| Monday, 6th March 2023, 4:40 pm

പലരും തിരിച്ചെത്തുന്നു; അവസാന ടെസ്റ്റില്‍ പത്തൊമ്പതാം അടവ് പ്രയോഗിക്കാന്‍ ഇന്ത്യ ഒരുങ്ങിയേക്കും

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്താന്‍ ഒരുങ്ങിയെത്തിയ ഇന്ത്യയുടെ മൂര്‍ദ്ധാവില്‍ കിട്ടിയ അടിയായിരുന്നു ഇന്‍ഡോര്‍ ടെസ്റ്റിലെ തോല്‍വി. ആദ്യ രണ്ട് മത്സരത്തില്‍ ഇന്ത്യ എങ്ങനെ ഓസീസിനെ പരാജയപ്പെടുത്തിയോ അതേ നാണയത്തില്‍ നായകന്റെ ചുമതലയേറ്റ സ്റ്റീവ് സ്മിത് തിരിച്ചടിക്കുകയായിരുന്നു.

നാലാം ടെസ്റ്റിലും സ്റ്റീവ് സ്മിത് തന്നെയായിരിക്കും ഓസീസിനെ നയിക്കുക. പാറ്റ് കമ്മിന്‍സിന് ടീമിനൊപ്പം എത്തിച്ചേരാന്‍ സാധിക്കില്ല എന്ന് ഉറപ്പായതോടെയാണ് സ്മിത് വീണ്ടും ക്യാപ്റ്റന്റെ ചുമതലയേല്‍ക്കുന്നത്.

വിജയം മാത്രം ലക്ഷ്യമിട്ടാണ് ഇന്ത്യ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലേക്കിറങ്ങുന്നത്. പരമ്പര സ്വന്തമാക്കാന്‍ ഒരു സമനില മതിയാകുമെന്നാലും വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ സ്വപ്‌നം കാണുന്നില്ല.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്കൊപ്പം തന്നെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലും ഇന്ത്യ ലക്ഷ്യമിടുന്നതില്‍ തങ്ങളുടെ നൂറ് ശതമാനവും ഇന്ത്യ നാലാം ടെസ്റ്റില്‍ നല്‍കിയേക്കും.

നാലാം ടെസ്റ്റില്‍ സ്‌ക്വാഡ് ഡെപ്തിനെ വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തി ടീം തെരഞ്ഞെടുക്കാന്‍ ഇന്ത്യക്കായാല്‍ മത്സരത്തില്‍ അത് ഏറെ ഗുണം ചെയ്‌തേക്കും. സ്‌ക്വാഡിനൊപ്പമുണ്ടായിട്ടും അവസരം ലഭിക്കാതെ പോയ പലരെയും നാലാം ടെസ്റ്റില്‍ ഇന്ത്യക്ക് പരീക്ഷിക്കാനുമാകും.

ഇക്കൂട്ടത്തില്‍ പ്രധാനി കുല്‍ദീപ് യാദവാണ്. ആദ്യ മൂന്ന് ടെസ്റ്റിലും താരത്തിന് അവസരം ലഭിച്ചിരുന്നില്ല. മൂന്നാം ടെസ്റ്റില്‍ രണ്ട് പേസര്‍മാരുമായിട്ടാണ് ഇന്ത്യ ഇന്‍ഡോറിലേക്കിറങ്ങിയത്. പേസര്‍മാര്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാതിരുന്ന പിച്ചില്‍ സ്പിന്നര്‍മാരുടെ ഡോമിനേഷനായിരുന്നു.

നാലാം ടെസ്റ്റില്‍ പ്ലെയിങ് ഇലവനില്‍ ഒരു മാറ്റത്തിന് ഇന്ത്യ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഒരു പേസറെ ഒഴിവാക്കി അഡീഷണല്‍ സ്പിന്നറെ ഉള്‍പ്പെടുത്താനാകും ഒരുങ്ങുക. അങ്ങനെയെങ്കില്‍ ഗുജറാത്തില്‍ ഈ ചൈനാമാന്‍ സ്പിന്നര്‍ വിരുതുകാട്ടുമെന്നുറപ്പാണ്.

വിക്കറ്റ് കീപ്പര്‍ ബാറ്ററായ കെ.എസ്. ഭരത്തിന് പകരമായി ഇഷാന്‍ കിഷനെ ഇന്ത്യക്ക് പരീക്ഷിക്കാന്‍ സാധിക്കും. മൂന്ന് മത്സരത്തിലും കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ പോയ ഭരത്തിനെ മാറ്റിക്കൊണ്ട് ഇഷാന് ടെസ്റ്റ് ക്യാപ് നല്‍കാന്‍ സാധ്യതകളുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ആദ്യ ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുകയും ശേഷിക്കുന്ന മത്സരങ്ങളില്‍ ബെഞ്ചിലിരിക്കേണ്ടിയും വന്ന സൂര്യകുമാര്‍ യാദവും ഇന്ത്യക്ക് മുമ്പിലെ ഓപ്ഷനാണ്. മധ്യനിരയില്‍ ശ്രേയസ് അയ്യര്‍ക്ക് താളം കണ്ടെത്താന്‍ സാധിക്കാതെ വരുന്ന സാഹചര്യത്തില്‍ യാദവായിരിക്കും ഇന്ത്യക്ക് മുമ്പില്‍ ഓപ്ഷനായി ഉണ്ടാവുക.

ടെസ്റ്റില്‍ ഒറ്റ ഇന്നിങ്‌സ് മാത്രമേ താരം കളിച്ചിട്ടുള്ളുവെങ്കിലും ഷോര്‍ട്ടര്‍ ഫോര്‍മാറ്റുകളിലെ താരത്തിന്റെ ഫോം ഇവിടെയും ആവര്‍ത്തിക്കാന്‍ സാധിച്ചാല്‍ ഇന്ത്യന്‍ നിരയില്‍ അതുണ്ടാക്കുന്ന മാറ്റം വളരെ വലുതായിരിക്കും.

Content Highlight:  Changes that India can make in India v s Australia 4th test

We use cookies to give you the best possible experience. Learn more