മഞ്ഞുമ്മല്‍ ബോയ്‌സിന് തമിഴ്‌നാട്ടില്‍ ലഭിച്ച സ്വീകാര്യതയെക്കുറിച്ച് സംസാരിക്കുകയാണ് ചന്തു സലിംകുമാര്‍. മഞ്ഞുമ്മല്‍ ബോയ്‌സ് ചെയ്ത സമയത്ത് അത് ഇത്ര വലിയ ഹിറ്റാകുമെന്നോ കമല്‍ ഹാസനെ കാണാന്‍ പറ്റുമെന്നോ വിചാരിച്ചിരുന്നില്ലെന്നും ചന്തു പറഞ്ഞു. പുതിയ ചിത്രമായ നടികറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ചന്തു ഇക്കാര്യം പറഞ്ഞത്. തമിഴ്‌നാട്ടില്‍ സിനിമ കാണാന്‍ അവിടെയുള്ളവര്‍ തങ്ങളെ സുഭാഷിനെ രക്ഷിച്ചവരായാണ് കണ്ടതെന്നും സിനിമയെ അത്രക്ക് നെഞ്ചിലേറ്റിയവരായിരുന്നു അവരെന്നും ചന്തു പറഞ്ഞു.
‘മഞ്ഞുമ്മല്‍ ബോയ്‌സ് ചെയ്യുന്ന സമയത്ത് ഇത്ര വലിയ ഹിറ്റാവുമെന്നൊന്നും വിചാരിച്ചില്ല. അതുപോലെ കമല്‍ സാറിനെ കാണാന്‍ പറ്റുമെന്നും വിചാരിച്ചിരുന്നില്ല. നമ്മുടെ നാട്ടില്‍ പടം ഹിറ്റായി എന്ന് മനസിലായി, കേരളത്തിന് പുറത്ത് എന്താണ് സ്ഥിതി എന്നറിയാന്‍ വേണ്ടി ചുമ്മാ ഒരു ദിവസം ബുക്ക്‌മൈഷോയില്‍ നോക്കിയപ്പോള്‍ നല്ല ബുക്കിങ് കണ്ടു.
കേരളത്തിന് പുറത്തുള്ള മലയാളികളാവും ഈ സിനിമ കാണുന്നതെന്നാണ് ആ സമയത്ത് വിചാരിച്ചത്. അവരുടെ കൂടെയിരുന്ന് സിനിമ കാണാമെന്ന് വിചാരിച്ചായിരുന്നു ചെന്നൈയിലെ സത്യം തിയേറ്ററില്‍ ഞങ്ങളെല്ലാവരും സിനിമ കാണാന്‍ പോയത്. അവിടെയെത്തിയപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. മൊത്തം തമിഴ്‌നാട്ടുകാരായിരുന്നു.
അവരൊക്കെ ഓരോ സീനിനും കൈയടിക്കുന്നതൊക്കെ കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി. നമ്മുടെ സിനിമ മറ്റൊരു നാട്ടിലെ ഓഡിയന്‍സ് സ്വീകരിക്കുന്നത് വളരെ റെയറായിട്ടുള്ള കാര്യമാണല്ലോ. അവരൊക്കെ ഞങ്ങളെ കണ്ടപ്പോള്‍ ആഘോഷിക്കുകയായിരുന്നു. തമിഴ്‌നാട്ടിലുളളവര്‍ക്ക് ഞാനും ബാലുവും സുഭാഷിന്റെ കൂട്ടുകാരാണ്. ഇവിടെയുള്ളവരുടെ മുന്നിലാണല്ലോ ചന്തുവും ബാലുവും ഒക്കെ. അവിടെ ആ കഥാപാത്രങ്ങളായിട്ടാണ് ഞങ്ങളെ കാണുന്നത്. അപൂര്‍വമായി കാണാന്‍ പറ്റുന്ന കാര്യമാണ് അതൊക്കെ,’ ചന്തു പറഞ്ഞു.
Content Highlight: Chanthu Salimkumar about the experience of watching Manjummel Boys in Tamilnadu