| Friday, 11th October 2024, 6:28 pm

രണ്ടാം ഭാഗവുമായി 'കള്ളനും ഭഗവതിയും'; മോക്ഷയും വിഷ്ണുവും വീണ്ടുമെത്തുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈസ്റ്റ് കോസ്റ്റ് വിജയന്‍ നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച് ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമില്‍ ഹിറ്റായി മാറിയ ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു. ‘ചാന്താട്ടം’ എന്നാണ് പുതിയ സിനിമയുടെ പേര്. കള്ളനും ഭഗവതിയും നിലവില്‍ ആമസോണ്‍ പ്രൈമിന്റെ ആള്‍ ഇന്ത്യ റേറ്റിങ്ങില്‍ ആറാം സ്ഥാനത്താണ്.

‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തില്‍ നായികാനായകന്മാരായ ബംഗാളി താരം മോക്ഷയും നടന്‍ വിഷ്ണു ഉണ്ണികൃഷ്ണനും തന്നെയാണ് രണ്ടാം ഭാഗത്തിലും എത്തുന്നത്. പതിവ് ഈസ്റ്റ് കോസ്റ്റ് വിജയന്‍ ചിത്രത്തിലുള്ളത് പോലെ മനോഹരമായ ഗാനങ്ങള്‍ ചാന്താട്ടത്തിലും ഉണ്ടാവും എന്ന പ്രതീക്ഷയിലും ആവേശത്തിലുമാണ് പ്രേക്ഷകര്‍.

ചിത്രത്തില്‍ ഭഗവതിയായി വേഷമിട്ട ബംഗാളി നടി മോക്ഷ ഇതിനകം ഒ.ടി.ടി പ്രേക്ഷകര്‍ക്ക് ഇടയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈസ്റ്റ് കോസ്റ്റ് വിജയന്‍ എന്ന സംവിധായകന്റെ ഏറ്റവും മികച്ച കണ്ടെത്തല്‍ കൂടിയായിരുന്നു മോക്ഷ എന്ന നായിക.

പത്തനംതിട്ട പ്രസ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.

ഇന്ന് രാവിലെ പരുമല വലിയ പനയന്നാര്‍കാവ് ദേവീ ക്ഷേത്രത്തില്‍ നടന്ന ലളിതവും പ്രൗഢ ഗംഭീരവുമായ ചടങ്ങില്‍ ‘ചാന്താട്ടം’ സിനിമയുടെ പൂജ നടന്നു.

രചന – കെ.വി. അനില്‍, സംഗീതം – രഞ്ജിന്‍ രാജ്, ആണ്. ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകരെയും നടീ നടന്മാരെയും തീരുമാനിച്ച് വരുന്നു. ഈസ്റ്റ് കോസ്റ്റിന്റെ തന്നെ ഹൊറര്‍ ഫാമിലി ത്രില്ലര്‍ ചിത്രമായ ‘ചിത്തിനി’ തിയേറ്ററുകളില്‍ മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ തന്നെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്താനായ സന്തോഷത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. പി.ആര്‍.ഒ – മഞ്ജു ഗോപിനാഥ്.

Content Highlight: Chanthattam, Second Part Of Kallanum Bhagavathiyum Movie Announced

We use cookies to give you the best possible experience. Learn more