ദീപിക പദുകോണ്‍ ആദ്യമായി നിര്‍മ്മിച്ച ‘ചപക്’ പ്രിയപ്പെട്ടതാകുന്നത് ഏറെ വൈകാരികമായി പോകാവുന്ന ഒരു വിഷയത്തെ കൈയ്യടക്കത്തോടെ കൈകാര്യം ചെയ്തു എന്നതു കൊണ്ടു തന്നെയാണ്. ഇന്ത്യയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട, ആസിഡ് ആക്രമത്തെ അതിജീവിച്ച ലക്ഷമി അഗര്‍വാളിന്റെ ജീവിതത്തെ, നാടകീയതകള്‍ ഒഴിവാക്കി അവതരിപ്പിക്കാന്‍ സംവിധായിക മേഘ്‌ന ഗുല്‍സാറിന് സാധിച്ചിട്ടുണ്ട്.
ആസിഡ് ആക്രമണത്തിന് ശേഷം ആസിഡ് വില്‍പനയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ കോടതിയെ സമീപിച്ച് വിജയം നേടിയതോടെയാണ് ലക്ഷമി അഗര്‍വാളിനെ രാജ്യം അറിയാന്‍ തുടങ്ങിയത്. അതിനു ശേഷമുള്ള അവരുടെ ജീവിതം മാധ്യമങ്ങളിലൂടെ നമുക്ക് പരിചിതമാണ്. പക്ഷെ അതിനു മുന്‍പുള്ള ലക്ഷമിയുടെ ജീവിതമാണ് മാലതി എന്ന കേന്ദ്ര കഥാപാത്രത്തിലൂടെ ചപക് ചിത്രീകരിക്കുന്നത്.
അതിക ചോഹാനും മേഘ്‌ന ഗുല്‍സാറും ചേര്‍ന്ന എഴുതിയിട്ടുള്ള തിരക്കഥ തന്നെയാണ് അറിയാവുന്ന ഒരു കഥയായിരുന്നിട്ടു കൂടി പ്രേക്ഷകനെ ബോറടിപ്പിക്കാതെ പിടിച്ചിരുത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്.
ദീപിക പദുകോണ്‍ മാലതിയായി മനോഹരമായ അഭിനയമാണ് കാഴ്ച വെച്ചിട്ടുള്ളത്. ദീപികയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപത്രമയിരിക്കും മാലതിയുടേത്. ചിരിച്ചു കളിച്ചു നടക്കുന്ന പതിനേഴുകാരിയായില്‍ നിന്നും ഒറ്റ ദിവസം കൊണ്ടു ജീവിതം കീഴ്‌മേല്‍ മറിയുന്ന അപകടം നടന്ന ശേഷം, ആ പഴയ ചിരിയിലേക്ക് മാലതി എത്തുന്നത് വരെയുളള നാളുകള്‍ ദീപിക കൈയ്യടക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട്.
ആസിഡ് അക്രമത്തിനിരയായവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഛായ എന്ന സംഘടനയുടെ സ്ഥപകനായാണ് വിക്രാന്ത് മസ്സേയുടെ അമോല്‍ എന്ന കഥാപാത്രമെത്തുന്നത്. ആസിഡ് ആക്രമണത്തിനിരയായവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ സഹായിക്കുന്ന സംഘടനയുടെ ഭാഗമാണെങ്കിലും ഈ ഭീകരതയില്‍ മുറിവേറ്റവരുമായുള്ള നിരന്തരമായ ഇടപെടല്‍ മൂലം തികഞ്ഞ നിരാശയിലാണ് അമോലിന്റെ കഥാപാത്രം. ആ വേദനയും രോഷവുമൊക്കെ കണ്ണുകളില്‍ കൊണ്ടുവരാന്‍ വിക്രാന്തിന് കഴിഞ്ഞിട്ടുണ്ട്.
തിയറ്റര്‍ വിട്ടിറങ്ങിയാലും മനസ്സിലുണ്ടാകുന്ന മറ്റൊരു കഥാപാത്രം മാലതിയുടെ അഭിഭാഷകയായ അര്‍ച്ചന ബജാജിന്റെ ആണ്. കാര്യങ്ങളെ യാഥാര്‍ത്ഥ്യ ബോധത്തോടെയും വ്യക്തതയോടെയും കാണുന്ന, ദൃഢനിശ്ചയമുള്ള വനിതാ വക്കീലായ അര്‍ച്ചന, മധുര്‍ജീത് സര്‍ഘിയുടെ കൈകളില്‍ ഭദ്രമാണ്.
ആസിഡ് ആക്രമണത്തിന്റെ ഭീകരതയും അതിന്റെ വിവിധ വശങ്ങളും കൃത്യമായി രേഖപ്പെടുത്തുന്ന ചിത്രമാണ് ചപക്. ആസിഡ് അക്രമത്തിനിരയാവര്‍ നേരിടുന്ന നീതി നിഷേധം, തൊഴില്‍ ലഭിക്കാതിരിക്കുന്നത്, ചിലവേറിയ ശസ്ത്രക്രിയകള്‍, കുടുംബത്തിനുണ്ടാകുന്ന സാമ്പത്തിക ബാധ്യതകളും മറ്റ് പ്രശ്‌നങ്ങളും എല്ലാം ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്.
