മലയാളികൾക്ക് സുപരിചിതനായ നടനാണ് ചന്തുനാഥ്. മമ്മൂട്ടി പ്രധാന കഥാപാത്രത്തിൽ എത്തുന്ന പതിനെട്ടാം പടിയിലെ ജോയ് എന്ന കഥാപാത്രത്തിലൂടെയാണ് ചന്തുനാഥ് എന്ന നടനെ മലയാളികൾക്ക് പരിചതമായത്. 12th മാൻ, മാലിക്, ഇനി ഉത്തരം, ഫീനിക്സ് തുടങ്ങിയ ചിത്രങ്ങളിൽ ചന്തുനാഥ് അഭിനയിച്ചിട്ടുണ്ട്. അജു വർഗീസിന്റെ കൂടെ പ്രധാന കഥാപാത്രത്തിൽ ചന്തുനാഥ് അഭിനയിച്ച ചിത്രമാണ് ഫീനിക്സ്.
അജു വർഗീസിനെക്കുറിച്ച് ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് ചന്തുനാഥ്. അജുവിനെ കാണുമ്പോൾ തനിക്ക് കെട്ടിപ്പിച്ച് ഉമ്മ കൊടുക്കാൻ തോന്നുമെന്ന് ചന്തുനാഥ് പറഞ്ഞു. താര പരിവേഷമില്ലാത്ത ഒരാളാണ് അജുവെന്നും എല്ലാവരെയും അഭിനന്ദിക്കുന്ന ഒരാളാണെന്നും ചന്തുനാഥ് കൂട്ടിച്ചേർത്തു. കഴിവുള്ള ഒരാളെ കണ്ടുകഴിഞ്ഞാൽ അയാളെ മുകളിലേക്ക് ഉയർത്താനുള്ള ശ്രമം അജുവിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്നും ചന്തുനാഥ് പറയുന്നുണ്ട്.
‘അജുവിനെ എപ്പോഴും കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാൻ തോന്നുന്ന ഒരാളാണ്. അദ്ദേഹം താര പരിവേഷമില്ലാതെ നമ്മുടെ കൂടെ നിൽക്കുന്ന ഒരാളാണ്. അജു ചേട്ടൻ ലേൺ അൺലേൺ പരിപാടി ഉള്ള ആളാണ്. നമ്മൾ വിചാരിക്കും പുള്ളിക്ക് ഇതൊന്നും അറിഞ്ഞുകൂടാ എന്ന്. ഫീനിക്സ് സിനിമ കണ്ടവർക്ക് അറിയാം ബാത്റൂമിൽ നിന്ന് കരയുന്ന സീനൊക്കെ പുള്ളി ചെയ്തിട്ടുണ്ട്. എന്നിട്ട് പുള്ളി പറയും എനിക്കറിഞ്ഞുകൂടാ എന്ന്. അതുപോലെയല്ല അയാൾക്ക് എല്ലാം അറിയാം. അങ്ങനത്തെ തൊപ്പി വെച്ചിട്ടല്ല പുള്ളി ഇരിക്കുന്നത്.
നമ്മളോട് ചോദിക്കും എടാ നീ എങ്ങനെയാണ് ഗോഷ്ടി ഇല്ലാതെ ഇങ്ങനെ കരയുന്നത് എന്ന്. നീ അവസാനം കരഞ്ഞപ്പോൾ എങ്ങനെയാണ് ഗോഷ്ടി ഇല്ലാതിരുന്നത് എന്ന്. അജു നന്നായിട്ട് അഭിനന്ദിക്കും. ടാലന്റ് ആയിട്ടുള്ള ഒരാളെ കണ്ടു കഴിഞ്ഞാൽ അയാളെ കയറ്റി വിടാൻ ഉള്ള ഒരു ശ്രമം ചേട്ടന്റെ ഭാഗത്ത് നന്നായിട്ട് വരും. ഭയങ്കര ചക്കരയാണ്,’ ചന്തുനാഥ് പറഞ്ഞു.
വിഷ്ണു ഭരതൻ സംവിധാനം ചെയ്ത ഫീനിക്സ് എന്ന ചിത്രമാണ് ചന്തുനാഥിന്റെ പുറത്തിറങ്ങിയ പുതിയ ചിത്രം. മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതിയ ചിത്രത്തിൽ അനൂപ് മേനോൻ, അജു വർഗീസ്, ഭഗത് മാനുവൽ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.