| Saturday, 8th September 2018, 3:51 pm

പ്രളയക്കെടുതിയില്‍ തകര്‍ന്നടിഞ്ഞ് കോഴിക്കോട്ടെ ചെരുപ്പ് നിര്‍മ്മാണ യൂണിറ്റുകള്‍

ഗോപിക

കേരളത്തില്‍ കനത്ത നാശനഷ്ടം വിതച്ച പ്രളയം വിവിധ വ്യവസായങ്ങളെയും ജനങ്ങളുടെ ഉപജീവനമാര്‍ഗ്ഗത്തെയും തകര്‍ത്തുക്കൊണ്ടിരിക്കുന്നുണ്ട്. പ്രളയം കഴിഞ്ഞ് ഇരുപത് ദിവസങ്ങള്‍ പിന്നിട്ടിട്ടും പൂര്‍ണ്ണമായും കരകയറാന്‍ കഴിയാത്ത അവസ്ഥയിലാണ് കേരളത്തിലെ ചെരുപ്പ് നിര്‍മ്മാണ വ്യവസായം.

ബാങ്കില്‍ നിന്ന് പത്ത് ലക്ഷം രൂപ വരെ വായ്പയെടുത്താണ് ചെരുപ്പ് നിര്‍മ്മാണ വ്യവസായം ആരംഭിക്കാന്‍ പലരും മുന്നോട്ടെത്തിയത്. എന്നാല്‍ കാലവര്‍ഷം ചതിച്ചതോടെ പലരും തൊഴിലില്ലാത്ത അവസ്ഥയിലാണ് ഇപ്പോള്‍.

നിലവില്‍ ഫറോക്ക്, ഒളവണ്ണ മേഖലകളിലായി ഏകദേശം 30 ചെരുപ്പ് നിര്‍മ്മാണ യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ പകുതിയിലധികവും പൂര്‍ണ്ണമായും പ്രവര്‍ത്തിക്കാന്‍ കഴിയാത്ത നിലയിലാണ് ഇപ്പോള്‍. ചെരുപ്പുകളുടെ സോള്‍ നിര്‍മ്മാണം, പാക്കിംഗ് എന്നിങ്ങനെ ഏകദേശം 108 യൂണിറ്റുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്.


ALSO READ: Exclusive: വെള്ളം ഇറങ്ങിയതിനു പിന്നാലെ മൂന്നാറില്‍ മുതിരപ്പുഴ മണ്ണിട്ട് നികത്തുന്നു; പിന്നില്‍ പി.ഡബ്ല്യു.ഡിയെന്ന് പ്രദേശവാസികള്‍


“ഭൂമിയുടെ അടിയില്‍ നിന്ന് വെള്ളം കയറിയാണ് ഇപ്പോള്‍ ഇവിടുത്തെ ചെരിപ്പ് നിര്‍മ്മാണ യൂണിറ്റില്‍ വെള്ളം കയറിയത്. അതോടെ നിര്‍മ്മാണം പൂര്‍ണ്ണമായും നിര്‍ത്തിവെക്കേണ്ടി വന്നു. നിലവില്‍ മണ്ണുപയോഗിച്ചാണ് മോള്‍ഡിംഗ് ചെയ്യുന്നത്. വെള്ളം കയറിയതോടെ മണ്ണ് മുഴുവന്‍ വെള്ളത്തിലായി. അതോടെ യൂണിറ്റ് പൂട്ടിയിടേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്”- എന്ന് ചെരിപ്പ് നിര്‍മ്മാണ യൂണിറ്റ് സംരംഭകനായ ഹാരിസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

പ്രളയം കഴിഞ്ഞ് ഇത്രയും ദിവസം കഴിഞ്ഞിട്ടും ഇതുവരെ ചെരിപ്പ് നിര്‍മ്മാണം പുനരാംരംഭിക്കാന്‍ സാധിച്ചിട്ടില്ല.

കമ്പനിയ്ക്ക് പുറകില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ കൂട്ടായ്മയിലും നിര്‍മ്മാണം നടത്തിക്കൊണ്ടിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ യാതൊരുപ്രവര്‍ത്തനവും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലാണ് എന്ന് ഹാരിസ് ഡൂള്‍ന്യൂസിനോട് വ്യക്തമാക്കി.
യൂണിറ്റ് പ്രവര്‍ത്തനം നിലച്ചിട്ട് 20 ദിവസത്തോളമായി. പ്രളയത്തില്‍ നനഞ്ഞ് കുതിര്‍ന്ന ചെരിപ്പ് നിര്‍മ്മാണത്തിനാവശ്യമായ വാറുകളും അടിസ്ഥാന അസംസ്‌കൃത വസ്തുക്കളും ഉണക്കിയെടുക്കാന്‍ ആണ് ഇപ്പോള്‍ തൊഴിലാളികള്‍ ശ്രമിച്ചുക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


