ആ സിനിമ കണ്ടതിന്റെ ഹാങ്ങോവര്‍ ഒരാഴ്ചയോളം ഉണ്ടായിരുന്നു; ചന്തു സലിംകുമാര്‍
Entertainment
ആ സിനിമ കണ്ടതിന്റെ ഹാങ്ങോവര്‍ ഒരാഴ്ചയോളം ഉണ്ടായിരുന്നു; ചന്തു സലിംകുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 24th March 2024, 2:50 pm

തിയേറ്ററില്‍ കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച് നിറഞ്ഞോടുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രം കേരളത്തില്‍ മാത്രമല്ല, തമിഴ്‌നാട്ടിലും റെക്കോഡ് കളക്ഷനാണ് നേടുന്നത്. 2006ല്‍ എറണാകുളത്തെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോയ ഒരുകൂട്ടം യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഗണപതി, ബാലു വര്‍ഗീസ്, ജീന്‍ പോള്‍ ലാല്‍, ചന്തു സലിംകുമാര്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. ചിത്രത്തില്‍ ചന്തുവിന്റെ കഥാപാത്രത്തിന് ഗംഭീര കൈയടിയാണ് ലഭിച്ചത്.

ഇപ്പോഴിതാ അണ്‍ഫില്‍റ്റര്‍ഡ് പോഡ്കാസ്റ്റ് ഓഫ് അപര്‍ണ എന്ന ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചെറുപ്പത്തില്‍ കണ്ട സിനിമകളെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെച്ചു. ഇഷ്ടംപോലെ സിനിമകള്‍ കാണാറുണ്ടെന്നും ചില സിനിമകള്‍ കണ്ട് അതിലെ കഥാപാത്രത്തെ പോലെ പെരുമാറാറുണ്ടെന്നും, ചില സിനിമകള്‍ കണ്ടതിന്റെ ഹാങ്ങോവര്‍ ഒരാഴ്ചയോളം ഉണ്ടായിരുന്നെന്നും ചന്തു പറഞ്ഞു.

‘പണ്ടൊക്കെ ഓരോ സിനിമകള്‍ കാണുമായിരുന്നു. ചില സിനിമയൊക്കെ കണ്ട് അതിലുള്ള ആള്‍ക്കാരെപ്പോലെ ഒക്കെ നടന്നിട്ടുണ്ട്. ഇപ്പേഴും ഓര്‍മയുണ്ട്, മെമ്മറീസ് സിനിമ കണ്ടിട്ട് അതിലെ വില്ലനെപ്പോലയൊക്കെ പെരുമാറുമായിരുന്നു. അനിയനാണ് ഇതിന്റെയെല്ലാം സാക്ഷി. ഇതൊക്കെ കണ്ട് അവന്‍ എനിക്ക് ഭ്രാന്താണോ എന്നൊക്കെ ചോദിച്ചിട്ടുണ്ടായിരുന്നു.

പിന്നെ ചില സിനിമകള്‍ കണ്ടിട്ട് അതിന്റെ ഹാങ്ങോവര്‍ ഉണ്ടാകുമായിരുന്നു. പര്‍സ്യൂട്ട് ഓഫ് ഹാപ്പിനെസ്സ്, മെമ്മറീസ് ഓഫ് മര്‍ഡര്‍ ഒക്കെ അതുപോലെ ഹാങ്ങോവര്‍ ഉണ്ടായിരുന്നു. മെമ്മറീസ് ഓഫ് മര്‍ഡറിന്റെ ഹാങ്ങോവര്‍ ഒരാഴ്ചയോളം ഉണ്ടായിരുന്നു. അതിന്റെ ക്ലൈമാക്‌സ് സീന്‍ വല്ലാത്ത ഹോണ്ടിങ്ങാണ്. യഥാര്‍ത്ഥ കഥ ബേസ് ചെയ്ത് എടുത്ത സിനിമയായിരുന്നു അത്. ആ കൊലപാതകിയെ സിനിമ ഇറങ്ങുന്നത് വരെ പിടിച്ചിട്ടില്ലായിരുന്നു. ഈയടുത്ത് അയാളെ പിടിച്ചു എന്ന് കേട്ടു. അതോടെ ഈ സിനിമ പിന്നീട് കാണാന്‍ തോന്നിയില്ല. ആ ഒരു എക്‌സൈറ്റ്‌മെന്റ് പോയി,’ ചന്തു പറഞ്ഞു.

Content Highlight: Chanthu Salimkumar about a Korean movie that gave him hangover