ലക്ഷ്മി അഗര്‍വാളായി ദീപിക പദുകോണ്‍; ചപക് ട്രെയിലര്‍ പുറത്തിറങ്ങി
indian cinema
ലക്ഷ്മി അഗര്‍വാളായി ദീപിക പദുകോണ്‍; ചപക് ട്രെയിലര്‍ പുറത്തിറങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th December 2019, 3:30 pm

മുംബൈ: കാത്തിരിപ്പിനൊടുവില്‍ ദീപിക പദുകോണ്‍ ചിത്രം ചപക് ട്രെയിലര്‍ പുറത്തിറങ്ങി. ആസിഡാക്രമണം നേരിട്ട ലക്ഷ്മി അഗര്‍വാളിന്റെ ജീവിത കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മേഘ്‌ന ഗുല്‍സാര്‍ ആണ്. മാലതി എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്. നായക കഥാപാത്രമായി എത്തുന്നത് വിക്രാന്ത് മസെയാണ്. രണ്ടു മിനുട്ട് 19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ആസിഡാക്രമണം നേരിട്ട ശേഷം കഥാപാത്രം അനുഭവിക്കുന്ന പ്രശ്‌നങ്ങളുടെയും നിയമപോരാട്ടങ്ങളുടെയും സൂചനകള്‍ നല്‍കുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ട്രെയിലറില്‍ ദീപിക പദുകോണ്‍ ലക്ഷ്മി അഗര്‍വാളിന്റെ തനിപകര്‍പ്പായി സ്‌ക്രീനില്‍ എത്തി എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന അഭിപ്രായം. ഇതുവരെ ചെയ്തതില്‍ ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയ കഥാപാത്രമാണ് ചപകിലേതെന്ന് നേരത്തെ ദീപിക മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ജനുവരി പത്തിനാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്.

2005 ഏപ്രിലില്‍ തന്റെ പതിനഞ്ചാം വയസ്സിലാണ് ലക്ഷ്മി അഗര്‍വാളിനു നേരെ ആസിഡാക്രമണം ഉണ്ടാവുന്നത്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ യുവാവ് ഇവര്‍ക്കു നേരെ ആസിഡ് ആക്രമണം നടത്തുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തനിക്കു നേരെ ആസിഡാക്രമണം നടത്തിയാള്‍ക്കെതിരെ നാലു വര്‍ഷത്തോളം ലക്ഷ്മിക്ക് നിയമ പോരാട്ടം നടത്തേണ്ടി വന്നു. ഒടുവില്‍ പത്തു വര്‍ഷം തടവ് ശിക്ഷയാണ് പ്രതിക്ക് ലഭിച്ചത്. ആസിഡാക്രമണങ്ങള്‍ക്കെതിരെ നിരന്തരം പ്രവര്‍ത്തിച്ച ലക്ഷ്മി രാജ്യത്ത് ആസിഡ് വില്‍പന നിര്‍ത്താന്‍ വേണ്ടി സ്റ്റോപ് സേല്‍ ആസിഡ് എന്ന ക്യാമ്പയിനു തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്.