മധുരൈ: വാര്‍ത്താ ചാനലുകളുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തി മദ്രാസ് ഹൈക്കോടതി. സെന്‍സര്‍ഷിപ്പോ മറ്റു നിയന്ത്രണങ്ങളോ ഇല്ലെന്ന് കരുതി എന്തും ടെലികാസ്റ്റ് ചെയ്യാമെന്ന് ചാനലുകള്‍ കരുതരുതെന്ന് മദ്രാസ് ഹെക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് കിരുബാകരന്‍, ബി പുകലേന്തി എന്നിവരടങ്ങിയ ബെഞ്ചാണ് ചാനലുകള്‍ക്കെതിരെ രംഗത്തെത്തിയത്.
വാര്‍ത്താ ചാനലുകള്‍ക്ക് ടെലികാസ്റ്റ് ചെയ്യുന്ന വിഷയങ്ങളില്‍ ഉത്തരവാദിത്തം വേണമെന്ന് പറഞ്ഞ കോടതി ടെലിവിഷന്‍ ചാനലുകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി.
2008ലെ മുംബൈ ഭീകരാക്രമണം മുതല്‍ തീവ്രവാദികള്‍ വരെ ചാനലുകള്‍ കണ്ടാണ് ആക്രമണത്തിലുള്ള വഴികള്‍ കണ്ടുപിടിക്കുന്നത്. കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ ഒരു പെണ്‍കുട്ടിയെ വെട്ടിക്കൊലപ്പെടുത്തിയതും ടിവിയില്‍ കാണിച്ചു. ഇത്തരം ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാതിരിക്കാനുള്ള ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്കുണ്ടാകണമെന്ന് കോടതി പറഞ്ഞു.
നവജാത ശിശുക്കള്‍ വരെ ടെലിവിഷന്‍ സ്‌ക്രീനില്‍ കണ്ണുനട്ടിരിക്കുന്ന കാലമാണ്. ഓണ്‍ലൈന്‍ ക്ലാസുകളുടെ കൂടി കാലമായതിനാല്‍ കുട്ടികള്‍ ഏറെ നേരം ടെലിവിഷന്‍ കാണുന്നുണ്ട്. ഈ സാഹചര്യത്തില്‍ വാര്‍ത്താ ചാനലുകളില്‍ വരുന്ന മേല്‍പ്പറഞ്ഞ തരത്തിലുള്ള ദൃശ്യങ്ങള്‍ ഏത് തരത്തിലായിരിക്കും കുട്ടികളെ ബാധിക്കുക എന്നതില്‍ ആശങ്കയുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
അശ്ലീലം നിറഞ്ഞ പരസ്യങ്ങളും പരിപാടികളും ധാരാളമായി ചാനലുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നുണ്ടെന്നും ടെലിവിഷന്‍ കണ്ടന്റുകളില്‍ നിയന്ത്രണം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.
അശ്ലീലം നിറഞ്ഞ പരസ്യങ്ങളും പരിപാടികളും പ്രദര്‍ശിപ്പിക്കുന്ന ടെലിവിഷന്‍ ചാനലുകള്‍ക്കും കേബിള്‍ ഓപ്പറേറ്റര്‍ക്കുമെതിരെ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ പൊതുതാത്പര്യ ഹരജിയില്‍ വാദം കേള്‍ക്കവേയാണ് കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക