തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തുന്നത് പരിഗണനയില്‍. സംസ്ഥാനത്തെ സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനകീയ ചര്‍ച്ചകള്‍ നടത്തുന്നതിനായി നല്‍കിയ കുറിപ്പുകളടങ്ങിയ രേഖയിലാണ് സ്‌കൂള്‍ സമയമാറ്റത്തിനുള്ള നിര്‍ദേശം. വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം ചര്‍ച്ചയ്ക്ക് വെച്ചിരിക്കുകയാണ്.
‘കുട്ടികള്‍ക്ക് പ്രായത്തിനനുഗുണമായ വിദ്യാഭ്യാസം ലഭിക്കുന്നതിനോടൊപ്പം അവരുടെ കഴിവുകള്‍ക്കനുഗുണമായ വിദ്യാഭ്യാസവും ലഭിക്കേണ്ടതുണ്ട്. അങ്ങനെയെങ്കില്‍ നിലവിലുള്ള സ്‌കൂള്‍ സമയത്തില്‍ മാറ്റം അനിവാര്യമാകും. എന്തുതരം മാറ്റങ്ങളാകും അഭികാമ്യം?’ എന്ന ചോദ്യമാണ് ചര്‍ച്ചയ്ക്കായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട കരട് രേഖയില്‍ ലിംഗ വ്യത്യാസമില്ലാതെ ഇരിപ്പിടമെന്ന ഭാഗത്ത് നേരത്തെ തിരുത്തല്‍ വരുത്തിയിരുന്നു.
ലിംഗ സമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന തലക്കെട്ട് മാറ്റി പകരം ലിംഗ നീതിയിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്നാക്കി. ക്ലാസ് റൂമുകളില്‍ ലിംഗ വ്യത്യാസമില്ലാതെ ഇരിപ്പിട സൗകര്യങ്ങള്‍ ഒരുക്കേണ്ടതല്ലേ എന്ന ചോദ്യവും തിരുത്തിയിരുന്നു.
ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തി ഇരുത്തണമെന്ന നിര്‍ദേശം ഒഴിവാക്കിയിട്ടുണ്ട്. ലിംഗ വ്യത്യാസമില്ലാതെ ഇരിപ്പിട സൗകര്യം എന്ന ഭാഗത്ത് ഇരിപ്പിടം എന്ന വാക്ക് ഒഴിവാക്കി സ്‌കൂള്‍ അന്തരീക്ഷം എന്നാണ് ചേര്‍ത്തിരിക്കുന്നത്.
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം മുസ്‌ലിം സംഘടനകള്‍ വിവാദമാക്കിയതിന്റെ പശ്ചാത്തലത്തില്‍, വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം സഭയില്‍ വ്യക്തമാക്കിയിരുന്നു.
ഒരുതരം വേഷവിധാനവും ആരുടെ മേലും അടിച്ചേല്‍പ്പിക്കുന്നത് സര്‍ക്കാരിന്റെ നയമല്ലെന്നും വസ്ത്രധാരണം, ആഹാരം, വിശ്വാസം എന്നിവയുടെ കാര്യത്തില്‍ വ്യക്തികള്‍ക്ക് സാമൂഹ്യകടമകള്‍ക്ക് അനുസൃതമായുള്ള സര്‍വ്വസ്വാതന്ത്ര്യവും ഉണ്ടായിരിക്കുന്നാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്.