| Wednesday, 25th September 2019, 7:52 pm

മാറുന്ന മലയാള സിനിമ ; മാറുന്ന വിപണി സാധ്യതകള്‍

അശ്വിന്‍ രാജ്

‘നൂറ് കോടി ബഡ്ജറ്റില്‍ ഒരു മലയാള സിനിമ’ ഒരു അഞ്ച് വര്‍ഷം മുമ്പ് ചിന്തിക്കാന്‍ പോലും കഴിയാതിരുന്ന ഒന്നായിരുന്നു ഇത്. എന്നാല്‍ ആശിര്‍വാദ് സിനിമാസും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘മരക്കാര്‍ അറബി കടലിന്റെ സിംഹം’ എന്ന ചിത്രം മലയാളത്തിലെ ആദ്യ നൂറ് കോടി ബഡജറ്റ് പടമാകുകയാണ്.

റിലീസിന് മുമ്പ് മറ്റൊരു റെക്കോര്‍ഡ് കൂടി ചിത്രം സ്വന്തമാക്കി. പുറത്ത് വരുന്ന വാര്‍ത്തയനുസരിച്ച് 150 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ പ്രീ ബിസിനസ് നടന്നിരിക്കുന്നത്. നടനും സംവിധായകനും പ്രൊഡ്യൂസറും ആയ പൃഥ്വിരാജ് ഇത് സംബന്ധിച്ച ആദ്യ സൂചനകള്‍ പുറത്ത് വിട്ടത്. മരക്കാര്‍ അറബി കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ പ്രീബിസിനസ് തുക എത്രയാണെന്ന് തനിക്ക് അറിയാം കേട്ടാല്‍ വിശ്വസിക്കാന്‍ കഴിയാത്ത അത്രയും ആണ് എന്നാണ് അദ്ദേഹം പറഞ്ഞത്.

അതേ മലയാള സിനിമ മാറുകയാണ്. ഒരു പത്ത് വര്‍ഷം മുമ്പുവരെ 5 കോടി രൂപയ്ക്ക് മുകളില്‍ ബഡ്ജറ്റ് വരുന്ന പടങ്ങള്‍ ബിഗ് ബഡ്ജറ്റും ബ്രഹ്മാണ്ടവും ആകുന്നിടത്താണ് രണ്ടക്കവും കടന്ന് മൂന്നക്ക കോടിയിലേക്ക് ബഡ്ജറ്റ് പോകുന്നത്. കുടുതല്‍ ലാഭം ലഭിക്കുന്നതിനുള്ള സാധ്യതകള്‍ മലയാള സിനിമയ്ക്ക് മുമ്പില്‍ തുറക്കുകയാണ്. മുടക്ക് മുതല്‍ കൂടുന്നതിന് അനുസരിച്ച് ലാഭവും തിരിച്ച് പിടിക്കാന്‍ കഴിയും എന്ന വിശ്വാസം പതിയെ മലയാള സിനിമയ്ക്ക് വന്ന് കൊണ്ടിരിക്കുകയാണ്.

മുമ്പ് തിയേറ്റര്‍ കളക്ഷനെ മാത്രം ആശ്രയിച്ചിരുന്ന മലയാള സിനിമയ്ക്ക് ഇന്ന് ബിസിനസിന്റെ വിവിധ മേഖലകളാണ് തുറന്നുകിട്ടിയിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് വരെ സാറ്റ്‌ലൈറ്റ് റൈറ്റ് മാത്രമായിരുന്നു ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്നുള്ള വരുമാനവും മലയാള സിനിമയ്ക്കായി വന്നുകൊണ്ടിരിക്കുകയാണ്.

