| Thursday, 6th May 2021, 7:04 pm

ചാനല്‍ ചര്‍ച്ചകള്‍ സംഘപരിവാറിന് വളമാകുന്നതെങ്ങിനെ

അസീസ് തരുവണ

പ്രമുഖ സാമൂഹിക ചിന്തകനായ ഉംബര്‍ട്ടോ എക്കോ തന്റെ ‘മാസ് കമ്യൂണിക്കേഷന്‍ ആന്റ് സൈക്കോളജി’ എന്ന പ്രബന്ധത്തില്‍ മാധ്യമങ്ങള്‍ എങ്ങനെയാണ് ജന മനസ്സുകള്‍ കീഴടക്കുന്നത് എന്നതിനെപ്പറ്റി വിശദമായി പറയുന്നുണ്ട്. അതില്‍ അവതരിപ്പിച്ച ഒരു തിയറി ഇതാണ്. നാം നിരന്തരം ഒരു ചിത്രം കാണുമ്പോള്‍ അത് ചലച്ചിത്രമാകട്ടെ, ചലിക്കാത്ത ചിത്രമാകട്ടെ പ്രേക്ഷക മനസ്സില്‍ ഒരു സബ് ലിമിനല്‍ ക്യൂസ് ഉണ്ടാകുന്നു. ഉദാഹരണമായി, ഒരു സിനിമയില്‍ ഒരാള്‍ ഒരു വില്ലനെ കാണുന്നു. അയാള്‍ ഉയരം കൂടിയ, തടിച്ച, കൊമ്പന്‍ മീശയുള്ള ആളാണെന്ന് കരുതുക.

ഈ വില്ലന്‍ കഥാപാത്രത്തെ പല സിനിമകളിലായി പലപ്പോഴും കാണുന്നതോടെ പ്രേക്ഷകന്റെ മനസ്സില്‍ വില്ലന്‍ എന്നത് മേല്‍ പറഞ്ഞ ആളുടെ രൂപമായി മാറുന്നു.  ഈ രൂപഭാവങ്ങളുള്ള എന്നാല്‍ പരമ സാത്വികനായ ഒരാളെ കണ്ടാലും പെട്ടെന്ന് മനസ്സിലേക്ക് ഓടി വരിക സിനിമകള്‍ നിര്‍മ്മിച്ച വില്ലനെക്കുറിച്ചുള്ള ചിത്രങ്ങളായിരിക്കും. ഈ തിയറി നായക നിര്‍മ്മിതിക്കും ജനസമ്മിതി നിര്‍മ്മിതിക്കും ബാധകമാണ്.

മീഡിയയെ തങ്ങളുടെ വരുതിയിലാക്കി നിയന്ത്രിക്കുവാന്‍ കഴിഞ്ഞാല്‍ ഭരണകൂടങ്ങള്‍ സ്ഥാപിക്കുവാനും തങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന ജനരോഷത്തെ നിര്‍വീര്യമാക്കി എത്ര കാലം വേണമെങ്കിലും അധികാരത്തില്‍ തുടരുവാനും സാധിക്കുമെന്ന ലളിതമായ യാഥാര്‍ത്ഥ്യം ലോകത്തെങ്ങുമുള്ള ഭരണകൂടങ്ങള്‍ക്കിന്നറിയാം. സാമ്രാജ്യത്വ ശക്തികള്‍ ഇവ്വിധം മീഡിയയെ ഉപയോഗപ്പെടുത്തുന്ന ഗൂഢ രീതിയെപ്പറ്റി നോം ചോംസ്‌കി എഴുതിയിട്ടുണ്ട്.

ഇന്ത്യയില്‍, കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ മീഡിയയെ കൃത്യമായി തങ്ങളുടെ നിയന്ത്രണത്തിലാക്കി, ആശയ പ്രചാരണത്തിലൂടെ അധികാരം നിലനിര്‍ത്തുന്നവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. നാഷനല്‍ മീഡിയ എന്നൊക്കെ വ്യവഹരിക്കപ്പെടുന്ന, ഏറെ ജനസമ്മിതിയുള്ള ഒട്ടുമിക്ക മാധ്യമങ്ങളുമിന്ന് പൂര്‍ണമായോ ഭാഗികമായോ സംഘപരിവാര്‍ പിടിയിലാണ്. മാധ്യമങ്ങളെ പണം നല്‍കിയും ഭീഷണിപ്പെടുത്തിയും തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടു വരികയോ നിശ്ശബ്ദമാക്കുകയോ നശിപ്പിക്കുകയോ ആണ് അവര്‍ ചെയ്യുന്നത്.

