|

Interview: ഗാന്ധിയെ അറിയാത്ത കുട്ടികളെ ഗുജറാത്തില്‍ സൃഷ്ടിച്ചവര്‍ ഇതിലപ്പുറവും ചെയ്യും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളുടെ പഠനഭാരം ലഘൂകരിക്കാനെന്ന കാരണം ചൂണ്ടിക്കാണിച്ച് സി.ബി.എസ്.ഇ സിലബസിലെ ചില പാഠഭാഗങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള കേന്ദ്രത്തിന്റെ പ്രഖ്യാപനം പുറത്തുവന്നിരുന്നു. ഒമ്പത് മുതല്‍ പ്ലസ്ടുവരെയുള്ള ക്ലാസുകളിലെ സി.ബി.എസ്.ഇ സിലബസില്‍ നിന്ന് മതേതരത്വം, ഫെഡറലിസം, പൗരത്വം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പാഠഭാഗങ്ങള്‍ എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തോടുള്ള പ്രതികരണം ഡൂള്‍ന്യൂസുമായി പങ്കുവെക്കുകയാണ് എസ്.എഫ്.ഐ ദേശീയ പ്രസിഡണ്ട് വി.പി സാനു

അഭിമുഖം: വി.പി സാനു / രോഷ്‌നി രാജന്‍

മതേതരത്വം, ഫെഡറലിസം, പൗരത്വം, ജി.എസ്.ടി, ജനാധിപത്യ അവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ സി.ബി.എസ്.ഇ സിലബസില്‍ നിന്ന് ഒഴിവാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്?

ഈ കൊവിഡ് കാലത്ത് വളരെ ഫലപ്രദമായി സംഘപരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കുന്നതിനാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ നടത്തിപ്പും പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റവും എല്ലാം അതിന്റെ ഉദാഹരണങ്ങളായി നാം നേരത്തേ കണ്ടതാണ്. തൊഴില്‍ നിയമങ്ങള്‍ തൊഴില്‍ ഉടമകള്‍ക്ക് അനുകൂലമാകുന്ന രീതിയിലേക്ക് മാറ്റിയെടുത്തതും കര്‍ഷകര്‍ക്കെതിരായ നടപടികള്‍ കൈക്കൊള്ളുന്നതും ഉദാഹരണങ്ങള്‍ തന്നെയാണ്. ഇതിന്റെയെല്ലാം ബാക്കിപത്രമാണ് വിദ്യാഭ്യാസമേഖലയിലും കേന്ദ്രസര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

വിദ്യാഭ്യാസത്തെ കൃത്യമായി രാഷ്ട്രീയവത്കരിക്കുകയും വര്‍ഗീയവത്കരിക്കുകയും ചെയ്താല്‍ അതിന്റെ നേട്ടം ദൂരവ്യാപകമായി തങ്ങള്‍ക്ക് ലഭിക്കുമെന്ന ചിന്തകൊണ്ടാണ് വിദ്യാഭ്യാസമേഖലയിലും അവര്‍ ഇടപെടുന്നത്. ഇതാദ്യമായല്ല വിദ്യാഭ്യാസമേഖലയില്‍ ഇത്തരം മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. പുതിയ ദേശീയ വിദ്യാഭ്യാസ നയം രാജ്യത്ത് നടപ്പിലാക്കാനുള്ള ശ്രമമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതുവരെയും ഇന്ത്യന്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യാത്ത ഒരു നയമാണ് അതെന്ന് നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. ഇത്തരത്തില്‍ വലിയ നീക്കങ്ങള്‍ ലക്ഷ്യം വെച്ചുകൊണ്ടാണ് ഈ കൊവിഡ് കാലത്ത് വിദ്യാഭ്യാസമേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് സാധാരണരീതിയില്‍ വിദ്യാഭ്യാസം സാധ്യമാകുന്നില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അതിന്റെ ചുവടുപിടിച്ച് 30 ശതമാനം പാഠഭാഗങ്ങളെ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ നമുക്ക് ബോധ്യപ്പെടുന്ന ഒരു കാര്യമുണ്ട്. സംഘപരിവാറിന് ഇഷ്ടമില്ലാത്ത വിഷയങ്ങളെയാണ് അവര്‍ ഒഴിവാക്കിയിരിക്കുന്നത്. പൗരത്വം, മതനിരപേക്ഷത, ഫെഡറലിസം തുടങ്ങിയവയെല്ലാം സംഘപരിവാറിന്റെ അനിഷ്ടവിഷയങ്ങള്‍ ആണല്ലോ. മുമ്പ് ഇവര്‍ ജവഹാര്‍ലാല്‍ നെഹ്‌റുവിന്റെ സംഭാവനകളെയും ഇടപെടലുകളെയും വിവിധ ക്ലാസുകളിലെ പാഠഭാഗങ്ങളില്‍ നിന്ന് ഒഴിവാക്കുകയും പിന്നീട് മദന്‍ മോഹന്‍ മാളവിയ പോലുള്ള ആളുകള്‍ അതില്‍ കയറിക്കൂടുകയും ചെയ്തത് നമ്മള്‍ കണ്ടതാണ്.