കൈപൊള്ളുന്ന മലയാള സിനിമ

മുമ്പ് പറഞ്ഞപോലെ കുറഞ്ഞ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന സിനിമകളായിരുന്നു മലയാളത്തില്‍ വന്ന് കൊണ്ടിരുന്നത്. ഇതിന് മുടക്ക് മുതല്‍ തിരിച്ച് കിട്ടുന്നത് തിയേറ്റര്‍ റണ്ണില്‍ നിന്ന് മാത്രമായിരുന്നു. എന്നാല്‍ പലപ്പോഴും തിയേറ്റര്‍ എണ്ണം പോലും നിശ്ചയിച്ചിരുന്നത് ചിത്രത്തിലെ താരങ്ങളുടെ സ്റ്റാര്‍ വാല്യുവിന് അനുസരിച്ചായിരുന്നു. ശരാശരി 150 ചിത്രങ്ങള്‍ ഒരു വര്‍ഷം മലയാളത്തില്‍ ഇറങ്ങാറുണ്ട്. ഇതില്‍ വളരെ കുറച്ച് ചിത്രങ്ങള്‍ക്ക് മാത്രമാണ് തിയേറ്ററില്‍ നിന്ന് മുടക്കുമുതലും ലാഭവും ലഭിക്കാറുള്ളു. അത് കൊണ്ട് തന്നെ സംവിധായകര്‍ക്ക് തങ്ങളുടെ ചിത്രങ്ങളുടെ ബഡ്ജറ്റില്‍ നിര്‍മ്മാതാവിന് വേണ്ടി ചില അഡജസ്റ്റ്‌മെന്റുകള്‍ ചെയ്യേണ്ടതായി വരാറുണ്ട്.

2018-ൽ മലയാളത്തിൽ 156 സിനിമകൾ പ്രദർശനത്തിനെത്തി എന്നതാണ് വിക്കിപീഡിയ പ്രകാരമുള്ള കണക്ക്.

ഒരു ചിത്രത്തില്‍ നിന്ന് നിര്‍മ്മാതാവിന് മുടക്കുമുതലും ലാഭവും ലഭിക്കണമെങ്കില്‍ എകദേശം മുടക്കുമുതലിന്റെ മൂന്ന് ഇരട്ടിയോളം ലഭിക്കണമെന്നാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്.

സര്‍ക്കാരിന് നല്‍കുന്ന നികുതി, വിതരണക്കാരനും തിയേറ്റര്‍ ഉടമകളുടെയും വിഹിതം എന്നിവ കഴിച്ച് നിര്‍മ്മാതാവിന് ലാഭമുണ്ടാകുന്നതിനാണ് ഈ കണക്ക്.

ഇവിടെയാണ് സാറ്റ്‌ലെറ്റ് റൈറ്റ് നിര്‍മ്മാതാവിന് അനുഗ്രഹമാവുന്നത്. 90 കളുടെ അവസാനത്തോടെയാണ് കേരളത്തില്‍ സ്വകാര്യ മലയാള വിനോദ ചാനലുകള്‍ വ്യപകമാവുന്നത്. ഇതോടെ സിനിമകള്‍ ചാനലുകള്‍ പ്രദര്‍ശനത്തിനായി വാങ്ങിത്തുടങ്ങി. വന്‍ തുകയ്ക്കാണ് സാറ്റ്‌ലൈറ്റ് റൈറ്റുകള്‍ ചാനലുകള്‍ സ്വന്തമാക്കിയിരുന്നത്. പലപ്പോഴും തിയേറ്റര്‍ റണ്ണിനേക്കാള്‍ ലാഭം ഇതിലൂടെ ചിത്രങ്ങള്‍ നേടിയ ചരിത്രവും ഉണ്ടായിട്ടുണ്ട്.

സംപ്രേക്ഷണാവകാശത്തിന് പുറമേ ഓഡിയോ റൈറ്റ്, ഡബ്ബിംഗ് റൈറ്റ് എന്നിവയിലൂടെയും വിവിധ ബ്രാന്റുകളുടെ പരസ്യത്തിലൂടെയുള്ള വരുമാനവും ലഭിക്കാറുണ്ട്.

എന്നാല്‍ ഈ സാറ്റലെറ്റ് റൈറ്റുകള്‍ ചില പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. ചിത്രങ്ങളില്‍ അഭിനയിച്ച താരങ്ങളുടെ മാര്‍ക്കറ്റിന് അനുസരിച്ചാണ് സാറ്റ്‌ലെറ്റ് റൈറ്റ് വിറ്റുപോകുന്നത് ഇത് പലപ്പോഴും ചെറിയ സിനിമകള്‍ എടുക്കുന്ന അണിയറപ്രവര്‍ത്തകര്‍ക്ക് വെല്ലുവിളിയാകാറുണ്ട്.

