കൊല്‍ക്കത്ത: ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ നായകനും ഇന്ത്യന്‍ പരിശീലകനുമായ ഗ്രെഗ് ചാപ്പല്‍.[]
ടെസ്റ്റ് ക്രിക്കറ്റിന്റെ പ്രാധാന്യം നഷ്ടമാകുകയാണ്. എന്നാല്‍ ക്രിക്കറ്റിന്റെ ആത്മാവ് ടെസ്റ്റ് മല്‍സരങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ട്വന്റി-20യുടെ കാലഘട്ടത്തില്‍ ഇന്ത്യ കൂടുതല്‍ ടെസ്റ്റുകള്‍ കളിക്കുന്നത് നല്ലതാണെന്ന് കരുതുന്നില്ലെന്നും ചാപ്പല്‍ പറഞ്ഞു.
ടൈഗര്‍ പട്ടൗഡി അനുസ്മരണ പ്രഭാഷണം നടത്തവെയാണ് ചാപ്പല്‍ ഇക്കാര്യം പറഞ്ഞത്. ടെസ്റ്റ് ക്രിക്കറ്റ് നശിക്കുമ്പോള്‍ ക്രിക്കറ്റിന് അതിന്റെ ആത്മാവ് തന്നെയാണ് നഷ്ടമാകുന്നത്. അങ്ങനെ സംഭവിച്ചാല്‍ ക്രിക്കറ്റ് എന്ന ഗെയിം പരിതാപകരമായി മാറുമെന്നും ചാപ്പല്‍ പറഞ്ഞു.
ക്രിക്കറ്റില്‍ വരുംകാല ജേതാക്കളായിരിക്കും ഇന്ത്യന്‍ ടീം. എന്നാല്‍ ഇതിനായി ദീര്‍ഘകാല പദ്ധതികള്‍ ആവശ്യമാണ്. താല്‍ക്കാലിക പദ്ധതികള്‍ വിജയം കാണില്ലെന്നും ചാപ്പല്‍ പറഞ്ഞു.
വ്യത്യസ്ത സാഹചര്യങ്ങളില്‍ തിളങ്ങാനായാല്‍ ഇന്ത്യന്‍ ടീമിനെ പിടിച്ചുനിര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ല. വിദേശത്ത് കൂടുതല്‍ വിജയങ്ങള്‍ നേടാന്‍ ഇന്ത്യയ്ക്ക് സാധിക്കണം. ഇതിനായി എല്ലാത്തരം പിച്ചുകളും ഇന്ത്യയില്‍ ഒരുക്കുന്നതില്‍ ബി.സി.സിഐ ശ്രദ്ധിക്കണമെന്നും ചാപ്പല്‍ നിര്‍ദ്ദേശിച്ചു.