തെരഞ്ഞെടുപ്പ് കാലത്ത് പ്രധാന പത്രങ്ങളുടെ പേജുകള്‍ വിലയ്ക്ക് വാങ്ങി ആശയ പ്രചാരണം നടത്തുകയായിരുന്നു പത്തു വര്‍ഷം മുമ്പ് സംഘപരിവാര്‍ ചെയ്തിരുന്നത്. പിന്നീടത് എഡിറ്റു പേജിലേക്കും എഡിറ്റോറിയലിലേക്കും ഒടുവില്‍ പത്രം മുഴുവനായും വിലക്കെടുക്കുന്ന അവസ്ഥയിലേക്കും മാറി. ഇതേ സമയം, പ്രബല ഉറുദു പത്രങ്ങളെയെല്ലാം പരസ്യ നിഷേധത്തിലൂടെയും മറ്റും പൂട്ടിക്കുവാനും.

ഇന്ന് മുഖ്യമായും ഓണ്‍ലൈന്‍ – സമാന്തര പ്രസിദ്ധീകരണങ്ങളാണ് ജനപക്ഷത്തുള്ളതെന്ന് കാണാം. ദില്ലിയില്‍ നടന്ന / നടന്നുകൊണ്ടിരിക്കുന്ന
കര്‍ഷക സമര വാര്‍ത്തകളോ കൊറോണാ ദുരിതങ്ങളുടെ ആഴമോ പെട്രോള്‍ വിലവര്‍ദ്ധനവുണ്ടാക്കുന്ന പ്രശ്‌നങ്ങളോ നമുക്ക് സത്യസന്ധമായി കിട്ടാതെ പോകുന്നതിന്റെ കാരണം മീഡിയയുടെ വാര്‍ത്താ തമസ്‌ക്കരണം നിമിത്തമാണ്. ട്വിറ്ററിലൂടെ ചികിത്സാ സഹായം തേടിയ ഉത്തര്‍പ്രദേശ് സ്വദേശിക്കെതിരെ യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ കേസെടുത്ത സംഭവം ഇതോടൊപ്പം ചേര്‍ത്തു വായിക്കാവുന്നതാണ്.

കേരളത്തില്‍ സംഭവിക്കുന്നത്

കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളില്‍ ഒന്നോ രണ്ടോ ചാനലുകളെ മാറ്റി നിര്‍ത്തിയാല്‍, ഇനിയും പണം കൊടുത്ത് പൂര്‍ണാര്‍ത്ഥത്തില്‍ വിലക്കെടുക്കുവാന്‍ സംഘപരിവാറിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ജനങ്ങളെ സ്വാധീനിക്കുവാനോ തങ്ങളുടെ വര്‍ഗീയ അജണ്ട നടപ്പിലാക്കുവാനോ അവര്‍ക്ക് സാധിക്കുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്.

എന്നാല്‍ സ്വന്തമായി ഏറെയൊന്നും മാധ്യമ സ്ഥാപനങ്ങളില്ലാത്ത ബി.ജെ പിയെ കേരളത്തില്‍ അല്‍പമെങ്കിലും വളര്‍ത്തി കൊണ്ടിരിക്കുന്നത് മലയാളം ടെലിവിഷന്‍ ചാനലുകളാണ്. മതേതര-ജനാധിപത്യ മൂല്യങ്ങളോട് പ്രതിബദ്ധത പുലര്‍ത്തുന്ന ചാനലുകള്‍ പോലും കൊടും വര്‍ഗീയവാദികളായ സംഘപരിവാറുകാരെ അന്തിച്ചര്‍ച്ചകളിലും മറ്റും വിളിച്ചു വരുത്തി ആശയ പ്രചാരണത്തിന് അവസരം നല്‍കി കൊണ്ടിരിക്കുകയാണ്.

