാറാചിറകുളം-ചരിത്രം

19-ാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ ഡോബി ഗട്ട് അഥവാ അലക്കു കേന്ദ്രമായി നിലനിന്നിരുന്ന ഇടമായിരുന്നു ചാറാചിറ കുളം. തിരുവിതാംകൂര്‍ രാജാവിന്റെ കാലം മുതലേ അവിടെ അലക്കുകാര്‍ ഉണ്ട്.  മീന്‍പിടുത്തവമുണ്ടായിരുന്നു. ആര്‍ക്കും കുളത്തിന്റെ യഥാര്‍ത്ഥ വിസ്തീര്‍ണം എത്രയാണെന്നറിയില്ല.

എന്നാല്‍ 9 ഏക്കറോളം വിസ്തീര്‍ണമുണ്ടായിരുന്നു കുളത്തിനെന്നാണ് കരുതപ്പെടുന്നത്. ഓരോ കാലഘട്ടത്തിലുമായി നടന്ന കയ്യേറ്റങ്ങളിലൂടെ കുളത്തിന്റെ വിസ്തീര്‍ണം ഇന്ന് 3 ഏക്കറായി ചുരുങ്ങി.

കാലങ്ങളായി കുളത്തിന് സമീപത്ത് അലക്ക് ജോലി ചെയ്ത് വന്നിരുന്നവരായതിനാല്‍ ആദ്യഘട്ടത്തില്‍ കുളത്തിന്റെ കയ്യേറ്റം നടത്തിയത് ഇവര്‍ ആണെന്ന് പറയപ്പെടുന്നു. പരിസരവാസികളും സ്ഥലം കയ്യേറിയതായി പറയപ്പെടുന്നുണ്ട്. എന്നാല്‍ വലിയ തോതിലുള്ള കയ്യേറ്റ ശ്രമമാണ് നഗരസഭയ്ക്ക് കീഴില്‍ നിന്നും വരുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ചാറാചിറ വിഷയം പുറത്തു വന്നതെങ്ങനെ?

നന്ദന്‍കോടുള്ള ചാറാചിറ കുളം സംരക്ഷിക്കുന്നതിന്റെ ഭാഗമായി 2016-ലാണ് ഇവാഞ്ചലിന്‍ സുഗുണന്‍ എന്ന അധ്യാപികയുടെ നേതൃത്വത്തില്‍ ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ അന്നത്തെ മേയറായിരുന്ന വി.കെ പ്രശാന്തിനെ സമീപിക്കുന്നത്. കുളത്തിലെ അനധികൃത കയ്യേറ്റം തടയണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു കുട്ടികളും അധ്യാപകരും മേയറിന് പരാതി നല്‍കിയത്.

പ്രശ്‌നം പരിഹരിക്കാമെന്ന് പറഞ്ഞെങ്കിലും കാര്യമായൊന്നും നടന്നില്ല. കയ്യേറ്റം നടന്നുകൊണ്ടിരുന്നു. അധ്യാപികയുടെ നേതൃത്വത്തില്‍ കുട്ടികളെ ഏകോപിപ്പിച്ചുകൊണ്ട് കുളത്തിനടുത്ത് പോവുകയും പ്രദേശം നിരീക്ഷിക്കുകയും ചെയ്തു. കുളത്തിന്റെ പരിസര പ്രദേശം അങ്ങേയറ്റം മലിനമായിരുന്നെന്നാണ് അതില്‍ നിന്നും കണ്ടെത്തിയതെന്ന് അധ്യാപികയായ ഇവാഞ്ചലിന്‍ സുഗുണന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

2016ല്‍ ‘വിപ്രോ എര്‍ത്തിയന്‍ സസ്റ്റയിനബിലിറ്റി എജുക്കേഷന്‍ പ്രോഗ്രാം’ എന്ന പദ്ധതിയുടെ ഭാഗമായി കുളത്തിന്റെ സമീപത്തുള്ള സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളും അധ്യാപികയായ ഇവാഞ്ചലിന്‍ സുഗുണനും ചേര്‍ന്നാണ് ആദ്യമായി ചാറാച്ചിറ കുളത്തിന്റെ ഭൂമിശാസ്ത്ര പ്രത്യേകതകളും കൂടി കണക്കിലെടുത്ത് പഠനം ആരംഭിക്കുന്നത്. എങ്ങനെയാണ് കുളത്തിന് ചുറ്റുമായി കെട്ടിയ മതില്‍ കുളത്തെ നശിപ്പിക്കുന്നത് എന്നായിരുന്നു കുട്ടികളുടെ കണ്ടെത്തല്‍.