ALSO READ: മീശ’ വിധി: ജനാധിപത്യത്തിന്റെ സുരക്ഷാ വാതായനങ്ങളെ കൊട്ടിയടയ്ക്കുന്നു


പൂര്‍ണ്ണമായും പൂര്‍വ്വസ്ഥിതിയില്‍ പ്രവര്‍ത്തിക്കാന്‍ ഇനിയും സമയമെടുക്കുമെന്നാണ് കരുതുന്നത്. നിരവധി തൊഴിലാളികളുടെ ജീവനോപാധി കൂടിയാണ് ഈ ചെരിപ്പ് നിര്‍മ്മാണം. ഇതുവരെ സര്‍ക്കാര്‍ തലങ്ങളില്‍ നിന്ന് യാതൊരു വിധത്തിലുള്ള സാമ്പത്തിക സഹായങ്ങളും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ഹാരിസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത് അപ്പര്‍ നിര്‍മ്മാണ ചെരിപ്പ് യൂണിറ്റുകളെയാണ്. കുറഞ്ഞ ചെലവില്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന യൂണിറ്റുകളാണ് ഇവയെന്നതിനാലാണ് പലരും ഈ യൂണിറ്റുകള്‍ തുടങ്ങാന്‍ മുന്നോട്ട് വന്നത്. ഇവയുടെ നിര്‍മ്മാണമാണ് ഇപ്പോള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെയ്‌ക്കേണ്ട അവസ്ഥയിലായിരിക്കുന്നത്.

ഏകദേശം പതിനായിരം ജോഡി ചെരിപ്പുകളാണ് ഒരു മാസത്തില്‍ നിര്‍മ്മിക്കുന്നത്. എന്നാല്‍ ഓണം സീസണ്‍ കണക്കാക്കി ചെരിപ്പ് നിര്‍മ്മാണം കൂട്ടിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി യൂണിറ്റുകളിലേക്ക് വെള്ളം കയറിയതോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയവയില്‍ പകുതിപോലും വിപണിയിലെത്തിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോഴിക്കോടുളള ഈ യൂണിറ്റുകളില്‍ നിന്ന് അധികം ചെരിപ്പുകളും മറ്റ് ജില്ലകളിലേക്ക് കയറ്റി അയയ്ക്കപ്പെടുന്നുണ്ട്. ഭൂരിഭാഗം ചെരുപ്പുകളും തൃശ്ശൂര്‍ , കോട്ടയം ജില്ലകളിലേക്കാണ് കയറ്റിയയ്ക്കുന്നത്. എന്നാല്‍ നിര്‍മ്മാണ യൂണിറ്റുകളിലേക്ക് വെള്ളം കയറിയതോടെ ഈ മാര്‍ക്കറ്റിംഗ് സംവിധാനം ആകെ തകര്‍ന്നിരിക്കുകയാണ്.


ALSO READ: കേരളത്തിന്റെ പുനര്‍നിര്‍മാണം; വില കൂട്ടാനൊരുങ്ങി സ്വകാര്യ സിമന്റ് കമ്പനികള്‍; സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം ശക്തം


നിലവില്‍ യൂണിറ്റുകളിലെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സ്റ്റോക്കുകള്‍ എല്ലാം തന്നെ പ്രളയത്തില്‍ ഒഴുകിപ്പോയിരിക്കുകയാണ്. ഇത് ചെരിപ്പ് നിര്‍മ്മാണ യൂണിറ്റുകളുടെ സാധാരണ പ്രവര്‍ത്തനത്തെ ആകെ തകിടം മറിച്ചിരിക്കുകയാണ്.

പ്രളയം മാത്രമല്ല ചെരിപ്പ് നിര്‍മ്മാണ പ്രവര്‍ത്തനത്തെ പിറകോട്ടടിച്ചത്. നിര്‍മ്മാണത്തിന് ആവശ്യമായ അസംസ്‌കൃതവസ്തുക്കളുടെ ജിഎസ്ടി നികുതി 12 ശതമാനം മുതല്‍ 18 ശതമാനം വരെ ഏര്‍പ്പെടുത്തിയിരുന്നു. ഇത് വഴി അധികം ഈടാക്കുന്ന തുക ഇവര്‍ക്ക് തിരികെ ലഭിക്കുമായിരുന്നു. എന്നാല്‍ പിന്നീട് ഈ സംവിധാനം കാര്യക്ഷമമല്ലായിരുന്നു. ഈ തുക ലഭിക്കാത്തതിനെത്തുടര്‍ന്ന് പല യൂണിറ്റുകളും പൂട്ടേണ്ട അവസ്ഥയാണ് ഉണ്ടായതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

ഗോപിക

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more