തിയേറ്ററുകില്‍ കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. റിലീസിന് മുമ്പ് ഇന്‍ഡസ്ട്രിയുടെ സീന്‍ മാറ്റുമെന്ന സുഷിന്റെ പ്രസ്താവന ശരിവെക്കുന്ന തരത്തിലായിരുന്നു സിനിമയുടെ ബോക്‌സ് ഓഫീസ് പ്രകടനം. റിലീസായി 25 ദിവസം പിന്നിടുമ്പോള്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ മലയാള സിനിമയായി മറിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ചിത്രത്തിലെ മികച്ച പ്രകടനങ്ങളിലൊന്ന് അഭിലാഷായി വേഷമിട്ട ചന്തു സലിംകുമാറിന്റേതായിരുന്നു. ക്ലൈമാക്‌സിലെ ഡയലോഗ് ഇതിനോടകം എല്ലാവരും ഏറ്റെടുത്തുകഴിഞ്ഞു.
അണ്‍ഫില്‍ട്ടര്‍ഡ് പോഡ്കാസ്റ്റ് ഓഫ് അപര്‍ണ എന്ന ചാനലില്‍ ചന്തു നടത്തിയ അഭിമുഖത്തില്‍ തന്റെ പഠനകാലത്തെ അനുഭവങ്ങള്‍ പങ്കുവെച്ചു. ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ പി.ജി എടുത്തത് സ്‌ക്രിപ്റ്റ് എഴുതാനായിരുന്നെന്നും, അതുവഴി ഹോളിവുഡില്‍ സ്‌ക്രിപ്റ്റ് എഴുതി ഓസ്‌കര്‍ വാങ്ങണമെന്നുമൊക്കെ പ്ലാന്‍ ഉണ്ടായിരുന്നെന്നും ചന്തു പറഞ്ഞു. പിന്നീട് വിക്രമാദിത്യന്‍ എന്ന സിനിമ കണ്ട് സിവില്‍ സര്‍വീസിന് കോച്ചിങ്ങിന് പോയെന്നും താരം പറഞ്ഞു.
‘എഴുതാന്‍ നല്ല ഇഷ്ടമുള്ളതുകൊണ്ടാണ് ലിറ്ററേച്ചര്‍ എടുത്തത്. ഡിഗ്രിയും, പി.ജി. യും ലിറ്ററേച്ചര്‍ തന്നെയായിരുന്നു. ലിറ്ററേച്ചര്‍ പഠിച്ചാല്‍ കൂടുതല്‍ എഴുതാന്‍ പറ്റുമല്ലോ. അങ്ങനെ ഒരു സ്‌ക്രിപ്‌റ്റൊക്കെ എഴുതി ഹോളിവുഡിലൊക്കെ പോയി ഓസ്‌കര്‍ വാങ്ങണെമെന്നൊക്കെ പ്ലാന്‍ ഉണ്ടായിരുന്നു. അത് കഴിയുമ്പോഴേക്ക് കല്യാണമാകും. അങ്ങനെയൊക്കെ ചിന്തിച്ചിരുന്നു.
അപ്പോഴാണ് വിക്രമാദിത്യന്‍ എന്ന സിനിമ ഇറങ്ങുന്നത്. അത് കണ്ട് മോട്ടിവേറ്റായി നേരെ സിവില്‍ സര്‍വീസ് കോച്ചിങ്ങിന് പോയി. അതൊക്കെ പഠിച്ചാല്‍ ഒറ്റ വര്‍ഷം കൊണ്ട് ജോലിയൊക്കെ കിട്ടുമല്ലോ. അതിന് ശേഷം എളുപ്പത്തില്‍ കല്യാണം നടക്കും. ഏറ്റവും വലിയ എയിം കല്യാണം മാത്രമായിരുന്നു,’ ചന്തു പറഞ്ഞു.
Content Highlight: Chanthu Salimkumar asays that why he chose Literature course