പത്ര, ചാനലുകളില്‍ മൂന്നിലൊന്ന് പ്രാതിനിധ്യമാണ് കഴിഞ്ഞ കുറേ കാലങ്ങളായി സംഘപരിവാറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കേരള നിയമസഭയില്‍ ഒരു സീറ്റ് പോലും നേടാനാവാത്ത, ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനത്തില്‍ പോലും ബഹുദൂരം പിന്നിലായ ബി.ജെ.പിയെ കേരളത്തിലെ പ്രബല പാര്‍ട്ടികള്‍ക്കൊപ്പമോ അതിലുപരിയായോ പരിഗണിക്കുന്ന രീതിയാണ് പല ചാനലുകളും സ്വീകരിക്കുന്നത്.

ബി.ജെ.പി പ്രതിനിധികളായി ചര്‍ച്ചകളില്‍ വരുന്നവരെ ശ്രദ്ധിക്കുക. ഇവര്‍ ചാനല്‍ ചര്‍ച്ചകളില്‍ വരുന്നതിന് മുമ്പുള്ള കാലത്ത് മലയാളികള്‍ക്ക് സുപരിചിതരായിരുന്നോ? മലയാളിയുടെ സാമൂഹിക-സാംസ്‌ക്കാരിക -രാഷ്ട്രീയ ചിന്തയില്‍ ഇവരുണ്ടായിരുന്നുവോ? ജന്മഭൂമിയിലും ജനം ടി വിയിലും ഒതുങ്ങിയിരുന്ന ഈ വര്‍ഗീയവാദികളെ പൊതുമണ്ഡലത്തില്‍ എത്തിച്ചത് പ്രധാനമായും ചാനല്‍ അന്തിച്ചര്‍ച്ചകളാണ്.

നാളിതു വരെയുള്ള ചാനല്‍ ചര്‍ച്ചകളില്‍ ഏതെങ്കിലും സംഘി വക്താവ് സൗഹാര്‍ദത്തെയും പരസ്പര സ്‌നേഹത്തെയും കുറിച്ചോ നവോത്ഥാന മൂല്യങ്ങളെപ്പറ്റിയോ ഒരു വാക്ക് ഉരിയാടുന്നത് നാം കേട്ടിട്ടുണ്ടോ? സമൂഹ നിര്‍മ്മിതിക്കാവശ്യമായ നിര്‍മ്മാണാത്മകമായ വല്ല ആശയങ്ങളും ഇവര്‍ മുമ്പോട്ടു വെക്കാറുണ്ടോ? ഇല്ലെന്നു തന്നെയായിരിക്കും ഉത്തരം.

അതേസമയം, വര്‍ഗീയതയും പരമനിന്ദയും കുത്തിത്തിരിപ്പുകളും ആവോളം ഇവരില്‍ നിന്നു നാം കേട്ടുകൊണ്ടിരിക്കുന്നു.
പശു ഓക്‌സിജന്‍ ശ്വസിച്ച് ഓക്‌സിജന്‍ പുറത്തുവിടുന്ന ജീവിയാണെന്നും ഗാന്ധിജിയെ മെല്ലെയൊന്ന് വെടിവെച്ചത് അത്ര വലിയ കാര്യമാണോ എന്നൊക്കെയുള്ള മണ്ടത്തരങ്ങളും ഹിംസാത്മക വായാടിത്തങ്ങളും ഇവരില്‍ നിന്ന് ഒരുപാടു നാം കേട്ടുകഴിഞ്ഞു. സംഘികള്‍ പ്രചരിപ്പിക്കുന്ന പുനരുത്ഥാന, പിന്തിരിപ്പന്‍ ആശയങ്ങള്‍ക്ക് പൊതുമണ്ഡലത്തില്‍ എന്തിന് ഇടം കൊടുക്കണം?

കേരളത്തില്‍ നിലനില്‍ക്കുന്ന സൗഹാര്‍ദ്ദാന്തരീക്ഷത്തെ കലുഷമാക്കുവാനും ഛിദ്രത പ്രചരിപ്പിച്ച് സമുദായങ്ങളെ തമ്മിലടിപ്പിക്കുവാനുമുള്ള ഗൂഢശ്രമങ്ങളാണ് ഇപ്പോള്‍ സംഘികള്‍ പയറ്റിക്കൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ കണ്ട ഏറ്റവും വിഷലിപ്തവും മാരകവുമായ വീഡിയോ, ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍ ഒരു കൃസ്ത്യന്‍ പുരോഹിതനു കടുത്ത വര്‍ഗ്ഗീയത ഉപദേശിച്ചു കൊടുക്കുന്ന വീഡിയോയാണ്.