മാറുന്ന വിപണി സാധ്യതകള്‍

മലയാള സിനിമയിലേക്ക് ഏറ്റവും അവസാനമാണ് പുതിയ വിപണി സാധ്യതകള്‍ വന്നതെന്നാണ് സംവിധായകന്‍ വി.സി അഭിലാഷ് പറയുന്നത്.
മുമ്പ് സാറ്റലെറ്റ് റൈറ്റിനെ മാത്രം ആശ്രയിച്ചിരുന്ന സിനിമകള്‍ക്ക് പുതിയ സാധ്യതയായിട്ടാണ് ഡിജിറ്റല്‍ പ്ലാറ്റഫോമുകളിലേക്ക് കൂടി സിനിമയെ കൊണ്ട് വരാനുള്ള അവസരം ഉണ്ടാക്കിയിരിക്കുന്നത്.

നേരത്തെ സാറ്റ്‌ലെറ്റ് റൈറ്റുകള്‍ വരുമ്പോള്‍ താരങ്ങളുടെ മാര്‍ക്കറ്റ് വാല്യു നോക്കുമായിരുന്നു. പലപ്പോഴും ഒരു സൂപ്പര്‍ സ്റ്റാറിന്റെ മോശം സിനിമയ്ക്ക് കിട്ടിയ സാറ്റ്‌ലെറ്റ് റൈറ്റ് പോലും ഒരു നല്ല അഭിപ്രായം കിട്ടിയ ചെറിയ സിനിമയ്ക്ക് ലഭിച്ചെന്ന് വരില്ല. പിന്നെ ചില സിനിമകള്‍ തിയേറ്ററില്‍ നല്ല അഭിപ്രായം ലഭിച്ച ശേഷം ഇത്തരം റൈറ്റുകള്‍ വിറ്റുപോകാറുണ്ട്. സുഡാനി ഫ്രം നൈജീരിയയെ പോലുള്ള സിനിമകളാണ് അത്. എന്നാല്‍ എല്ലാപ്പോഴും അങ്ങിനെ സംഭവിക്കണമെന്നില്ലെന്ന് വി.സി അഭിലാഷ് പറഞ്ഞു.

വി.സി അഭിലാഷ്

തന്റെ സിനിമയായ ആളൊരുക്കം മികച്ച അഭിപ്രായങ്ങളും അംഗീകാരങ്ങളും ലഭിച്ച സിനിമയായിട്ട് കൂടി പ്രദര്‍ശനത്തിന് തിയേറ്ററുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടി. ആളുകളറിഞ്ഞ് വരുമ്പോഴേക്കും തിയേറ്ററില്‍ നിന്ന് ചിത്രം എടുത്ത് മാറ്റേണ്ടിയും വന്നു. ഇവിടെയാണ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ ഗുണം. അഭിലാഷ് പറയുന്നു.

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും സാറ്റലൈറ്റും മാത്രമല്ല മറ്റ് മാര്‍ഗങ്ങള്‍ കൂടി മലയാള സിനിമയ്ക്ക് വിപണി സാധ്യതകള്‍ തുറന്നു എന്നത് വലിയ കാര്യമാണെന്ന് മാധ്യമ പ്രവര്‍ത്തകനും സിനിമാ നിരൂപകനുമായ മനീഷ് നാരായണന്‍ പറയുന്നത്. ”സാറ്റ്‌ലെറ്റിന് പുറമേ ജി.സി.സി അടക്കമുള്ള സ്ഥലങ്ങളില്‍ സിനിമ റിലീസ് ചെയ്യുന്നതിലൂടെ വിനിമയ മൂല്യത്തിലടക്കം വലിയ തോതില്‍ നിര്‍മ്മാതാവിന് ആശ്വാസമാകുന്ന തരത്തിലാണ് സിനിമകളുടെ റിലീസ്. ജി.സി.സിയില്‍ സൂപ്പര്‍സ്റ്റാര്‍സിന്റെ സിനിമകള്‍ നോക്കുമ്പോള്‍ അവര് അതിന്റെ ഓവര്‍സീസ് റൈറ്റ് അടക്കം വാങ്ങുന്ന രീതിയുണ്ട്. അത് കൂടാതെ യൂറോപ്പ് അടക്കമുള്ള രാജ്യങ്ങളില്‍ ഇപ്പോള്‍ മലയാളം സിനിമ റിലീസ് ചെയ്യാന്‍ തുടങ്ങി” – മനീഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