പരസ്പര പൂരകങ്ങളായി കിടക്കുന്ന കരയിലേയും ജലത്തിലേയും ആവാസവ്യവസ്ഥയെ കുളത്തില്‍ കെട്ടിയ മതില്‍ വേര്‍തിരിക്കുമെന്നാണ് ഇവരുടെ പഠനത്തില്‍ പറയുന്നത്. തീര്‍ത്തും അശാസ്ത്രീയമാണ് മതിലിന്റെ നിര്‍മാണമെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. നന്ദന്‍ കോട് വാര്‍ഡിലെ കുളത്തെ ഇത് പൂര്‍ണമായും നശിപ്പിക്കുമെന്നും പഠനത്തില്‍ പറയുന്നു.

കുളത്തിലേക്ക് ആളുകള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയാന്‍ തുടങ്ങി. പണ്ട് ആളുകള്‍ അലക്കാനും മറ്റും ഉപയോഗിച്ചിരുന്ന കുളം പിന്നീട് മാലിന്യങ്ങളാല്‍ നിറഞ്ഞു. വീടുകളിലെ മാലിന്യങ്ങള്‍ കുളത്തിലേക്ക് തള്ളാന്‍ തുടങ്ങിയെന്നും ടൈംസ് ഓഫ് ഇന്ത്യയില്‍ ഇതിനെക്കുറിച്ച് വന്ന വാര്‍ത്തയില്‍ ചൂണ്ടിക്കാണിക്കുന്നു.

കുട്ടികളുടെ അന്വേഷണത്തിലൂടെ കണ്ടെത്തിയ കാര്യങ്ങള്‍ അധ്യാപിക ഇവാഞ്ചലിന്‍ സുഗുണനോടൊപ്പം പരാതിയായി അവര്‍ അന്നത്തെ മേയര്‍ വി.കെ പ്രശാന്തിന് നല്‍കുകയായിരുന്നു. അദ്ദേഹം വിഷയത്തില്‍ ഇടപെടാമെന്ന് പറഞ്ഞെങ്കിലും പിന്നീട് ഒന്നും ചെയ്തില്ലെന്ന് അധ്യാപിക പറഞ്ഞു.

‘സ്ഥലം കയ്യേറുന്നതും കുളത്തിലേക്കിറക്കി മതില്‍ കെട്ടുന്നതും അതെങ്ങനെ ആവാസ വ്യവസ്ഥയെ നശിപ്പിക്കുമെന്നുമെല്ലാം കുട്ടികളുടെ അന്വേഷണത്തിലൂടെ കണ്ടെത്തിയ കാര്യങ്ങളാണ്. അടുത്ത വര്‍ഷവും ഇതേ സ്ഥലത്ത് പഠനം നടത്തി. അപ്പോഴേക്കും കഴിഞ്ഞ വര്‍ഷം ഇറങ്ങിയ സ്ഥലത്ത് പിന്നീട് ഇറങ്ങാന്‍ പോലും പറ്റാത്ത സ്ഥിതിയായി. അത്രയധികം മാലിന്യമായിരുന്നു.

അന്ന് നഗരസഭാ മേയര്‍ വി. കെ പ്രശാന്തായിരുന്നു. അദ്ദേഹത്തെ പോയി കണ്ടു. സംസാരിച്ചു. അദ്ദേഹം നോക്കാം എന്നൊക്കെ പറഞ്ഞു. പക്ഷെ ഒന്നും ചെയ്തില്ല. കുളത്തിനുള്ളിലേക്കിറക്കിയാണ് അവര്‍ മതില്‍ കെട്ടിയത്. ഇപ്പോള്‍ റോഡും മതിലും തമ്മിലുള്ള ദൂരം അവര്‍ മണ്ണിട്ട് നികത്തി,’ ഇവാഞ്ചലിന്‍ സുഗുണന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കുളത്തിനോട് ചേര്‍ന്ന് ഒരു നടപ്പാത കെട്ടുന്നുണ്ടായിരുന്നു. ഒരു ഡ്രൈനേജും. ഇത് രണ്ടും ശാസ്ത്രീയമല്ല എന്നാണ് ഇവാഞ്ചലിന്‍ സുഗുണന്‍ പറയുന്നത്. 15-20 അടി വരെ ദൂരത്തിലാണ് റോഡില്‍ നിന്ന് കുളം വരെ മണ്ണിട്ട് നികത്തിയിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നഗരസഭയുടെ കീഴിലെ നവീകരണ പ്രവര്‍ത്തനം വിവാദമാകുമ്പോള്‍

നഗരസഭയ്ക്ക് കീഴില്‍ നവീകരണ പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ വീണ്ടും വിവാദങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന രീതിയില്‍ പ്രത്യേകിച്ചും മൂന്ന് ഏക്കര്‍ വരുന്ന കുളത്തെ നശിപ്പിക്കുന്ന രീതിയില്‍ ഒട്ടും ശാസ്ത്രീയമല്ലാതെയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നാണ് പരാതി നല്‍കിയ അധ്യാപികയുടെയും മറ്റു പരിസ്ഥിതി പ്രവര്‍ത്തകരുടെയും വാദം.