സോഷ്യല്‍ മീഡിയയിലൂടെ ഒഴുകി നടന്ന പ്രസ്തുത വീഡിയോ ബി.ജെ.പിക്കാര്‍ തന്നെ പുറത്തു വിട്ടതാവാനാണ് സാധ്യത. അഥവാ ബി.ജെ.പിയുടെ ഒരു പ്രധാന പ്രചരണോപാധിയായിരുന്നു ആ വീഡിയോ.

വീഡിയോയില്‍ എല്ലാം കേട്ടുനില്‍ക്കുന്ന കൃസ്ത്യന്‍ പുരോഹിതന്‍ മാസ്‌ക് ധരിച്ചതിനാല്‍ ആരാണെന്ന് വ്യക്തമല്ല. ളോഹ ധരിച്ചു നില്‍ക്കുന്നത് ബി.ജെ.പിക്കാരനാവാനും സാധ്യതയുണ്ട്. ഒരു കൃസ്തീയ പുരോഹിതന് ഒരു മറുവാക്കുമില്ലാതെ അത്രമേല്‍ വിഷവാണി ശ്വസിച്ചു നില്‍ക്കുവാനുള്ള ത്രാണിയുണ്ടാകുമോ എന്ന കാര്യം സംശയമാണ്.

തൃശൂര്‍ ടൗണില്‍ പണ്ട് കടകളെല്ലാം കൃസ്ത്യാനികളുടേതായിരുന്നുവെന്നും ഇപ്പോള്‍ അത് മുസ്‌ലിങ്ങള്‍ കയ്യടക്കിയിരിക്കുന്നുവെന്നും പറഞ്ഞ് തുടങ്ങുന്ന വീഡിയോയില്‍ ഉദ്ധരിക്കുവാന്‍ അറപ്പു തോന്നുന്ന കടുത്ത വര്‍ഗീയതയും പരമത വിദ്വേഷവുമാണുള്ളത്.

പരസ്യപ്പെടുത്തിയ വിഡിയോയില്‍ ഇങ്ങനെയാണെങ്കില്‍ രഹസ്യ പരിപാടികളിലെ അവസ്ഥയെന്തായിരിക്കും എന്നൂഹിക്കാവുന്നതേയുള്ളു.
ഇത്രയേറെ വിഷം തുപ്പിയിട്ടും പ്രബുദ്ധരായ മലയാളികള്‍ ബി.ജെ.പിയെ ചവറ്റുകൊട്ടയിലെറിഞ്ഞു എന്നത് മറ്റൊരു കാര്യം.
ഇലക്ഷന്‍ കഴിഞ്ഞുവെങ്കിലും സംഘികള്‍ പുറത്തുവിട്ട മാലിന്യം ഇല്ലാതാവുന്നില്ല.

ഭരണഘടനാ മൂല്യങ്ങളെ ചവിട്ടിയരയ്ക്കുന്ന ഫാസിസ്റ്റുകളെ ചാനല്‍ ചര്‍ച്ചകള്‍ അടക്കമുള്ള പൊതുവേദികളില്‍ നിന്ന് മാറ്റി നിര്‍ത്തുവാന്‍ ചാനലുകള്‍ തയ്യാറാവേണ്ടിയിരിക്കുന്നു. കാരണം, കടുത്ത വര്‍ഗീയ വാദികളായ സംഘികള്‍ക്ക് വിസിബിലിറ്റിയും ജനസമ്മിതിയും നേടിക്കൊടുക്കുന്ന ചാനല്‍ ചര്‍ച്ചകള്‍ തീര്‍ച്ചയായും മലയാളി ആര്‍ജ്ജിച്ച പ്രബുദ്ധതയ്‌ക്കെതിരെയുള്ള കൊഞ്ഞനം കാട്ടലാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Medias how to promote Sanghparivar

അസീസ് തരുവണ

എഴുത്തുകാരന്‍, അധ്യാപകന്‍ 'വയനാടന്‍ രാമായണം' ഉള്‍പ്പെടെ നിരവധി പുസ്തകങ്ങളുടെ കര്‍ത്താവ്

We use cookies to give you the best possible experience. Learn more