മനീഷ് നാരായണന്‍

മലയാളസിനിമയില്‍ കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ വലിയ മാറ്റങ്ങളാണ് സംഭവിച്ചത് എന്നാണ് നടനും സംവിധായകനും നിര്‍മ്മാതാവുമായ പൃഥ്വിരാജ് പറഞ്ഞത്. ‘മരക്കാര്‍ പോലൊരു സിനിമ. മലയാളത്തില്‍ കുറച്ച് കാലങ്ങള്‍ക്കു മുമ്പ് അങ്ങനെയൊരു സിനിമ ചിന്തിക്കാന്‍ പോലും സാധിക്കില്ല. മാമാങ്കവും മറ്റൊരു ഉദാഹരണം. കാരണം അത്ര മാത്രം ബജറ്റാണ് ആ സിനിമകള്‍ക്ക് ആവശ്യം.’

‘മരക്കാര്‍ സിനിമ റിലീസിനു മുമ്പ് പ്രി-ബിസിനസ്സ് വഴി എത്ര രൂപയാണ് കലക്ട് ചെയ്തതെന്ന് അറിഞ്ഞു കഴിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടിപ്പോകും. എനിക്ക് ആ കണക്കറിയാം. ഞാന്‍ അതിന്റെ നിര്‍മാതാവൊന്നുമല്ല. അതുകൊണ്ട് തന്നെ ആ കണക്ക് വെളിപ്പെടുത്താനും കഴിയില്ല. അത്രയും വളര്‍ന്നു കഴിഞ്ഞു മലയാളസിനിമ. ഇനി നമ്മളാണ് വലിയ സ്വപ്നങ്ങള്‍ കാണേണ്ടത്. സ്വപ്നം കണ്ടാല്‍ മാത്രം പോര, ആ കഥയെ എങ്ങനെ വലിയ രീതിയില്‍ അവതരിപ്പിക്കാം എന്ന കൃത്യമായ ബോധ്യവും ഉണ്ടായിരിക്കണം. വരാനിരിക്കുന്ന കുറച്ച് കാലങ്ങള്‍ മലയാളസിനിമയെ സംബന്ധിച്ചിടത്തോളം അതിശയിപ്പിക്കുന്നതാകും.’

‘മലയാളസിനിമയുടെ ഭാഷാ പതിപ്പുകളും ഇനി മറ്റു രാജ്യങ്ങളില്‍ എത്തിച്ചേരും. ഇതൊക്കെ വലിയ സാധ്യതകളാണ്. ഇക്കാര്യം ഞാന്‍ പണ്ടും പറഞ്ഞിട്ടുണ്ട്. ഞാന്‍ നിര്‍മിച്ച ഉറുമി എന്ന സിനിമ ഹോങ്കോങ് ഫിലിം ആര്‍ക്കൈവിലേയ്ക്ക് വിറ്റു. ഇതുകൂടാതെ ജാപ്പനീസ് ടെലിവിഷന്‍ അവകാശം, സ്വീഡിഷ് ഡിവിഡി റൈറ്റ്‌സ് എന്നിവ വരെ ഞാന്‍ വിറ്റിട്ടുണ്ട്.’-പൃഥ്വി പറഞ്ഞു.

മോഹന്‍ലാല്‍ എന്ന ബ്രാന്റ്,

മലയാള സിനിമയുടെ വിപണി വിപുലീകരണത്തില്‍ വലിയ ഒരു പങ്ക് വഹിച്ച താരമാണ് മോഹന്‍ലാല്‍. മലയാളത്തിലെ ആദ്യ 50, 100 , 200 കോടി കളക്ഷനുകള്‍ നേടുന്ന ആദ്യ സിനിമകള്‍ മോഹന്‍ലാലിന്റെതാണ്. എന്നാല്‍ ഇത് മാത്രമല്ല മോഹന്‍ലാല്‍ എന്ന നടന്‍. മോഹന്‍ലാല്‍ എന്നത് ഇന്ന് ഒരു ബ്രാന്റിന് തുല്ല്യമാണ്.

മലയാള സിനിമ വിപണിയില്‍ ഏറ്റവും നിര്‍ണായകമായ ഒന്നായിരുന്നു ഡിജിറ്റല്‍ റൈറ്റുകള്‍ വേറെ വേറെ നല്‍കുക എന്നത്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം 13.5 കോടിക്കാണ് ആമസോണിന് ലൂസിഫര്‍ സംപ്രേക്ഷണാവകാശം വിറ്റുപോയത്. ഇതിന് പുറമേ ഏഷ്യാനെറ്റ് ചാനലിന് 6 കോടി അന്യഭാഷ റൈറ്റ് 10 കോടി എന്നിങ്ങനെ ബിസിനസ് നടന്നു.