അയല്‍രാജ്യങ്ങളുമായി സൗഹൃദാന്തരീക്ഷം നിലനിര്‍ത്തുന്നതിനെക്കുറിച്ച് പറയുന്ന ഭാഗങ്ങള്‍ പോലും സിലബസില്‍ നിന്നും അവര്‍ വെട്ടിച്ചുരുക്കിയിരിക്കുന്നു. വളരെ കൃത്യമായി അവരുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കുന്നതിന് വേണ്ടി വിദ്യാഭ്യാസത്തെ മാറ്റിയെടുക്കുകയാണ്. സി.ബി.എസ്.ഇയില്‍ ഇന്ത്യയിലെ വിവിധ മേഖലകളില്‍ നിന്ന് പഠിക്കുന്ന വിദ്യാര്‍ത്ഥികളുണ്ട്. ആ വിദ്യാര്‍ത്ഥികളെ പരിപൂര്‍ണ്ണമായും സംഘപരിവാറിന്റെ അജണ്ടകള്‍ പഠിപ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്.

സിലബസില്‍ ചില വിഷയങ്ങള്‍ വെട്ടിച്ചുരുക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ട് പ്രതിപക്ഷപാര്‍ട്ടികള്‍ വരെ രംഗത്തുവന്നിട്ടുണ്ട്. എസ്.എഫ്.ഐയുടെ ഭാഗത്തുനിന്നും മറ്റുമുള്ള പ്രതിരോധങ്ങള്‍ എത്തരത്തിലായിരിക്കും?

വിഷയത്തില്‍ ശക്തമായ ചെറുത്തുനില്‍പ്പ് വിദ്യാര്‍ത്ഥിസംഘടനകളില്‍ നിന്ന് എസ്.എഫ്.ഐ ഉള്‍പ്പെടെ ഉയര്‍ത്തിക്കഴിഞ്ഞിട്ടുണ്ട്. മറ്റ് പ്രാദേശിക രംഗങ്ങളില്‍ നിന്നുള്ള നേതാക്കളും മാധ്യമങ്ങളുമെല്ലാം വിഷയം വലിയ രീതിയില്‍ ഏറ്റെടുത്തിരിക്കുന്നത് നമ്മള്‍ കാണുന്നുണ്ട്. തീര്‍ച്ചയായും ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോവുമ്പോള്‍ കേന്ദ്രസര്‍ക്കാരിന് തീരുമാനത്തില്‍ നിന്നും പിന്തിരിയേണ്ടിവരുമെന്നു തന്നെയാണ് വിശ്വസിക്കുന്നത്. പ്രതിഷേധങ്ങള്‍ എത്തരത്തില്‍ വേണമെന്ന് പരിപൂര്‍ണ്ണ തീരുമാനത്തിലേക്ക് എത്തിയിട്ടില്ല. മറ്റ് വിദ്യാര്‍ത്ഥി സംഘടനകളോടും ആലോചിച്ചുകൊണ്ടിരിക്കുകയാണ്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടും ഓണ്‍ലൈന്‍ വേദികളെ ഉപയോഗിച്ചുകൊണ്ടുമുള്ള പ്രതിഷേധങ്ങള്‍ തന്നെയായിരിക്കും നടത്തുക. വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ടുള്ളവരുടെയും കേന്ദ്രസര്‍ക്കാറിന്റെയും ശ്രദ്ധ കൊണ്ടുവരുന്ന രീതിയിലേക്കുള്ള രാജ്യവ്യാപകമായ പ്രതിഷേധങ്ങളാണ് ആലോചിക്കുന്നതും.

