ഗ്രെഗ് ചാപ്പലിനെതിരെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്റെ ആത്മകഥയിലൂടെ വിമര്‍ശിച്ചിരുന്നു. അടുത്ത ദിവസം പുറത്ത് ഇറങ്ങാനിരിക്കുന്ന “പ്ലെയിംങ് ഇറ്റ് മൈ വേ” എന്ന ആത്മകഥയില്‍ സച്ചിന്‍ ചാപ്പലിനെ റിങ് മാസ്റ്ററോടാണ് ഉപമിച്ചിരുന്നത്. തന്റെ വീട്ടില്‍ വന്ന ചാപ്പല്‍ രാഹുല്‍ ദ്രാവിഡിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും താഴെ ഇറക്കാന്‍ സഹായം ആവശ്യപെട്ടുവെന്നും പകരം ക്യാപ്റ്റന്‍സി ഏറ്റെടുക്കാന്‍ ആവശ്യപെട്ടതായും സച്ചിന്‍ വെളിപെടുത്തിയിരുന്നു. നായക സ്ഥാനം ഏറ്റെടുത്താല്‍ ഇരുവര്‍ക്കും ഇന്ത്യന്‍ ക്രിക്കറ്റിനെ ഭരിക്കാമെന്നും അദ്ദേഹം പറഞ്ഞതായും ഇത് തന്റെ ഭാര്യ അഞ്ജലിയെ അടക്കം ഞെട്ടിച്ചു വെന്നും പുസ്തകത്തില്‍ പറയുന്നു. തന്റെ ആശയങ്ങളെ മറ്റുള്ളവര്‍ക്ക് മേല്‍ അടിച്ചേല്‍പിക്കുന്ന റിങ് മാസ്റ്ററെ പോലെയാണ് ചാപ്പല്‍ എന്നും പുസ്തകം പറയുന്നു.
“2007 ലെ ലോകകപ്പ് നടക്കാനിരിക്കെയായിരുന്നു ചാപ്പലിന്റെ പരാമര്‍ശം ഉണ്ടായത്. ഇത് ചൂണ്ടിക്കാട്ടി ചാപ്പലിനെ ലോകകപ്പ് ടീമിനൊപ്പം അയക്കരുതെന്ന് ബി.സി.സി.ഐയോട് താന്‍ ആവശ്യപെട്ടിരുന്നു, പക്ഷെ അത് സംഭവിച്ചില്ല ലോകകപ്പ് ദുരന്തമായി അവസാനിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ചാപ്പലിനു കീഴില്‍ എവിടെയും എത്തിയില്ല. സൗരവിനെതിരെ ചാപ്പലിന്റെ നിലപാട് ആശ്ചര്യജനകമാണ്.” സച്ചിന്‍ പറഞ്ഞു.
പ്രമുഖ ചരിത്രകാരനും സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റുമായ ബോറിയ മജുംദാറാണ് സച്ചിനെ ആത്മകഥയെഴുതാന്‍ സഹായിച്ചത്.