സിനിമാ വിപണിയ്ക്ക് ‘ലൂസിഫര്‍’ നല്‍കിയ ഉണര്‍വ്വ് ചെറുതല്ലെന്നാണ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ജനറല്‍ സെക്രട്ടറി എം സി ബോബി മാധ്യമങ്ങളോട് പറഞ്ഞത്.

‘സിനിമാ വിപണിയ്ക്ക് ‘ലൂസിഫര്‍’ നല്‍കിയ ഉണര്‍വ്വ് ചെറുതല്ല. ‘ലൂസിഫര്‍’ തിയേറ്ററുകളിലേക്ക് ആളുകളെ കൊണ്ടു വന്നു, പല തിയേറ്ററുകള്‍ ഉടമകളും കറന്റ് ബില്ലുകള്‍ അടച്ചതും താല്‍ക്കാലിക ബാധ്യതകള്‍ തീര്‍ത്തതുമൊക്കെ ‘ലൂസിഫര്‍’ ഉണ്ടാക്കിയ ലാഭം കൊണ്ടാണ്. അത്തരത്തിലുള്ള ഒരു വലിയ വിജയത്തിനു വേണ്ടിയാണ് ഇനി ഞങ്ങള്‍ കാത്തിരിക്കുന്നത്. ‘കുഞ്ഞാലി മരക്കാര്‍,’ ‘മാമാങ്കം’ പോലുള്ള ചിത്രങ്ങളിലാണ് പ്രതീക്ഷ,” എം സി ബോബി പറയുന്നു.

പുത്തന്‍ സാധ്യതകളുമായി ആശിര്‍വാദ്

മലയാള സിനിമയിലെ പ്രൊഡക്ഷന്‍ ഹൗസുകളില്‍ എറ്റവും മികച്ചവയില്‍ ഒന്നാണ് ആന്‍റണിപെരുമ്പാവൂരിന്‍റെ  ആശിര്‍വാദ് സിനിമാസ്. മലയാള സിനിമയുടെ വിപണി സാധ്യതകള്‍ തുറക്കുന്നതിന് ആശിര്‍വാദ് വഹിക്കുന്ന പങ്ക് ചെറുതല്ല. കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ച് നടന്ന ‘ആശിര്‍വാദത്തോടെ മോഹന്‍ലാല്‍’ എന്ന് ചടങ്ങില്‍ സിനിമ പ്രഖ്യാപനവും സിനിമാവിജയാഘോഷങ്ങളും നടന്നിരുന്നു.

ഇതില്‍ നൂറ് കോടി പ്രോജക്റ്റായ മരക്കാര്‍ അറബികടലിന്റെ സിംഹം, ലൂസിഫര്‍, ഒടിയന്‍ , മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്നിങ്ങനെ വിപണിയുടെ പുത്തന്‍ സാധ്യതകള്‍ പരിചയപ്പെടുത്തിയ നിരവധി സിനിമകള്‍ അതില്‍ ഉണ്ടായിരുന്നു.

ഇന്ത്യന്‍ സിനിമയുടെ പുതിയ വിപണന സാധ്യത തുറന്ന രാജ്യമാണ് ചൈന, ആമീര്‍ഖാന്റെ സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍, ദംഗല്‍, ബാഹുബലി തുടങ്ങി നിരവധി ചിത്രങ്ങള്‍ കൈനിറയെ പണം ചൈനയില്‍ നിന്ന് വാരി. ഇവിടെത്തെ വിപണി സാധ്യത കണ്ട് കൊണ്ട് ചൈനയിലും ഓഫീസ് തുടങ്ങിയിരിക്കുകയാണ്. മരക്കാര്‍ അറബി കടലിന്റെ സിംഹം എന്ന ചിത്രം ചൈനീസ് മൊഴിമാറ്റത്തോടെ പ്രദര്‍ശിപ്പിക്കാനും ഇന്ത്യ-ചൈന സംയുക്ത സംരഭത്തില്‍ സിനിമകള്‍ നിര്‍മ്മിക്കാനും തീരുമാനം ആയിട്ടുണ്ട്.

വിപണി വല്‍ക്കരണം മലയാള സിനിമയെ നശിപ്പിക്കുമോ ?