നഗരസഭാ അധികൃതരുടെ വാദമനുസരിച്ച് സ്ഥലത്ത് വലിയ രീതിയിലുള്ള കയ്യേറ്റം നടന്നിട്ടില്ല. സ്ഥലത്തെക്കുറിച്ച് യാതൊരു പാരിസ്ഥിതിക-ശാസ്ത്രീയ പഠനങ്ങളും നടത്താതെയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നതെന്ന് എന്‍വയണ്‍മെന്റ് പ്രൊട്ടക്ഷന്‍ ആന്‍ഡ് റിസര്‍ച്ച് കൗണ്‍സില്‍ പ്രസിഡന്റായ സജീവന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘കുളത്തിന്റെ ഉള്ളിലേക്കുള്ള പ്രദേശം കയ്യേറിയിട്ടില്ല എന്ന് പറയുമ്പോഴും കുളത്തിലേക്കിറക്കി തന്നെയാണ് അവര്‍ മതില്‍ കെട്ടിയിട്ടുള്ളത്. രണ്ട് ജെ.സി.ബിക്ക് വരെ ഒരുമിച്ച് നില്‍ക്കാനുള്ള സ്ഥലം ഇപ്പോള്‍ തന്നെ ആ സ്ഥലത്തുണ്ട്. റോഡ് വികസനത്തിന്റെ ഭാഗമായി പന്ത്രണ്ടര മീറ്റര്‍ സ്ഥലം ഏറ്റെടുക്കുന്നു എന്നാണ് ആദ്യഘട്ടത്തില്‍ കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞത് പിന്നീടാണ് ഈ നവീകരണ പ്രവര്‍ത്തനങ്ങളത്രയും നടത്തിവരുന്നത്.

നിയമപ്രകാരം യാതൊരു പാരിസ്ഥിതിക പഠനവും കൂടാതെ ഒട്ടും ശാസ്ത്രീയമല്ലാതെ കുളം കയ്യേറുകയാണ് നഗരസഭ ചെയ്യുന്നത്,’ സജീവന്‍ പറഞ്ഞു.

അതേസമയം നിയമപ്രകാരം സര്‍ക്കാരിന്റെ ഭൂമിയാണെങ്കില്‍ സര്‍ക്കാരിന് അത് കൈകാര്യം ചെയ്യാനുള്ള അവകാശമുണ്ടാകും. അതേസമയം ആ ഭൂമിയെ എന്നന്നേക്കുമായി രൂപമാറ്റം വരുത്താന്‍ സര്‍ക്കാരിന് കഴിയില്ല. ഇനി ഭൂമിയോ കുളമോ രണ്ട് ഹെക്ടറില്‍ (അഞ്ച് ഏക്കര്‍) കൂടുതലുണ്ടെങ്കില്‍ അത് വെറ്റ്‌ലാന്റായി മാറുമെന്നും അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

നിയമപരമായി വെറ്റ്‌ലാന്റില്‍ വരുന്ന പ്രദേശം യാതൊരു പാരിസ്ഥിതിക പഠനവും കൂടാതെ സര്‍ക്കാരിനാണെങ്കില്‍ പോലും ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും സജീവന്‍ പറയുന്നു. ഇവാഞ്ചലിന്‍ സുഗുണന്‍ കേസുമായി മുന്നോട്ട് പോകാനുള്ള ശ്രമത്തില്‍ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ടൂറിസ്റ്റ് അമിനിറ്റി സെന്ററര്‍ ഉണ്ടാക്കാനുള്ള പദ്ധതിയാണ് നഗരസഭ നടത്തുന്നതെന്നും സ്വിമ്മിംഗ് പൂള്‍, ഷോപ്പിംഗ് സെന്ററുകള്‍ തുടങ്ങിയവയടക്കം നിര്‍മിക്കാനുള്ള പദ്ധതിയാണ് നടത്തി വരുന്നതെന്നും സജീവന്‍ വ്യക്തമാക്കി. അതായത് ഈ കുളവും കുളത്തോട് ചേര്‍ന്നുള്ള ചതുപ്പ് നിലവും മണ്ണിട്ട് നിരത്താനുള്ള പദ്ധതിയാണ് ഇവര്‍ നടത്തുന്നതെന്നും സജീവന്‍ പറഞ്ഞു.

നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പ്രദേശത്തേക്ക് കടന്നു ചെല്ലാന്‍ മാധ്യമങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടെന്നും സജീവന്‍ പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നവര്‍ പാരിസ്ഥിതിക പ്രവര്‍ത്തകരെയടക്കം ആ പ്രദേശത്ത് നില്‍ക്കാന്‍ സാധിക്കാത്ത വിധം പ്രദേശത്ത് നില്‍ക്കാന്‍ അനുവദിക്കാറില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കവിത രേണുക

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more