ചരിത്രത്തെ മറച്ചുവക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നിരന്തരം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന വിമര്‍ശനങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. അത്തരം വിമര്‍ശനങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?

ചരിത്രം ഒരിക്കലും സംഘപരിവാറിന് അനുകൂലമല്ല. ഇന്ത്യന്‍ സ്വാതന്ത്രസമരചരിത്രമായാലും മറ്റേത് ചരിത്രത്തെ നമ്മള്‍ പരിശോധിച്ചാലും അതില്‍ സംഘപരിവാറിന് വലിയ പങ്കില്ലെന്ന് കാണാന്‍ കഴിയും. രാജ്യത്തെ അടിസ്ഥാനവര്‍ഗം നടത്തിയ പോരാട്ടങ്ങളില്‍ ഒന്നും തന്നെ അവര്‍ ഭാഗമായിട്ടില്ല. അതിനാല്‍ ചരിത്രത്തെ മാറ്റിയെഴുതുക എന്നത് അവരുടെ രാഷ്ട്രീയ അജണ്ടയാണ്. അതുകൊണ്ടാണ് ഗുജറാത്തിലെ വിവിധ മേഖലകളില്‍ പഠിക്കുന്ന പല വിദ്യാര്‍ത്ഥികള്‍ക്കും മഹാത്മാഗാന്ധി ആരാണെന്ന് അറിയില്ലെന്ന പഠനങ്ങള്‍ പുറത്തുവരുന്നത്. മഹാത്മാഗാന്ധിയെപ്പോലും പാഠപുസ്തകങ്ങളില്‍ നിന്നും നീക്കം ചെയ്യാന്‍ അവര്‍ക്ക് സാധിച്ചു. ഇത്തരത്തില്‍ അവര്‍ക്ക് അനുകൂലമായി ചരിത്രത്തെ മാറ്റിയെഴുതാന്‍ വലിയ ശ്രമം രാജ്യത്ത് നടക്കുന്നതിന്റെ ഉദാഹരണമാണ് പുതിയ നീക്കവും സൂചിപ്പിക്കുന്നത്.

വിദ്യാഭ്യാസമേഖലയെ വളരെ ദോശകരമായിരിക്കും ഈ നീക്കം ബാധിക്കുക. സാധാരണഗതിയില്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതായാലും വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതായാലും നടക്കുന്ന ഇടപെടലുകള്‍ ദീര്‍ഘനാളത്തേക്കുള്ള നിക്ഷേപമാണ്. ഇപ്പോള്‍ നടന്നതുപോലെ വളരെ പെട്ടന്ന് തീരുമാനമെടുക്കാന്‍ കഴിയാത്തതുമാണ്. കപടശാസ്ത്രവാദങ്ങള്‍ മുന്നോട്ട് വെക്കുക, മിത്തുകളും പുരാണങ്ങളുമാണ് ശാസ്ത്രമെന്ന് പഠിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ നേരത്തേത്തന്നെ അവര്‍ തുടങ്ങിയിട്ടുള്ളതാണ്. അതുവളരെ കൃത്യമായ അജണ്ടയാണ്. എല്ലാകാലത്തും ആര്‍.എസ്.എസിന് രാജ്യത്തെ അധികാരം നിലനിര്‍ത്തണമെങ്കില്‍ അത്തരത്തില്‍ യഥാര്‍ത്ഥ്യം പഠിക്കാത്ത, പുരാണങ്ങളും ഐതിഹ്യങ്ങളും ചരിത്രമായി കരുതുന്ന ഒരു തലമുറ ഇവിടെ വളര്‍ന്നു വരേണ്ടതുണ്ട്. അതിനുവേണ്ടിയുള്ള ശ്രമങ്ങളാണ് അവര്‍ വിദ്യാഭ്യാസമേഖലയില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതും നടപ്പില്‍ വരുത്തുന്നതും.