രാജ്യത്തിന്റെ നിയമവ്യവസ്ഥകളും വര്‍ഷങ്ങളോളം നീളുന്ന കോടതി നടപടി ക്രമങ്ങളും ചാപകില്‍ കാണിക്കുന്നുണ്ട്. മാധ്യമങ്ങളില്‍ നിന്നും പൊലീസില്‍ നിന്നും നേരിടുന്ന സദാചാര വിചാരണങ്ങളും കുറഞ്ഞ സീനുകളിലൂടെ വ്യക്തമായി പറയുന്നുണ്ട്. ഗേള്‍സ് സ്‌കൂളില്‍ പഠിക്കുന്ന നിങ്ങളുടെ മകളുടെ ഫോണില്‍ എങ്ങിനെ ആണ്‍കുട്ടികളുടെ നമ്പര്‍ വന്നു എന്ന് പൊലീസിന്റെ ചോദ്യം ചെയ്യല്‍ ഉദാഹരണം.
എന്തുകൊണ്ട് ആസിഡ് ആക്രമണം പോലെയുള്ള ഹീനകൃത്യങ്ങള്‍ ചെയ്യാന്‍ ആളുകള്‍ തയ്യാറാകുന്നു എന്ന ചോദ്യത്തിനുള്ള മറുപടിയും ചിത്രത്തിലുണ്ട്.
ആസിഡ് അക്രമത്തിനിരയായവരുടെ ജീവിതം പിന്നീട് അതിനെ ചുറ്റിപ്പറ്റി മാത്രമായിരിക്കണമെന്ന് അഭ്യുദയകാംക്ഷികള്‍ പോലും ആവശ്യപ്പെടുന്നതിനിരെയും മാലതി സംസാരിക്കുന്നുണ്ട്. വലിയ ഡയലോഗുകളൊന്നുമായിട്ടില്ല, പക്ഷെ തനിക്ക് കുടുംബത്തെ കൂടി നോക്കാനുണ്ടെന്നും ശമ്പളം കൃത്യമായി കിട്ടുന്ന ജോലിയാണ് ആവശ്യമെന്നും തുടക്കം മുതലേ മാലതി വ്യക്തമാക്കുന്നുണ്ട്.
സമൂഹത്തില്‍ ചര്‍ച്ചയാകേണ്ട മറ്റ് വിഷയങ്ങളെയും ചില സീനുകളിലൂടെ ചപകില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. മാലതിയുടെ അഭിഭാഷകയുടെ കുടുംബത്തെ കാണിക്കുന്ന ഭാഗങ്ങളില്‍ മകളുടെ മുടി മെടഞ്ഞു കൊടുക്കുകയും വീട്ടിലെ കാര്യങ്ങള്‍ നോക്കുകയും ചെയ്യുന്ന ഭര്‍ത്താവുണ്ട്. ശീലിച്ചു
തഴകിയ ജെന്‍ഡര്‍ റോളുകളില്‍ നിന്നും സമൂഹം മാറി നടക്കാന്‍ തുടങ്ങുന്നതിനെ അടയാളപ്പെടുത്തുകയാണ് ചിത്രത്തില്‍.
താഴ്ന്ന ജാതിയില്‍ പെട്ടവരായതു കൊണ്ട് ആസിഡ് ആക്രമണത്തിനിരയാകുന്ന സഹോദരിമാരുടെ കാര്യവും ചിത്രത്തില്‍ വരുന്നുണ്ട്.
എടുത്തു പറയേണ്ട മറ്റൊരു വിഷയം ചിത്രത്തിലെ പ്രോസ്‌തെറ്റിക് മേക്ക് അപ്പ് ആണ്. ആസിഡ് മുഖത്തേക്ക് പതിച്ചത് മുതല്‍ ഏഴോളം ശസ്ത്രക്രിയകള്‍ക്ക് വിധേയയാകുന്നത് വരെയുള്ള വിവിധ ഘട്ടങ്ങളില്‍ മുഖത്തിനും ശരീരഭാഗങ്ങള്‍ക്കുമുണ്ടാകുന്ന മാറ്റം ഒട്ടും കൃത്രിമത്വം തോന്നാതെ ചിത്രത്തിലുണ്ട്.
ചിത്രത്തില്‍ കടന്നു വരുന്ന പ്രധാന കഥാപാത്രങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കും വിവിധ ലെയറുകള്‍ നല്‍കുന്നതിലാണ് സംവിധായിക മേഘ്‌ന ഗുല്‍സാറിന്റെ കൈയ്യൊപ്പ് കാണാനാവുക. മാലതിയില്‍ മാത്രമായി ഒതുങ്ങിപ്പോകതെ വിഷയത്തിന്റെ ഗൗരവം അതിന്റെ പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ ഉതകുന്ന തരത്തിലാണ് മറ്റ് കഥാപത്രങ്ങളെ കൂടി ചേര്‍ത്തുവെച്ചിട്ടുള്ളത്.
