അതിരനുശേഷം വിവേക് സംവിധാനം ചെയ്ത് ഡിസംബര്‍ രണ്ടിന് തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് ടീച്ചര്‍. അമല പോള്‍, ഹക്കീം ഷാ, മഞ്ജു പിള്ള, ചെമ്പന്‍ വിനോദ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.
ഇക്കൂട്ടത്തില്‍ മഞ്ജു പിള്ള അവതരിപ്പിച്ച ‘ബാറ്റണ്‍ കല്യാണി’ എന്ന കഥാപാത്രമാണ് സിനിമയിലെ കേന്ദ്രകഥാപാത്രത്തേക്കാള്‍ ആഴമുള്ള കഥാപാത്ര സൃഷ്ടി. ഒറ്റമുണ്ട് ഉടുത്ത്, ചെറിയ ബ്ലൗസും മാറിലൊരു തോര്‍ത്തുമിട്ട് ആരെയും കൂസാതെ ചുണ്ടില്‍ ഒരു ബീഡി കുറ്റിയും വെച്ച് നടക്കുന്ന ശക്തയായ സ്ത്രിയാണ് ബാറ്റണ്‍ കല്യാണി.
പോലീസിന്റെ ലാത്തിക്കിടയിലും ഇങ്ക്വിലാബ് മുഴക്കി അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന പെണ്‍രൂപം. തന്മയത്വത്തോടെ കാഴ്ചക്കാരിലേക്ക് ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മഞ്ജു പിള്ളയ്ക്ക് കഴിഞ്ഞു. എന്നാല്‍, അവരുടെ ഇതിലും മികച്ച പ്രകടനങ്ങള്‍ മുന്‍പ് കണ്ടിട്ടുള്ള പ്രേക്ഷകര്‍ക്ക് ആ പ്രകടനത്തില്‍ അത്ര അമ്പരപ്പൊന്നും ഉണ്ടാകാന്‍ സാധ്യതയില്ല.
എന്നാല്‍ ഇത്രയും ശക്തമായ സ്ത്രീ കഥാപാത്രത്തിന് രൂപം നല്‍കിയ തിരക്കഥയാവട്ടെ, അത്രയും ശക്തമായി തന്നെ ആ കഥാപാത്രത്തെ ബില്‍ഡ് ചെയ്യുന്നതില്‍ പാളിപ്പോകുന്നുണ്ട്. സിനിമയില്‍ അമല പോള്‍ അവതരിപ്പിക്കുന്ന ദേവിക എന്ന കഥാപാത്രത്തെക്കാള്‍ ലെയറുകളുള്ള കഥാപാത്രമാണ് ബാറ്റണ്‍ കല്യാണി.പക്ഷേ ഒന്നും ചെയ്യാനില്ലാതെ ആ കഥാപാത്രത്തെ തിരക്കഥ ചുരുക്കി കളയുന്നുണ്ട്.
വളരെ കുറഞ്ഞ സ്‌പേസ് മാത്രമാണ് ബാറ്റണ്‍ കല്യാണിക്ക് സിനിമയില്‍ ലഭിച്ചിട്ടുള്ളത്. അതുകൊണ്ട്, ആ കുറഞ്ഞ സമയം കൊണ്ട് പ്രേക്ഷകരില്‍ ഒരു ചലനം സൃഷ്ടിക്കാനും ആ കഥാപാത്രത്തിന് കഴിഞ്ഞിട്ടില്ല.
മഞ്ജു പിള്ളയുടെ ഇന്‍ട്രൊഡക്ഷന്‍ സീനില്‍ അവര്‍ പറയുന്ന ഒരു മുഴുനീളന്‍ പ്രസംഗമുണ്ട്.എന്തായിരുന്നു ബാറ്റണ്‍ കല്യാണി എന്ന് അതില്‍നിന്നും നമുക്ക് മനസ്സിലാക്കാം. എന്നാല്‍ ആ പ്രസംഗം അവതരിപ്പിച്ചിരിക്കുന്ന രീതിയിലും, അതിലെ വാക്കുകളിലും അത്രകണ്ട് ആഴമില്ലായെന്ന് പറയാം. പൊതുവേ സിനിമകളില്‍ വരുന്ന വിപ്ലവം കലര്‍ന്ന പ്രസംഗങ്ങള്‍ കാണികളെ കോരിത്തരിപ്പിക്കുന്നതാണ്. എന്നാല്‍ ടീച്ചറിലാവട്ടെ, എഴുതി പഠിപ്പിച്ചത് പോലെയുള്ള വരികളാണ് ഉപയോഗിച്ചിരിക്കുന്നത്.
അതുകൊണ്ടുതന്നെ ആ പ്രഭാഷണവും ഒരുതരത്തിലും ഒരു ഇമ്പാക്ട് സൃഷ്ടിക്കുന്നില്ല. സിനിമയുടെ അവസാനത്തോട് അടുക്കുമ്പോള്‍, പങ്കാളിയില്‍ നിന്നു പോലും ഒറ്റപ്പെട്ടുപോകുന്ന അമല പോളിന്റെ ദേവിക എന്ന കഥാപാത്രത്തിന് കരുത്ത് പകരുന്നത് കല്യാണിയാണ്. ആ സമയം ബാറ്റണ്‍ കല്യാണി പറയുന്ന ഒരു ഡയലോഗ് ഉണ്ട് ‘ പൊലീസിന്റെ ലാത്തിക്ക് പ്രസവിപ്പിക്കാന്‍ കഴിവുണ്ടായിരുന്നെങ്കില്‍ കല്യാണി എത്ര കുഞ്ഞുങ്ങളെ പെറ്റുകൂട്ടുമായിരുന്നു്’ എന്ന്.
ആ ഡയലോഗുകള്‍ ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലുകളായി മാറുന്നുണ്ട്. എന്നാല്‍ പിന്നീട് സിനിമയില്‍ വരുന്ന പല ഭാഗങ്ങളും ഒരുതരത്തിലും യോജിക്കാന്‍ കഴിയാത്തതാണ്. നിയമം കൊണ്ട് ഇവിടെ ഒരു നീതിയും കിട്ടില്ല എന്ന പൊതുബോധം വീണ്ടും ഉറപ്പിക്കുന്നതാണ് പിന്നീടുള്ള കഥ.
ഇനിയും എന്തൊക്കെയോ ചെയ്യാന്‍ പാകത്തില്‍ സൃഷ്ടിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു ബാറ്റണ്‍ കല്യാണി. എന്നാല്‍, വിരലിലെണ്ണാവുന്ന ഒട്ടും ശക്തമല്ലാത്ത ഡയലോഗുകള്‍ കൊണ്ട് കഥാപാത്രത്തെ ചുരുക്കി കളഞ്ഞു. മഞ്ജു പിള്ള എന്ന നടിയുടെ പ്രകടനം കൊണ്ട് മാത്രമാണ് ആ കഥാപാത്രം അടയാളപ്പെടുത്തപ്പെടുന്നത്.
ബാറ്റണ്‍ കല്യാണിയുടെ നടപ്പിലും ഇരുപ്പിലും നോട്ടത്തിലും എല്ലാം കൃത്യമായി തന്നെ മഞ്ജുപിള്ള ശ്രദ്ധിച്ചിട്ടുണ്ട്. സ്‌ക്രീനില്‍ മഞ്ജുവിനെ പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയില്ല, അവിടെ ബാറ്റണ്‍ കല്യാണി മാത്രമാണ് ഉണ്ടാവുക.
content highlight: characerstics of batten kalyani in teacher movie