ചരിത്രവുമയി ബന്ധപ്പെട്ട് എഴുതുകയും പറയുകയും ചെയ്തിട്ടുള്ള ആളുകളെ മോശമായി ചിത്രീകരിച്ചാല്‍ ആ ചരിത്രത്തെ മാറ്റിയെഴുതാന്‍ എളുപ്പമാണെന്ന ബോധവും ഇവരില്‍ വര്‍ത്തിക്കുന്നുണ്ട്. ചരിത്രകാരന്‍മാരായ ഇര്‍ഫാന്‍ ഹബീബും റൊമീല ഥാപ്പറും ജെ.എന്‍.യു അധ്യാപകനായ പ്രഭാത് പഠ്‌നായിക്കുമെല്ലാം സംഘപരിവാറിന്റെ ശത്രുക്കളായി മാറുന്നതും അതുകൊണ്ടാണ്. കല്‍ബുര്‍ഗിയും, പന്‍സാരെയും, ഗൗരി ലങ്കേഷും ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രധാനപ്പെട്ട എഴുത്തുകാരെയും മാധ്യമപ്രവര്‍ത്തകരെയും വെടിവെച്ചുകൊല്ലുന്നതും ഇതേ സംഘപരിവാര്‍ തന്നെയാണല്ലോ.

അശാസ്ത്രീയവാദങ്ങള്‍ പഠനത്തില്‍ ഉള്‍പ്പെടുത്താനും ബി.ജെ.പി പലപ്പോഴും ശ്രമിച്ചിട്ടുണ്ടല്ലോ?

മുമ്പ് മദ്ധ്യപ്രദേശിലെ ബി.ജെ.പി എം.പി അശോക് സക്‌സേന സോളാര്‍ പാടങ്ങള്‍ വലിയ പ്രശ്‌നമാണെന്നും സൂര്യന്റെ ഊര്‍ജ്ജം സോളാര്‍ പാടങ്ങള്‍ വലിച്ചെടുത്താല്‍ സൂര്യഭഗവാന് ദേഷ്യം വരുമെന്നും പറയുകയുണ്ടായി. പ്രസ്താവനയുടെ തൊട്ടടുത്ത ദിവസം കാണുന്നത് മദ്ധ്യപ്രദേശിലെ ചില സോളാര്‍ പാടങ്ങള്‍ അവിടുത്തെ ജനങ്ങള്‍ അടിച്ചു തകര്‍ക്കുന്നതാണ്. ഇത്തരത്തില്‍ അശാസ്ത്രീയവാദങ്ങള്‍ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ബി.ജെ.പി സര്‍ക്കാറിന്റെ സ്ഥിരം പ്രവൃത്തികളില്‍ ഒന്നാണ്. ശാസ്ത്രബോധമില്ലാത്ത ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്നത് എല്ലാകാലത്തും അവരുടെ ഒരു പ്രധാന ലക്ഷ്യമാണ്. ഇപ്പോള്‍ പാഠഭാഗങ്ങള്‍ ഒഴിവാക്കുന്നതിലൂടെ തങ്ങളുടെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങളെ മുളയിലേ നുള്ളിയെറികുകയെന്ന ലക്ഷ്യവും ഉണ്ട്. പൊള്ളവാദങ്ങള്‍ പറയുന്നതില്‍ ബി.ജെ.പി എല്ലായ്പ്പാഴും മുന്നിലാണ്.

ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുടെ പി.ജി പരീക്ഷചോദ്യപേപ്പറില്‍ ജി.എസ്.ടിയുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള ചോദ്യം കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍ ജി.എസ്.ടിയെക്കുറിച്ച് പറഞ്ഞത് എന്ത് എന്നാണ്. ഇത്തരത്തില്‍ നിരവധി വിഷയങ്ങള്‍. വിദ്യാഭ്യാസമാണ് ഏറ്റവും വലിയ മര്‍ദ്ദനോപകരണം എന്ന് കണക്കാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. പ്രതികരണശേഷിയില്ലാത്ത യുവതലമുറ ഉണ്ടാവുക എന്നത് സ്വേച്ഛാധിപതികള്‍ക്ക് ആവശ്യമായിട്ടുള്ള ഒന്നാണ്. അതുതന്നെയാണ് ഇന്ത്യയിലും ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെമെല്ലാം നേതൃത്വത്തില്‍ ഈ ഗവണ്‍മെന്റ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. എന്താണ് മതേതരത്വം, എന്താണ് ജനാധിപത്യം, എന്താണ് ജനാധിപത്യപരമായ അവകാശങ്ങള്‍ എന്ന് അറിയാത്ത തലമുറയെ ഉണ്ടാക്കിയെടുക്കുക എന്ന പ്രാഥമിക ലക്ഷ്യം പ്രത്യക്ഷത്തില്‍ തന്നെ കാണാവുന്നതാണ്.

വിദ്യാര്‍ത്ഥികളുടെ പ്രതിഷേധങ്ങളോട് കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തിപോരുന്ന സമീപനം ജാമിഅ മിലിയ പൗരത്വപ്രക്ഷോഭങ്ങളുടെ ഭാഗമായി കണ്ടതാണ്. വിദ്യാദ്യാസമേഖലയില്‍ മാറ്റങ്ങള്‍ വരുത്താനുള്ള ശ്രമവും രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി വിലയിരുത്താന്‍ കഴിയുന്നതാണോ?

പൗരത്വഭേദഗതിക്കെതിരായി ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിട്ടുള്ള ഒരു ഇടമാണ് ജാമിഅ മിലിയ സര്‍വ്വകലാശാല. ജാമിഅയിലെ വിദ്യാര്‍ത്ഥികള്‍ക്കുനേരെ യു.എ.പി.എ ചുമത്തുകയും അവരെ ജയിലിലടക്കുകയും ചെയ്തത് ഈ ലോക്ക്ഡൗണ്‍ കാലത്താണ്. രാജ്യത്തെ ജനങ്ങള്‍ക്ക് പ്രതിഷേധവുമായി തെരുവിലേക്കിറങ്ങാന്‍ സാധ്യമാവാത്ത ഒരു സാഹചര്യത്തില്‍ അതിനെ ഉപയോഗപ്പെടുത്തിക്കൊണ്ട് ജനവിരുദ്ധമായ വിദ്യാര്‍ത്ഥിവിരുദ്ധമായ നയങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്തെ പെട്രോള്‍ ഡീസല്‍ വിലക്കയറ്റവും ഇത്തരത്തില്‍ ആസൂത്രിതമായി നടപ്പിലാക്കിയത് തന്നെയാണ്. എന്നാല്‍ ഇത്തരത്തിലുള്ള ഏത് നീക്കങ്ങള്‍ നടത്തിയാലും അതിനെ അതിജീവിച്ച് മുന്നോട്ട് പോയിട്ടുള്ളതാണ് സമരങ്ങളുടെ ചരിത്രം എന്നു പറയുന്നത്. അതിനാല്‍ അടിച്ചമര്‍ത്തലുകളും പ്രതിരോധങ്ങളും അവര്‍ തീര്‍ത്താലും അതിനെ മറികടക്കുന്ന രൂപത്തിലുള്ള പ്രതിഷേധങ്ങളും സമരങ്ങളുമായി മുന്നോട്ട്‌പോവാന്‍ ഇന്ത്യയിലെ വിദ്യാര്‍ത്ഥി സമൂഹത്തിന് സാധിക്കും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