ആസിഡ് ആക്രമണത്തിനിരയായ മാലതിയുടെ മുഖം കണ്ട് കുട്ടികളടക്കം ചിലര്‍ പേടിക്കുന്ന സീനുകളും മാലതിയുടെ സഹോദരനെ കൂട്ടുകാര്‍ ചേച്ചിയുടെ പേര് പറഞ്ഞ് ഉപദ്രവിക്കുന്ന ഭാഗങ്ങളിലും മാത്രമാണ് കുറച്ച് കൃത്രിമത്വം അനുഭവപ്പെടുക. കേസില്‍ പാതി വിജയം നേടി കോടതിക്ക് പുറത്തെത്തുമ്പോള്‍ മുഖത്ത് നിന്ന് ഷോള്‍ മാറ്റുന്ന സീനും ആവര്‍ത്തന വിരസത ഉണ്ടാക്കുമെങ്കിലും മാലതിയുടെ ഉള്ള് നിറയുന്ന പുഞ്ചിരിയിലൂടെയാണ് ആ ഭാഗത്തെ സംവിധായിക ആസ്വാദ്യമാക്കുന്നത്. മാലതിയും സഹോദരനും തമ്മിലുള്ള ബന്ധം ഒരിക്കല്‍ പോലും കഥയില്‍ എവിടെയും കടന്നു വരാത്തതും സിനിമ കണ്ടിറിങ്ങി വരുമ്പോള്‍ ചില ചോദ്യങ്ങള്‍ ഉയര്‍ത്തും.
സൗമ്യമായിട്ടാണ് ശങ്കര്‍-എഹ്‌സാന്‍-ലോയ് സംഗീതം ചിത്രത്തിലൂടെ കടന്നുപോകുന്നത്. അര്‍ജിത് സിങ് പാടിയ ചപകിന്റെ ടൈറ്റില്‍ ട്രാക്ക് തന്നെയാണ് പ്രധാനമായും ചിത്രത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. പക്ഷെ മറ്റ് ചില പാട്ടുകള്‍ ഒഴിവാക്കിയിരുന്നെങ്കിലും ചപാകിന്റെ കഥാഗതിയെ ബാധിക്കില്ലായിരുന്നു.
മലായ് പ്രകാശിന്റെ ഛായഗ്രഹണം സിനിമയുടെ കൂടെ സഞ്ചരിക്കുന്നതായിരുന്നു. റാസി, ഗലി ബോയ് എന്നീ ചിത്രങ്ങളിലൂടെ ബോളിവുഡിന്റെ തിരക്കേറിയ എഡിറ്ററായി മാറിയ നിതിന്‍ ബൈദ് ചപകിലും നിരാശപ്പെടുത്തുന്നില്ല.
അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രം ഒറ്റ സിനിമ കൊണ്ട് എല്ലാം മാറ്റിമറിക്കാന്‍ ഇറങ്ങി പുറപ്പെടുന്ന രീതിയിലുള്ള ചില പ്രചോദന ചിത്രങ്ങളെ പോലെയല്ല എന്നുള്ളതാണ് മറ്റൊരു നേട്ടം. ജീവിത യാഥര്‍ത്ഥ്യങ്ങളോട് ചേര്‍ന്നു നിന്നു കൊണ്ട് വിഷയത്തിന്റെ ഗൗരവം ചോര്‍ന്നു പോകാതിരിക്കാന്‍ ചിത്രം ശ്രദ്ധിക്കുന്നുണ്ട്.
‘എനിക്ക് കൗണ്‍സിലിങ് വേണ്ട തയ്യല്‍ പഠിക്കാന്‍ പോയാല്‍ മതി’എന്നതും ‘മുജേ പാര്‍ട്ടി കര്‍നാ ഹേ’എന്ന മാലതിയുടെ വാക്കുകളും തന്നെയാണ് ചിത്രത്തിന്റെ പഞ്ച് ലൈന്‍. എനിക്ക് ചിരിക്കണമെന്നും പാട്ട് കേള്‍ക്കണമെന്നും ഇടക്കൊക്കെ ആഘോഷിക്കണമെന്നും വ്യക്തമായി പറയുന്ന സമയത്ത്, എന്റെ ജീവിതത്തിന്റെ കടിഞ്ഞാണ്‍ എന്റെ കൈയില്‍ തന്നെ മതിയെന്ന് പറയാതെ പറയുന്നുണ്ട് മാലതി.
ഒരു ബോട്ടില്‍ ആസിഡ് വെറും 30 രൂപക്ക് നമ്മുടെ നാട്ടില്‍ യാതൊരു നിയന്ത്രണങ്ങളും കൂടാതെ ലഭിക്കുന്ന കാര്യവും, പടത്തിന്റെ അവസാനം എഴുതികാണിക്കുന്ന ആസിഡ് ആക്രമണങ്ങളുടെ കണക്കുകളും മാലതിക്കൊപ്പം പ്രേക്ഷകരുടെ മനസ്സില്‍ കുറിച്ചിടാന്‍ ചപകിനാകുന്നു എന്നതാണ് ചിത്രത്തിന്റെ വിജയം.