ന്യൂദല്‍ഹി: വാര്‍ത്താ ചാനലുകള്‍ വിദ്വേഷം പടര്‍ത്തുന്ന അവതാരകരെ പുറത്താക്കമെന്ന് സുപ്രീംകോടതി.
റേറ്റിങ് മാത്രം ലക്ഷ്യമിട്ട് വാര്‍ത്താ ചാനലുകള്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
പല ചാനല്‍ അവതാരകരും ഒരു വശത്തിന് വേണ്ടി മാത്രം സംസാരിക്കുന്നു. എതിര്‍പക്ഷത്തെ മാത്രം ചോദ്യം ചെയ്യുന്നു. എന്ത് വേണമെങ്കിലും പറയാനുള്ള അവകാശം ചാനല്‍ അവതാരകര്‍ക്കില്ലെന്നും കോടതി പറഞ്ഞു.
വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരായ ഹരജി പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് കെ.എം ജോസഫിന്റെ നിരീക്ഷണം. പ്രോഗ്രാം കോഡ് ലംഘിക്കുന്ന ചാനലുകള്‍ക്ക് കനത്ത പിഴ ഈടാക്കണമെന്നും ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ബി.വി. നാഗരത്ന എന്നിവര്‍ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
ചാനല്‍ അവതാരകര്‍ തന്നെ പ്രശ്നക്കാര്‍ ആകുമ്പോള്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് സുപ്രീംകോടതി ആരാഞ്ഞു. ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് ആന്‍ഡ് ഡിജിറ്റല്‍ അസോസിയേഷന്‍ (NBDA) പോലുള്ള സ്ഥാപനങ്ങള്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണം. ഇത്തരം സ്ഥാപനങ്ങള്‍ ഏകപക്ഷീയമായി പ്രവര്‍ത്തിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു.
‘പക്ഷപാതപരമായി പെരുമാറിയ എത്ര അവതാരകരെ നിങ്ങള്‍ പുറത്താക്കി?’ എന്നും എന്‍.ബി.ഡി.എയോട് കോടതി ചോദിച്ചു.
‘ആഗ്രഹിക്കുന്ന രീതിയില്‍ അഭിപ്രായം പറയാന്‍ അവകാശമില്ലെന്ന് അവതാരകര്‍ മനസിലാക്കണം. രാജ്യത്തെ മുഴുവന്‍ സ്വാധീനിക്കുന്ന കാര്യങ്ങളാണ് സംസാരിക്കുന്നതെന്ന കാര്യം ഉള്‍ക്കൊള്ളണം. ഇത്തരത്തിലുള്ള മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന അവതാരകരെ പുറത്താക്കണം. ചാനലുകള്‍ക്ക് പിഴ ചുമത്തണം,’ കോടതി നിര്‍ദേശിച്ചു.
എയര്‍ ഇന്ത്യ വിമാനത്തില്‍ മൂത്രമൊഴിച്ചെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിക്കെതിരെ ചില ചാനലുകള്‍ നടത്തിയ പരാമര്‍ശത്തെയും കോടതി വിമര്‍ശിച്ചു.
ആ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയില്‍ ആണ്. കുറ്റക്കാരന്‍ ആണെന്ന് കോടതിയുടെ തീര്‍പ്പ് ഉണ്ടായിട്ടില്ല. ആരെയും നിന്ദിക്കാന്‍ മാധ്യമങ്ങള്‍ക്ക് അവകാശം ഇല്ല. എല്ലാവര്‍ക്കും അന്തസോടെ ജീവിക്കാനുള്ള അവകാശം ഉണ്ടെന്നും സുപ്രീം കോടതി പറഞ്ഞു.
ജസ്റ്റിസുമാരായ കെ.എം. ജോസഫും ബി.വി. നാഗരത്‌നയുമടങ്ങുന്ന ബെഞ്ചാണ് വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരായ ഹരജികള്‍ പരിഗണിക്കുന്നത്.
സുദര്‍ശന്‍ ന്യൂസ് ടി.വിയുടെ ‘യു.പി.എസ്.സി ജിഹാദ്’ ക്യാമ്പയിന്‍, തബ്‌ലീഗ് യോഗത്തിന്റെ പശ്ചാത്തലത്തിലുണ്ടായ ‘കൊറോണ ജിഹാദ്’ ക്യാമ്പെയ്ന്‍, മുസ്‌ലിം വിരുദ്ധ പ്രചാരണം നടന്ന ധരം സന്‍സദ് യോഗങ്ങള്‍ക്കെതിരായ ഹരജികള്‍ എന്നിവയെല്ലാം ബെഞ്ച് പരിഗണിക്കുന്നുണ്ട്.
വിദ്വേഷ പ്രസംഗം തടയാന്‍ വിശാലമായ മാര്‍ഗനിര്‍ദേശങ്ങള്‍ ആവശ്യപ്പെട്ടുള്ള ഹരജികളും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.
Content Highlight: Channel anchors Spreading Hate should be withdrawn; Channels should be fined heavily Supreme Court