മലയാള സിനിമക്കും ഇന്ത്യന്‍ സിനിമക്കും 2022 അവസ്മരണീയമായ വര്‍ഷമാണ്. കൊവിഡ് ദുരിതത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ സിനിമ മേഖല ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ വ്യപകമായതോടെ വലിയ ഷിഫ്റ്റിലൂടെയാണ് കടന്നു പോയത്. കൊവിഡിന് ശേഷം ഭാഷക്കതീതമായി താരങ്ങളും സിനിമകളും രാജ്യത്തിന് പുറത്തേക്കും ജനകീയമാവുന്നതും പ്രേക്ഷകര്‍ കണ്ടു.
ഇന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രിക്കും പല അതികായര്‍ക്കും 2022 ചില മറുപടികള്‍ നല്‍കാനുള്ള വര്‍ഷം കൂടിയായിരുന്നു. ഈ വര്‍ഷം ഇന്ത്യന്‍ സിനിമക്ക് വന്ന ഏറ്റവും വലിയ മാറ്റമെന്ന് ചോദിച്ചാല്‍ അത് സാന്‍ഡല്‍വുഡ് തന്നെയാണ്. തെന്നിന്ത്യയില്‍ ഇങ്ങനെ ഒരു ഇന്‍ഡസ്ട്രിയെ പറ്റി ആരും സംസാരിക്കാറില്ലായിരുന്നു, 2018 വരെ. ആ വര്‍ഷമാണ് പ്രശാന്ത് നീലും യഷും കെ.ജി.എഫുമായി ഇന്ത്യന്‍ സിനിമയിലേക്ക് എത്തുന്നത്. ആഘോഷങ്ങളോ പ്രതീക്ഷകളോ ഇല്ലാതെ, തെന്നിന്ത്യയാകെ ചിത്രം റിലീസ് ചെയ്തു. കേരളത്തില്‍ കെ.ജി.എഫിന് പോസ്റ്റര്‍ ഒട്ടിക്കാന്‍ പോലും ആളെ കിട്ടാത്ത അവസ്ഥയായിരുന്നു. ഒട്ടേറെ വിട്ടുവീഴ്ചകള്‍ക്ക് ശേഷമാണ് കെ.ജി.എഫ് കേരളത്തില്‍ റിലീസ് ചെയ്യാന്‍ തന്നെ സാധിച്ചത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. മൗത്ത് പബ്ലിസിറ്റിയിലൂടെ റോക്കി ഭായി കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തി. ചിത്രം ഇന്ത്യയാകെ ചര്‍ച്ചാവിഷയമായി. പോസ്റ്റര്‍ ഒട്ടിക്കാന്‍ പോലും ആളെ കിട്ടാതിരുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം കേരളത്തില്‍ വിതരണത്തിനെത്തിച്ചത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, ഡബ്ബ് ചെയ്യാന്‍ ലെന, മാലാ പാര്‍വതി തുടങ്ങിയ പ്രമുഖരുടെ നിര, കെ.ജിഎഫിലൂടെ കന്നഡ സിനിമ ഇന്‍ഡസ്ട്രിയുടെ നില തന്നെ മാറി.
കെ.ജി.എഫ് ടുവിന്റെ തിളക്കം മാറുന്നതിന് മുന്നേ തന്നെ അടുത്ത ഹിറ്റും കന്നഡയില്‍ നിന്നുമെത്തി. കെ.ജി.എഫ് ഒന്നാം ഭാഗം പോലെ തന്നെ ഒരു ചെറിയ സിനിമ ആയെത്തി മൗത്ത് പബ്ലിസിറ്റിയിലൂടെ തന്നെയാണ് കാന്താരയും ശ്രദ്ധ നേടിയത്. ഇന്ന് മറ്റ് തെന്നിന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രി പോലെ തന്നെ രാജ്യമാകെ നിരീക്ഷിക്കുന്ന ഇന്‍ഡസ്ട്രിയായി സാന്‍ഡല്‍വുഡും മാറി. ഗരുഡ ഗമന ഋഷഭ വാഹനയും 777 ചാര്‍ളിയും രാജ് ബി. ഷെട്ടിയും രാക്ഷിത് ഷെട്ടിയുമെല്ലാം ആ മാറ്റത്തിനും കൂടുതല്‍ ഇന്ധനം പകര്‍ന്നു. നമ്മുടെ പിന്നില്‍ മാത്രം നിന്നിരുന്ന സാന്‍ഡല്‍വുഡിന്റെ വളര്‍ച്ചയില്‍ മലയാളത്തിനും പഠിക്കാനുണ്ട്.
മുന്‍വര്‍ഷങ്ങളില്‍ വന്ന ചിത്രങ്ങള്‍ക്കൊന്നും കാര്യമായ ചലനമുണ്ടാക്കാത്തതോടെ കമല്‍ ഹാസനെ പലരും എഴുതിതള്ളിയിരുന്നു. പരിഹസിച്ചവരുടെ വായടപ്പിച്ച് വമ്പന്‍ ഹിറ്റുമായാണ് കമല്‍ 2022ല്‍ തിരിച്ചുവന്നത്. വിജയ് സേതുപതി, ഫഹദ് ഫാസില്‍, സൂര്യ മുതലായ യുവതാരങ്ങളുണ്ടായിരുന്നെങ്കിലും ഒരു 68 വയസുകാരന്റെ അഴിഞ്ഞാട്ടമായിരുന്നു ചിത്രം മുഴുവന്‍. ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും 432 കോടി നേടി ഇന്ത്യയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാവാനും വിക്രത്തിനായി.
2022ല്‍ പരാമര്‍ശിക്കേണ്ട മറ്റൊരു പേര് സൂര്യയുടേതാണ്. തെന്നിന്ത്യയിലെ മികച്ച നടനായി അറിയപ്പെടുന്നുണ്ടെങ്കിലും ഒരു നാഷ്ണല്‍ അവാര്‍ഡ് ഇല്ല എന്നതായിരുന്നു സൂര്യക്ക് മേലുണ്ടായിരുന്ന ചീത്തപേര്. സൂരരൈ പോട്ര് എന്ന ചിത്രത്തിലൂടെ ആ കുറവും അദ്ദേഹം നികത്തി. കൊവിഡ് കാലം സൂര്യ എന്ന നടന് നല്ല കാലമായിരുന്നു. സൂരരൈ പോട്രിലൂടെയും ജയ് ഭീമിലൂടെയും അദ്ദേഹം ഇന്ത്യന്‍ സിനിമയുടെ തന്നെ ചര്‍ച്ചാവിഷയമായിരുന്നു. സൂരരൈ പോട്രിലെ അഭിനയത്തിന് ഈ വര്‍ഷം അജയ് ദേവ്ഗണിനൊപ്പം സൂര്യ അവാര്‍ഡ് പങ്കിടുകയായിരുന്നു. അടുത്ത നാഷ്ണല്‍ അവാര്‍ഡ്‌സിലും ജയ് ഭീമുമായി മത്സരിക്കാന്‍ സൂര്യ മുന്‍പന്തിയില്‍ തന്നെ കാണും.
പൊന്നിയിന്‍ സെല്‍വനിലൂടെ ഈ വര്‍ഷം തന്റെ സാന്നിധ്യം മണിരത്‌നവും അറിയിച്ചിരുന്നു. ഇന്ത്യയിലെ തന്നെ മികച്ച സംവിധായകരുടെ പട്ടികയെടുത്താല്‍ അതില്‍ ആദ്യപത്തില്‍ വരുന്ന സംവിധായകനായിരിക്കും മണിരത്‌നം. എങ്കിലും 100 കോടി നേടിയ സിനിമ ഇല്ല എന്നതായിരുന്നു ചിലര്‍ എടുത്തുപറഞ്ഞ കുറവ്. അതിനുള്ള ഏറ്റവും വലിയ മറുപടിയായിരുന്നു പൊന്നിയിവന്‍ സെല്‍വന്‍. ഇതിനുമുന്നേ പല അതികായരും സിനിമയാക്കാന്‍ ശ്രമിച്ച് പിന്മാറിയ കല്‍ക്കിയുടെ നോവല്‍, ഇന്ത്യയിലെ എണ്ണം പറഞ്ഞ താരനിരയെ അണിനിരത്തി മണിരത്‌നം സഫലമാക്കി. 100 കോടി ഇല്ല എന്ന് സഹതപിച്ചവരുടെ മുന്നില്‍ 500 കോടിയാണ് മണിരത്‌നം പൊന്നിയില്‍ സെല്‍വനിലൂടെ നേടിയത്.
ഏതാണ്ട് മണിരത്‌നത്തിന്റെ അവസ്ഥയായിരുന്നു മമ്മൂട്ടിയുടേതും. പറയുമ്പോള്‍ മലയാളം ഇന്‍ഡസ്ട്രിയുടെ മുഖമാണ്. എന്നാല്‍ തിയേറ്ററില്‍ കോടികള്‍ കിലുങ്ങുന്നില്ല എന്നതായിരുന്നു ഒരു പോരായ്മയായി പലരും ഉയര്‍ത്തി കാണിച്ചത്. എന്നാല്‍ മമ്മൂട്ടി എന്ന നടനും താരവും അഴിഞ്ഞാടിയ വര്‍ഷമായി മാറി 2022. 80 കോടിയിലധികം നേടിയ ഭീഷ്മ പര്‍വ്വത്തില്‍ തുടങ്ങി സി.ബി.ഐ, പുഴു, റോഷാക്ക് എന്നീ ചിത്രങ്ങളിലൂടെ 2022 എന്ന വര്‍ഷം മമ്മൂട്ടി സ്വന്തമാക്കി.
ഓരോ സിനിമ ഇറങ്ങുമ്പോഴും തന്നിലെ താരത്തേയും അഭിനയ പ്രതിഭയേയും കാണിച്ച് ഇതുവരെ കണ്ടത് ഒന്നുമല്ല ഇനിയും കാണാനിരിക്കുന്നു എന്ന വ്യക്തമായ സന്ദേശം മമ്മൂട്ടി പ്രേക്ഷകര്‍ക്ക് നല്‍കി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍ പകല്‍ നേരത്ത് മയക്കം, ജിയോ ബേബിയുടെ കാതല്‍, ബി. ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫര്‍, തെലുങ്ക് ചിത്രം ഏജന്റ് എന്നിങ്ങനെ വരാനിരിക്കുന്ന ചിത്രങ്ങള്‍കൊണ്ടും പ്രതീക്ഷകളെ കൂട്ടുകയാണ് മമ്മൂട്ടി.
Content Highlight: changes of indian cinema in 2022