| Sunday, 10th March 2024, 4:17 pm

ഞങ്ങൾ മൂന്നുപേരുമാണ് സെറ്റിലെ ബാക്കിയുള്ളവരെ റാഗ് ചെയ്തത്: ചന്തു സലീംകുമാർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ യുവതാരനിരകളെ അണിനിരത്തി ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. സലീംകുമാറിന്റെ മകൻ ചന്തു സലീംകുമാറും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. അഭിനയിക്കാൻ പോയപ്പോൾ റാഗിങ്ങ് ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ചന്തു. റാഗിങ്ങ് ഒന്നുമില്ലെന്നും തന്റെ വൈബ് അറിയാൻ വേണ്ടിയിട്ടാണ് അവർ വന്നതെന്നും ചന്തു പറഞ്ഞു.

ഗണപതിയും ബാലുവർഗീസുമാണ് തന്റെ അടുത്ത് വന്നിട്ട് സീനിയർ ആർട്ടിസ്റ്റ് പരിപാടികൾ കാണിച്ചതെന്നും അവർ തന്നെ അടിക്കാൻ നോക്കുമ്പോൾ തിരിച്ചും കൊടുക്കുമെന്നും ചന്തു കൂട്ടിച്ചേർത്തു. അവസാനം അവർക്ക് തന്നെ കൂടെ കൂട്ടാൻ പറ്റുമെന്ന് മനസിലായെന്നും അങ്ങനെ തങ്ങൾ മൂവരും കൂടെ ബാക്കിയുള്ളവരെ റാഗ് ചെയ്‌തെന്നും ചന്തു രേഖ മേനോന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘റാഗിങ്ങ് എന്ന് പറഞ്ഞാൽ പറ്റില്ല. ആദ്യ ദിവസം അങ്ങനെ ഉണ്ടായിരുന്നു, അത് റാഗിങ്ങ് ഒന്നുമല്ല. നമ്മളെ അവരുടെ കൂട്ടത്തിൽ കൂട്ടാതിരിക്കാൻ നോക്കും. നമ്മുടെ വൈബ് അറിയാൻ വേണ്ടിയിട്ട് നോക്കുകയാണ്. ബാലുവും ഗണുവും ആണ് മെയിൻ ആളുകൾ. അവർ എന്റെ അടുത്ത് വന്നിട്ട് സീനിയർ ആർട്ടിസ്റ്റ് പരിപാടികളൊക്കെ പറയും.

നമ്മൾ സംസാരിച്ചു കഴിഞ്ഞപ്പോൾ അവരെന്നെ അടിക്കാൻ നോക്കും, ഞാൻ തിരിച്ചടിക്കും. അവര് പിന്നെയും അടിക്കാൻ നോക്കും ഞാൻ പിന്നെയും തിരിച്ചടിക്കും. അപ്പൊ അവർക്ക് മനസിലായി അവരുടെ കൂടെ കൂട്ടാൻ പറ്റും എന്ന്. പിന്നെ ഞങ്ങൾ മൂന്നു പേരും കൂടെ ഒരുമിച്ചാണ് ബാക്കിയുള്ളവരെ റാഗ് ചെയ്തത്,’ ചന്തു സലീംകുമാർ പറഞ്ഞു.

2006ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിദംബരം ഈ ചിത്രമൊരുക്കിയിരിക്കുന്നത്. എറണാകുളത്തെ മഞ്ഞുമ്മലില്‍ നിന്ന് ഒരുകൂട്ടം യുവാക്കള്‍ കൊടൈക്കനാലിലേക്ക് നടത്തുന്ന യാത്രയാണ് സിനിമയുടെ കഥ. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ജീന്‍ പോള്‍ ലാല്‍, ചന്തു സലിംകുമാര്‍, ഗണപതി എന്നിവരാണ് പ്രധാന താരങ്ങള്‍. സംവിധായകന്‍ ഖാലിദ് റഹ്‌മാനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Content Highlight: Chanthu Salimkumar on ragging on Manjummal sets

We use cookies to give you the best possible experience. Learn more