വിപണി സാധ്യതകള്‍ വര്‍ധിക്കുമ്പോഴും വാണിജ്യവല്‍ക്കരണം സിനിമയെ നശിപ്പിക്കുമെന്നും ഇല്ലെന്നും ഉള്ള വാദങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ ഒരേ സമയം മലയാളത്തില്‍ നിന്ന് മികച്ച കഥാമൂല്യമുള്ളവയും പരീക്ഷണ ചിത്രങ്ങളും വരുന്നുണ്ട്. ചോല, മൂത്തോന്‍ , ജെ ല്ലികെട്ട്, ആളൊരുക്കം, വെയില്‍മരങ്ങള്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ അന്താരാഷ്ട്ര ചലച്ചിത്ര വേദികളില്‍ മികച്ച അഭിപ്രായം നേടുന്നുണ്ട്.

നമ്മുടെ സിനിമകള്‍ കൂടുതലാണ്. അത്രയും സിനിമകള്‍ ഓടി ലാഭം ഉണ്ടാക്കാനുള്ള സാധ്യതകള്‍ കുറവായിരുന്നു എന്ന് മനീഷ് നാരായണന്‍ പറയുന്നു. ”ഒരാഴ്ച രണ്ടാഴ്ച ഓടുമ്പോള്‍ അടുത്ത സിനിമ വരും. മിനിമം രണ്ട് സിനിമകള്‍ വരാറുണ്ട് മലയാളത്തില്‍ നിന്ന്. കുടെ ഹിന്ദി, തമിഴ്, ഡബ്ബിംഗ് സിനിമകളും. സാറ്റ്‌ലൈറ്റ് റേറ്റിനെ മാത്രം ആശ്രയിച്ചായിരുന്നു. 150 മുതല്‍ ഇരുന്നുറ് സിനിമകള്‍ വരെ ഒരു വര്‍ഷം ഉണ്ടാവാറുണ്ട്’.


സിനിമ എപ്പോഴും ഒരു സേഫ് ഇന്‍വെസ്റ്റ്‌മെന്റ് ആണെന്ന് പറയാന്‍ കഴിഞ്ഞിരുന്നില്ല. അവിടെയാണ് ഇപ്പോള്‍ മലയാളികള്‍ ഉള്ള എല്ലായിടത്തും സിനിമ റിലീസ് ചെയ്യുന്നു എന്ന അവസ്ഥ വന്നത് എന്നും മനീഷ് പറയുന്നു.

ചെറിയ സിനിമകള്‍ക്ക് പോലും മിനിമം റിട്ടേണ്‍ കിട്ടുന്ന രീതിയില്‍ പുതിയ വിപണി സാധ്യതകള്‍ വഴി തുറക്കുന്നുണ്ട്. ഇതിന് പുറമേ ഡിജിറ്റല്‍ പ്ലാറ്റ്‌ഫേമുകളിലൂടെ പുതിയ ഒരു തരം പ്രേക്ഷകരെ കൂടി സിനിമയ്ക്ക് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതീക്ഷകളുമായി ബിഗ്ബഡ്ജറ്റ് സിനിമകള്‍

ലൂസിഫറും, മധുരരാജയും, പ്രേമവും എല്ലാം തുറന്നിട്ട വഴികളിലൂടെ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഒരുകാലത്ത് മലയാള സിനിമാ പ്രേമികള്‍ക്ക് സ്വപ്‌നം പോലും കാണാന്‍ കഴിയാത്ത ബജറ്റിലാണ് പലസിനിമകളും ഒരുങ്ങുന്നത്. മമ്മൂട്ടി നായകനാവുന്ന മാമാങ്കം, പൃഥ്വിരാജിന്റെ ആടുജീവിതം, കാളിയന്‍, മോഹന്‍ലാലിന്റെ ബറോസ്, ആയിരം കോടി രൂപ ബഡ്ജറ്റില്‍ രണ്ടാംമൂഴം, ടൊവിനോ തോമസിന്റെ ചെങ്ങഴി നമ്പ്യാര്‍ തുടങ്ങി അണിയറയില്‍ ചര്‍ച്ചയിലും റീലിസിന് കാത്തിരിക്കുന്നതുമായി നിരവധി ചിത്രങ്ങളാണ് ഉള്ളത്.

Doolnews video

അശ്വിന്‍ രാജ്

ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more